കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന്; നിയമസഭാ, സംഘടനാ തെരഞ്ഞെടുകള്‍ ചര്‍ച്ചയാകും

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന്; നിയമസഭാ, സംഘടനാ തെരഞ്ഞെടുകള്‍ ചര്‍ച്ചയാകും

ന്യുഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം യോഗത്തില്‍ തീരുമാനം ആയേക്കും.

മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം.

പൂര്‍ണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയര്‍ത്താനാണ് വിമത ഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തില്‍ നിര്‍ദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ട. അടുത്ത മാസം അംഗത്വം പുതുക്കല്‍ തുടങ്ങി അടുത്ത വര്‍ഷം ഓഗസ്റ്റോടെ പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയില്‍ സമ്മേളനങ്ങള്‍ നിശ്ചയിക്കാം എന്ന നിര്‍ദ്ദേശമാണ് നേതൃത്വത്തിനുള്ളത്. അതുവരെ സോണിയ ഗാന്ധി പ്രസിഡന്റായി തുടരട്ടെ എന്ന നിര്‍ദ്ദേശത്തെ വിമതരും എതിര്‍ക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നു.

എന്നാല്‍ സംഘടന തെരഞ്ഞെടുപ്പ് നീണ്ടാല്‍ പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ കൂട്ടായെടുക്കാന്‍ സംവിധാനം വേണം എന്ന് വിമതര്‍ നിര്‍ദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങള്‍ കോര്‍ഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിന്റെ ആവശ്യം. ഗുലാംനബി ആസാദ്, പി ചിദംബരം തുടങ്ങിയവര്‍ കൂടി ഉള്‍പ്പെട്ട കോര്‍ഗ്രൂപ്പില്‍ തീരുമാനങ്ങള്‍ വരണം എന്നാണ് നിര്‍ദ്ദേശം.

ഗുലാംനബി ആസാദ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ട് കത്ത് നല്‍കിയപ്പോഴുള്ള സ്ഥിതി മാറിയതിന്റെ ആവേശത്തിലാണ് നേതൃത്വം. ലഖിംപുര്‍ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബില്‍ സ്ഥിതി മാറിയതും പ്രവര്‍ത്തക സമിതിയില്‍ നേതൃത്വത്തിന് മേല്‍ക്കൈ നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.