തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം ഓഗസ്റ്റ് 19 മുതല്‍ ആരംഭിക്കും. സാധാരണമായി മാസത്തില്‍ 25-ാം തിയതിയോടെ ആരംഭിക്കുന്ന പെന്‍ഷന്‍ വിതരണം ഓണം പ്രമാണിച്ചാണ് നേരത്തെയാക്കിയത്. ഇതിനായി ആകെ 1,105 കോടി രൂപ അനുവദിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി 630.05 കോടി രൂപയുടെ ഓണം ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാന്‍സും ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3,000 രൂപ ഉത്സവബത്തയായി നല്‍കും. പാര്‍ട്ട്ടൈം താല്‍കാലിക ജീവനക്കാര്‍ക്ക് 6,000 രൂപ അഡ്വാന്‍സ് ലഭിക്കും.
ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1,450 രൂപയും സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപയും ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ പിന്നാക്ക വിഭാഗക്കാരുടെ സ്‌കോളര്‍ഷിപ്പ് കുടിശിക തീര്‍ക്കുന്നതിനായി 310 കോടി രൂപയും അനുവദിച്ചു.
100 പ്രവൃത്തിദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 3.68 ലക്ഷം തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങള്‍ക്ക് 1,200 രൂപവീതം ഓണം ബത്ത നല്‍കുന്നതിനായി 44.24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 70,800 തൊഴിലാളികള്‍ക്കും 1,200 രൂപ വീതം ലഭിക്കും. സ്‌കൂള്‍ പാചക തൊഴിലാളികളുടെ വര്‍ധിപ്പിച്ച വേതനമുള്‍പ്പെടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാന്‍ 44 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 6,07,650 കിറ്റുകളാണ് വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3,06,092 കിറ്റുകള്‍ ഇതിനോടകം റേഷന്‍ കടകളിലെത്തിച്ച് കഴിഞ്ഞു. ഓണക്കിറ്റുകള്‍ നല്‍കുന്നില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ആവശ്യമായ 5,93,000 കിറ്റുകളേക്കാള്‍ കൂടുതല്‍ സ്റ്റോക്ക് നിലവിലുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ 75,885 കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ കൈപ്പറ്റിക്കഴിഞ്ഞു. ഓണാഘോഷങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൃത്യസമയത്ത് തന്നെ അര്‍ഹരായവരിലേക്ക് കിറ്റുകള്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.