ലോകത്തിൽ നിന്ന് നമ്മുടെ ദൃഷ്ടികളെ പൂർണമായി പിൻവലിപ്പിക്കുന്ന മതപരമായ നിഷ്ഠകളല്ല മറിച്ച് യേശു കണ്ടതുപോലെ കാണാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് വിശ്വാസം: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

ലോകത്തിൽ നിന്ന് നമ്മുടെ ദൃഷ്ടികളെ പൂർണമായി പിൻവലിപ്പിക്കുന്ന മതപരമായ നിഷ്ഠകളല്ല മറിച്ച് യേശു കണ്ടതുപോലെ കാണാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് വിശ്വാസം: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

Lവത്തിക്കാൻ സിറ്റി: മനുഷ്യനെയും അവൻ്റെ കഷ്ടപ്പാടുകളെയും ദൈവം കാണുന്നതുപോലെ കാണാനാണ് ക്രിസ്തീയ വിശ്വാസം നമ്മെ പഠിപ്പിക്കുന്നതെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച, വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ത്രികാലജപ പ്രാർഥനയോടനുബഡിച്ച് വചന സന്ദേശം നൽകുകയായിരുന്നു മാർപാപ്പാ.

ജന്മനാ അന്ധനായ ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തിയതിനെപ്പറ്റി പ്രതിപാദിക്കുന്ന സുവിശേഷഭാഗത്തെ (യോഹന്നാൻ 9:1- 41) ആസ്പദമാക്കിയാണ് പാപ്പാ ഈ ആഴ്ച ധ്യാനചിന്തകൾ പങ്കുവച്ചത്.
അന്ധകാരത്തിൽ കഴിഞ്ഞിരുന്ന മനുഷ്യരാശിയുടെ കണ്ണുകൾ തുറക്കാനാണ് ദൈവപുത്രൻ ആഗതനായത് എന്ന രക്ഷാകര രഹസ്യമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നതെന്ന് മാർപാപ്പ പറഞ്ഞു.

സുവിശേഷത്തിലെ അന്ധനായ മനുഷ്യനെപ്പോലെ, നാമും ജീവിതത്തിൻ്റെ ആഴമായ രഹസ്യം മനസ്സിലാക്കുന്നതിൽ അന്ധത ബാധിച്ചവരാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. നമ്മുടെ മനുഷ്യത്വത്തിന്റെ കളിമണ്ണ്, ഒരു പുതിയ വെളിച്ചം സ്വീകരിക്കാൻ പ്രാപ്തമാകുംവിധം അവിടുത്തെ കൃപയുടെ നിശ്വാസത്താൽ രൂപപ്പെടുത്താൻ വേണ്ടിയാണ് ദൈവം യേശുവില്‍ മാംസം ധരിച്ചത്. അതുവഴി നമ്മെത്തന്നെയും മറ്റുള്ളവരെയും ദൈവത്തെയും യഥാർത്ഥമായി ദർശിക്കാൻ നമുക്ക് സാധിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

വിശ്വാസം എന്നത് 'ഇരുട്ടിലേയ്ക്കുള്ള ഒരു എടുത്തുചാട്ടം' പോലെയാണ് എന്ന ചൊല്ല് മാർപാപ്പ അനുസ്മരിച്ചു. അതിൻ്റെ അർത്ഥം കണ്ണുകൾ പൂട്ടി 'അന്ധമായി വിശ്വസിക്കുക' എന്നാണ് - പാപ്പാ പറഞ്ഞു.
ക്രിസ്തുവുമായുള്ള സ്നേഹബന്ധം നമ്മുടെ കണ്ണുകൾ തുറക്കുകയും മുമ്പെങ്ങും കാണാത്തവിധം അവിടുത്തെ കണ്ണുകളിലൂടെ കാണാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

വിശ്വാസം എന്നത് യുക്തിക്ക് നിരക്കാത്ത തരത്തിലുള്ള ഒരു അന്ധമായ പ്രവൃത്തിയല്ല. ലോകത്തിൽനിന്ന് നമ്മുടെ ദൃഷ്ടികളെ പൂർണ്ണമായി പിൻവലിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന മതപരമായ ചില നിഷ്ഠകളുമല്ല. നേരെ മറിച്ച്, യേശു കണ്ടതുപോലെ അവിടുത്തെ കണ്ണുകളിലൂടെ ലോകത്തെ കാണാൻ വിശ്വാസം നമ്മെ സഹായിക്കുന്നു - പരിശുദ്ധ പിതാവ് വ്യക്തമാക്കി.

മറ്റുള്ളവരുടെ ക്ലേശങ്ങളും മനുഷ്യത്വത്തെ മുറിപ്പെടുത്തുന്ന സഹനങ്ങളും കാണാൻ തക്കവിധം കണ്ണുകൾ തുറക്കണമെന്ന് മാർപാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നമുക്കുചുറ്റും അനീതിയും അക്രമവും ക്ലേശങ്ങളും നടമാടുമ്പോഴും ജാഗ്രതയോടെ പ്രവാചകതുല്യമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നവരായി ക്രിസ്ത്യാനികൾ മാറണമെന്ന് പാപ്പാ ഓർമിപ്പിച്ചു.

ലോകത്തിൽ വ്യാപിച്ചിരിക്കുന്ന അന്ധകാരത്തെ നോക്കിക്കാണാനും സുവിശേഷം പകർന്നുനൽകുന്ന വെളിച്ചത്തിലേക്ക് മറ്റുള്ളവരെ കൂട്ടിക്കൊണ്ടുവരാനും സമാധാനത്തിനും നീതിക്കും ഐക്യത്തിനും വേണ്ടി പ്രതിബദ്ധതയോടെ പ്രവർത്തിക്കാനും നമ്മുടെ വിശ്വാസത്താൽ നമുക്ക് കഴിയണം.
ധൈര്യത്തോടും ലാളിത്യത്തോടും കൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്‌ഥ്യത്തിലൂടെ അവിടുന്ന് നമ്മുടെ ഹൃദയങ്ങൾ തുറക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.