ആകാശത്തിനും അതിര്‍ത്തിക്കും സ്വന്തം കരുത്ത്: 3,070 കോടിയുടെ തദേശീയ ആയുധ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ; ചൈനയ്ക്കും പാകിസ്ഥാനും ശക്തമായ മുന്നറിയിപ്പ്

ആകാശത്തിനും അതിര്‍ത്തിക്കും സ്വന്തം കരുത്ത്: 3,070 കോടിയുടെ തദേശീയ ആയുധ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ; ചൈനയ്ക്കും പാകിസ്ഥാനും ശക്തമായ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ആയുധങ്ങള്‍ക്കും പ്രതിരോധ സാമഗ്രികള്‍ക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന കാലഘട്ടത്തിന് വിരാമമിട്ട് സ്വന്തം മണ്ണില്‍ ശക്തി പ്രാപിക്കുകയാണ് ഇന്ത്യന്‍ പ്രതിരോധ മേഖല. ആഭ്യന്തര നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 405 പ്രതിരോധ ഉപകരണങ്ങളുടെ ആറാമത് പോസിറ്റീവ് ഇന്‍ഡിജനൈസേഷന്‍ ലിസ്റ്റ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഏകദേശം 3,070 കോടി രൂപയുടെ വ്യവസായ സാധ്യതകള്‍ തുറന്ന് നല്‍കുന്ന ഈ നീക്കം, രാജ്യത്തിന്റെ പ്രതിരോധ നവീകരണ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറും.

സബ് സിസ്റ്റങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ ഇനി മുതല്‍ തദേശീയമായി നിര്‍മിക്കുന്നതോടെ വിദേശ ഏജന്‍സികള്‍ക്ക് മേലുള്ള ആശ്രയത്വം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെയും നാവികസേനയുടെയും മുന്‍നിര യുദ്ധ വിമാനങ്ങളായ തേജസ്, സുഖോയ്-30 എംകെI എന്നിവയ്ക്കുള്ള ഘടകങ്ങളും അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ എന്നിവയുടെ നിര്‍ണായക ഭാഗങ്ങളും ഇനി ഇന്ത്യന്‍ മണ്ണില്‍ തന്നെ തയ്യാറാകും.

കരസേനയുടെ കരുത്തായ ടി-72, ടി-90 ടാങ്കുകള്‍, ബി.എം.പി-II ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങള്‍ എന്നിവയ്ക്കുള്ള അനുബന്ധ ഭാഗങ്ങളും യുദ്ധക്കപ്പലുകള്‍, മിസൈല്‍ സംവിധാനങ്ങള്‍, റഡാറുകള്‍, സോണാറുകള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും തദേശീയമായി വികസിപ്പിക്കുന്ന വ്യവസ്ഥയാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൊത്തം ഉപകരണങ്ങളില്‍ 389 എണ്ണം പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങള്‍ക്കും 16 എണ്ണം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനുമായാണ് വീതിച്ചിരിക്കുന്നത്.

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിര്‍മാണ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ തദേശീയ വ്യാവസായിക മേഖലയ്ക്ക് വന്‍ കുതിച്ചുചാട്ടമുണ്ടാകും. സ്രിജന്‍ (SRIJAN) പോര്‍ട്ടല്‍ വഴി വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് ഇതിനാവശ്യമായ വിവരങ്ങളും സമയക്രമവും തടസമില്ലാതെ ലഭ്യമാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15,700 ല്‍ അധികം പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിച്ച് 9,000 കോടിയോളം രൂപയുടെ ഇറക്കുമതി ലാഭിക്കാന്‍ സ്രിജന്‍ പോര്‍ട്ടല്‍ വഴി സാധിച്ചിട്ടുണ്ടെന്നത് ഈ പദ്ധതിയുടെ വിജയം തെളിയിക്കുന്നു.
തദേശീയ സാങ്കേതിക വിദ്യയില്‍ ലോകോത്തര നിലവാരമുള്ള ആയുധ ശേഖരം കെട്ടിപ്പടുക്കുന്നതോടെ മെയ്ഡ് ഇന്‍ ഇന്ത്യ പ്രതിരോധ രംഗം കൂടുതല്‍ സുശക്തമാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.