ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കാതെ കേന്ദ്ര സര്‍ക്കാര്‍ നഗ്‌നമായ വാഗ്ദാന ലംഘനവും വഞ്ചനയും നടത്തുകയാണെന്ന ആരോപണവുമായി സിജെപി. വിദ്യാര്‍ഥികളുടെ സംയമനത്തെയും ക്ഷമയെയും സര്‍ക്കാരിനോടുള്ള കീഴടങ്ങലായി കാണരുതെന്നും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഉടന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സിജെപി വക്താവ് സൗരവ് ദാസ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
സമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് കേന്ദ്ര നിലപാടിനെതിരെ സൗരവ് ദാസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ ഒരൊറ്റ ഉത്തരവിലൂടെ റദ്ദാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ഇതിനായി കേസുകളുടെയും എഫ്.ഐ.ആറുകളുടെയും പട്ടിക മൂന്ന് തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ആവശ്യപ്പെട്ടിട്ടും കേസുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ മനപൂര്‍വം വിമുഖത കാണിക്കുകയാണെന്ന് അദേഹം ആരോപിച്ചു.
വിദ്യാര്‍ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാമെന്നും അച്ചടക്ക നടപടികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കാമെന്നും ഇരയായ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്മേലാണ് ജൂലൈ 25 ന് ജന്തര്‍ മന്തറിലെ സമരം പിന്‍വലിച്ചത്. എന്നാല്‍ സമരം അവസാനിച്ചതോടെ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണ്. രാജ്യത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഭാവിവെച്ച് കളിക്കാനും അവരുടെ വിശ്വാസം തകര്‍ക്കാനും അനുവദിക്കില്ലെന്നും സിജെപി വ്യക്തമാക്കി.
ഇതുവരെ പൂര്‍ണ വിശ്വാസത്തോടെയും ക്ഷമയോടെയുമാണ് ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ ആ ക്ഷമ നശിക്കുകയാണ്. രണ്ട് ദിവസത്തിനകം തുടര്‍ നടപടികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.