അസമിലും ആക്രമണം; പാനിഗാവിലെ സെന്റ് മേരീസ് സ്‌കൂളില്‍ അതിക്രമിച്ച് കയറിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ തകര്‍ത്തു

അസമിലും ആക്രമണം; പാനിഗാവിലെ സെന്റ് മേരീസ്  സ്‌കൂളില്‍ അതിക്രമിച്ച് കയറിയ  ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ തകര്‍ത്തു

ദിസ്പൂര്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അസമിലും തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. നല്‍ബാരി പാനിഗാവിലെ സെന്റ് മേരീസ് ഇംഗ്ലീഷ് സ്‌കൂള്‍ സ്‌കൂളിലാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമണം നടത്തിയത്.

ക്രിസ്മസ് അലങ്കാരങ്ങളും നക്ഷത്രങ്ങളും അക്രമികള്‍ തകര്‍ത്തു. ക്രിസ്മസ് അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കു നേരെയും സംഘത്തിന്റെ ആക്രമണം ഉണ്ടായി. സ്‌കൂള്‍ അധികൃതരുടെ പരാതി ലഭിച്ചതായി നല്‍ബാരി എസ്.എസ്.പി ബിബേകാനന്ദ ദാസ് പറഞ്ഞു.

സ്‌കൂളിലെ ആക്രമണം കൂടാതെ ഇതേ സംഘം നല്‍ബാരിയിലെ ഒരു മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ കയറി സാന്താക്ലോസിന്റെ തൊപ്പികളും മുഖം മൂടികളും അടക്കമുള്ള ക്രിസ്മസ് ആലങ്കാര വസ്തുക്കള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായി അദേഹം പറഞ്ഞു.

ഒന്‍പത് പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും രണ്ട് സംഭവങ്ങളും ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. ആയിരം വിദ്യാത്ഥികളോളം പഠിക്കുന്ന സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. വിന്റര്‍ അവധിക്കായി സ്‌കൂള്‍ അടച്ചിരിക്കുകയായിരുന്നുവെന്ന് ബൊംഗൈഗാവ് രൂപതയിലെ ഫാ. ജെയിംസ് വടക്കേയില്‍ പറഞ്ഞു.

നേരത്തെ ഡല്‍ഹിയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ക്രസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ വാദികള്‍ അക്രമങ്ങള്‍ അഴിച്ചു വിട്ടിരുന്നു. പലയിടങ്ങളിലും ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.