അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 30
സ്‌പെയിനിലെ സെഗോവിയ എന്ന സ്ഥലത്ത് ഒരു കുടുംബത്തിലെ പതിനൊന്ന് മക്കളില്‍ മൂന്നാമനായി 1531 ലാണ് അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. പിതാവ് ഒരു കമ്പിളി വ്യാപാരിയായിരുന്നു. അല്‍ഫോണ്‍സസിന് പതിനൊന്നു വയസായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെ അല്‍കാലയിലെ ഒരു ജെസ്യൂട്ട് കോളജിലേക്കയച്ചു.
എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം പിതാവ് മരിച്ചപ്പോള്‍ കുടുംബ ബിസിനസ് നടത്തുന്നതിന് അമ്മയെ സഹായിക്കാന്‍ അദ്ദേഹം തിരികെ പോയി. സഹോദരന്‍ കോളജില്‍ തുടര്‍ന്നു. 1557 ല്‍ അല്‍ഫോണ്‍സസ് വിവാഹിതനായി. അവര്‍ക്ക് ഒരു പെണ്‍കുട്ടിയും രണ്ടു ആണ്‍കുട്ടികളും ജനിച്ചു.
എന്നാല്‍ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം വിഭാര്യനായ അദ്ദേഹം ജീവിതത്തില്‍ നേരിട്ട ദുരിതങ്ങള്‍ തന്റെ പാപങ്ങള്‍ മൂലമാണ് വന്നതെന്ന് വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും ചെയ്യുന്നതിനെക്കാള്‍ ഈ ലോകത്തില്‍ തന്നെ നാരകീയ പീഡനങ്ങള്‍ സഹിക്കുവാനാണിഷ്ടം എന്നദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
ദൈവേഷ്ടത്തിനായി അദ്ദേഹം തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിന് ശേഷം പാപ പരിഹാരത്തിനു വേണ്ടിയുള്ള ജീവിതമാണ് നയിച്ചിരുന്നത്. വൈകാതെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. തന്നോടൊപ്പമുണ്ടായിരുന്ന മകന്റെയും മരണത്തോടെ അല്‍ഫോണ്‍സസ് സെഗോവിയ ഉപേക്ഷിച്ച് വലെന്‍സിയായിലേക്ക് പോയി.
അവിടെ വച്ച് മുന്‍പ് സെഗോവിയായില്‍ താന്‍ വളരെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിട്ടുള്ള ഒരു ജെസ്യൂട്ട് സന്യാസിയെ കാണുകയും അവിടെ താമസിക്കുകയും ചെയ്തു. ഈ പുരോഹിതന്‍ ദൈവ സ്‌നേഹത്തില്‍ ആത്മവിശ്വാസം നേടുന്നതിനായി അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിന് 38 വയസായപ്പോള്‍ തന്നെയും ജെസ്യൂട്ട് സഭയില്‍ ചേര്‍ക്കണമെന്നപേക്ഷിച്ചു. എന്നാല്‍ മതിയായ നിര്‍ദ്ദേശങ്ങളില്ല എന്ന കാരണത്താലും മോശം ആരോഗ്യസ്ഥിതി മൂലവും പ്രവേശനം നിഷേധിച്ചു.
രണ്ട് വര്‍ഷത്തോളം അല്‍ഫോണ്‍സസ് രണ്ട് കുടുംബങ്ങളിലെ കുട്ടികളുടെ ആചാര്യനായി ജോലി ചെയ്തു. പിന്നീട് സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കുകയും അങ്ങനെ അദ്ദേഹത്തിന് ജെസ്യൂട്ട് സന്യാസ സഭയില്‍ പ്രവേശനം ലഭിക്കുകയും ചെയ്തു. തന്റെ മതപരമായ ജീവിതം മുഖ്യമായും അദ്ദേഹം ചിലവിട്ടത് മജോര്‍ക്കാ ദ്വീപിലെ ഒരു ജെസ്യൂട്ട് കോളജിലെ ചുമട്ടുകാരനായിട്ടാണ്. സ്വതസിദ്ധമായ പൂര്‍ണ എളിമയിലും ദൈവ സ്‌നേഹത്തിലും ജീവിച്ച അല്‍ഫോണ്‍സസിന്റെ ആത്മീയ ജീവിതമാകട്ടെ മാനസിക പീഡനങ്ങളുടേതായിരുന്നു.
പല തരത്തിലുള്ള രോഗങ്ങളാലും മറ്റും അദ്ദേഹത്തിന്റെ ജീവിതം നരക തുല്ല്യമായിട്ടും തന്റെ പ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ടു പോയില്ല. 1591 ല്‍ 60 വയസായപ്പോള്‍ ആണ് ഒരു കട്ടിലില്‍ കിടക്കാനുള്ള അനുവാദം പോലും കിട്ടിയത്. അതുവരെ അദ്ദേഹം കസേരയിലും മേശയിലുമായിട്ടാണ് ഉറങ്ങിയിരുന്നത്.
പ്രായമായ വൈദികര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന കാണുവാനുള്ള ഒരു പള്ളിയില്‍ അതിനിടെ അദ്ദേഹം സേവനത്തിലേര്‍പ്പെട്ടു. അവിടെ വച്ച് അവര്‍ തങ്ങളുടെ ജീവചരിത്രം എഴുതുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അങ്ങനെ 1604 ല്‍ ഒരു മടിയും കൂടാതെ അല്‍ഫോണ്‍സസ് ആ ജോലി ആരംഭിച്ചു. പുതിയ മേലധികാരി തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹത്തെ പലപ്പോഴും ശിക്ഷിച്ചെങ്കിലും അതെല്ലാം തന്റെ സഹനത്തിന്റെ ഭാഗമായി അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.
''എന്റെ മുന്നിലുള്ള ഈ ബുദ്ധിമുട്ടുകളില്‍ എന്തുകൊണ്ട് ഞാന്‍ ഒരു കഴുതയെപോലെ പെരുമാറികൂടാ? തന്നെ കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാല്‍ കഴുത ഒന്നും പറയുകയില്ല. ആരെങ്കിലും ഉപദ്രവിച്ചാല്‍ അവന്‍ തിരിച്ചൊന്നും ചെയ്യില്ല. ആരെങ്കിലും അവഗണിച്ചാല്‍ കഴുതയ്ക്ക് പരിഭവമില്ല. ആരെങ്കിലും ഭക്ഷണം കൊടുക്കാതിരുന്നാല്‍ അവന്‍ ഒന്നും പറയില്ല. അവനെ ആരെങ്കിലും നിന്ദിച്ചാല്‍ മറുത്തൊന്നും പറയില്ല'' - ഇതായിരുന്നു തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം താന്‍ നേരിട്ട സഹനങ്ങളെപ്പറ്റി പ്രതികരിച്ചത്.
1617 ലാണ് അല്‍ഫോണ്‍സസ് റോഡ്രിഗസ് മരണമടഞ്ഞത്. ഇതിനോടകം തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ഒരു വിശുദ്ധന്‍ എന്ന നിലയില്‍ കാണുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. 1825 ല്‍ അല്‍ഫോണ്‍സസ് വിശുദ്ധന്‍മാരുടെ പട്ടികയിലേക്ക് നാമകരണം ചെയ്യപ്പെട്ടു. 1888 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന്റെ പേരിലുള്ള അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിക്കുകയും വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ആര്‍ത്തെമാസ്
2. മോന്താവിലെ ഡോറോത്തി
3. പോന്തൂസിലെ ആസ്റ്റേരിയൂസ്
4. സ്‌പെയിനിലെ ലെയോനില്‍ വച്ചു രക്തസാക്ഷിത്വം വരിച്ച ക്ലാവുഡിയൂസ്, ലുപ്പേര്‍ക്കുസ്, വിക്ടോരിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.