ഓസ്‌ട്രേലിയയുടെ അത്യാധുനിക ഐസ് ബ്രേക്കര്‍ കപ്പലിന് കന്നിയോട്ടത്തില്‍ തകരാര്‍

ഓസ്‌ട്രേലിയയുടെ അത്യാധുനിക ഐസ് ബ്രേക്കര്‍ കപ്പലിന് കന്നിയോട്ടത്തില്‍ തകരാര്‍

ഹോബാര്‍ട്ട്: ഓസ്‌ട്രേലിയയുടെ ഏറ്റവും പുതിയ അത്യാധുനിക ഐസ് ബ്രേക്കര്‍ കപ്പലായ നുയിനയ്ക്ക് കന്നിയോട്ടത്തില്‍ തകരാര്‍. നെതര്‍ലാന്‍ഡില്‍നിന്നുള്ള ആറാഴ്ചത്തെ യാത്ര പൂര്‍ത്തിയാക്കി നുയിന ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ടാസ്മാനിയയിലെ ഹോബാര്‍ട്ട് തുറമുഖത്ത് പ്രവേശിച്ചപ്പോഴാണ് തകരാര്‍ സംഭവിച്ചത്. അന്റാര്‍ട്ടിക്കയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍.എസ്.വി നുയിന നിര്‍മിച്ചത്.

റൊമാനിയയിലായിരുന്നു കപ്പലിന്റെ നിര്‍മാണം. നെതര്‍ലാന്‍ഡില്‍ അവസാന ടെസ്റ്റും കഴിഞ്ഞ് ആറ് ആഴ്ചത്തെ യാത്ര (24,000 കിലോമീറ്റര്‍ ദൂരം) പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച രാവിലെ ഹോബാര്‍ട്ട് തുറമുഖത്ത് എത്തിയത്.

തുറമുഖത്തിനു സമീപം എത്തിയപ്പോഴാണ് വെള്ളിയാഴ്ച രാത്രി കപ്പലിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചത്. പ്രശ്‌നം പരിഹരിച്ചശേഷം, ശനിയാഴ്ച രാവിലെ കപ്പല്‍ സുരക്ഷിതമായി തുറമുഖത്തേക്ക് അടുപ്പിക്കുകയായിരുന്നു.

528 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് 160 മീറ്റര്‍ നീളമുള്ള ഐസ് ബ്രേക്കര്‍ കപ്പല്‍ നിര്‍മിച്ചത്. അന്റാര്‍ട്ടിക്കയിലെ പര്യവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക്ക് ഡിവിഷന്റെ (എഎഡി) കീഴിലാണ് കപ്പല്‍ പ്രവര്‍ത്തിക്കുക. 117 പര്യവേഷകരെ വഹിക്കാന്‍ ഈ കപ്പലിനു ശേഷിയുണ്ട്.

അതേസമയം തകരാര്‍ കപ്പലിനെ ഗുരുതരമായി ബാധിച്ചിട്ടില്ലെന്നും പ്രവര്‍ത്തനസജ്ജമാണെന്നും ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക്ക് ഡിവിഷന്‍ വക്താവ് അറിയിച്ചു.

നിര്‍മാണം ആരംഭിച്ചതു മുതല്‍ ഐസ് ബ്രേക്കര്‍ കപ്പലിന് നിരവധി പ്രതിസന്ധികളാണ് നേരിട്ടത്.
നിര്‍മ്മാണത്തിലെ കാലതാമസവും കോവിഡ് യാത്രാ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വര്‍ഷം ടാസ്മാനിയയില്‍ എത്തുമെന്നു കരുതിയ കപ്പലിന് ഇപ്പോഴാണ് എത്തിച്ചേരാനായത്.

10 വര്‍ഷമെടുത്താണ് കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് നൂയിന. അന്റാര്‍ട്ടിക്കയിലെ ഗവേഷണം, സമുദ്ര ഗവേഷണം, കാലാവസ്ഥാ ഗവേഷണം എന്നിവയ്ക്ക് ഊര്‍ജം പകരാന്‍ ഈ അത്യാധുനിക കപ്പലിനു സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഡിസംബറില്‍ അന്റാര്‍ട്ടിക്കയിലെ ശാസ്ത്ര ദൗത്യം ആരംഭിക്കുന്നതിനു മുന്നോടിയായി കപ്പലിനെ കൂടുതല്‍ പരിശോധനയ്ക്കും അന്റാര്‍ട്ടിക്കയിലെ മീറ്ററുകള്‍ കനമുള്ള മഞ്ഞുപാളികളിലൂടെയുള്ള യാത്രാ പരീക്ഷണങ്ങള്‍ക്കും വിധേയമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.