ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളുടെ പുനഃരുപയോഗം എങ്ങനെ; തലപുകച്ച് ഓസ്‌ട്രേലിയ

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളുടെ പുനഃരുപയോഗം എങ്ങനെ; തലപുകച്ച് ഓസ്‌ട്രേലിയ

സിഡ്നി: ഓസ്ട്രേലിയയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായി തുടങ്ങുന്നതേ ഉള്ളുവെങ്കിലും ഇതുണ്ടാക്കുന്ന മാലിന്യപ്രശ്നം മറികടക്കാനുള്ള വഴികള്‍ തേടുകയാണ് ബഹുരാഷ്ട്ര കമ്പനികള്‍. ഇലക്ട്രിക് കാറുകളിലെ ബാറ്ററികളും വീടുകളില്‍ ഉപയോഗിക്കുന്ന ഇന്‍വര്‍ട്ടര്‍ ബാറ്ററികളും ഉണ്ടാക്കുന്ന മാലിന്യ പ്രശ്നമാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇത്തരം ബാറ്ററികളുടെ പുനഃരുപയോഗ സാധ്യതകളാണ് ബഹുരാഷ്ട്ര വാഹന നിര്‍മാതാക്കളും ബാറ്ററ്റി ഉല്‍പാദകരും പ്രധാനമായും പരിശോധിക്കുന്നത്. ഇത്തരം ബാറ്റികളുടെ പുനഃരുപയോഗം സംബന്ധിച്ച് ഒരു ദേശീയ നയം തന്നെ രാജ്യത്തു വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഇന്‍വര്‍ട്ടര്‍ ബാറ്ററികളിലെ പ്രമുഖരായ എല്‍.ജി എനര്‍ജി സൊല്യുന്‍സ് അടുത്തിടെ 5000 യൂണിറ്റ് ബാറ്ററികളാണ് തിരിച്ചുവിളിച്ചത്. അമിതമായി ചൂടാകുന്നുവെന്നും തീപിടിക്കാന്‍ സാധ്യയുണ്ടെന്നുമുള്ള ആശങ്കകളെ തുടര്‍ന്നാണ് ബാറ്ററികള്‍ തിരിച്ചുവിളിച്ചത്.

വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ 1000 ഇലക്ട്രിക് കാറുകളിലെ ബാറ്ററികള്‍ ഓസ്ട്രേലിയന്‍ വിപണിയില്‍നിന്നു തിരിച്ചുവിളിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുമെന്നും കാറുകള്‍ക്കു തീപിടിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള മുന്നറിപ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം.


തിരിച്ചുവിളിച്ച ഹ്യുണ്ടായ് ഇലക്ട്രിക് കാറില്‍നിന്നുള്ള ബാറ്ററി

തിരികെ വിളിച്ച ഈ ബാറ്ററികള്‍ മെല്‍ബണില്‍ റീ സൈക്കിള്‍ ചെയ്യുകയാണെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമമായ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള ലിഥിയം അയണ്‍ ബാറ്ററികള്‍ സുരക്ഷിതമല്ലാതെ സൂക്ഷിച്ചാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്നും ഇവയില്‍ വിഷാംശമടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇതു പരിസ്ഥിതിക്ക് അപകടകരമാണെന്നുമാണ് റീസൈക്കിള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇത്തരം ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യുക എന്നത് ഓസ്‌ട്രേലിയയിലെ റീസൈക്ലിംഗ് വ്യവസായത്തിന് പുതിയതും സങ്കീര്‍ണവുമായ ജോലിയാണ്.

രാജ്യത്ത് വാഹനങ്ങളിലും വീടുകളിലും ബാറ്ററി വിപ്ലവം തുടങ്ങിയിട്ടേയുള്ളുവെങ്കിലും ഭാവിയില്‍ ഇത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന ഉയരുന്നതോടെയും ഹോം ഇന്‍വര്‍ട്ടറുകള്‍ വ്യാപകമാകുന്നതോടെയും ഇത്തരം ഉപയോഗശൂന്യമായ ബാറ്ററികളുടെ എണ്ണം വര്‍ധക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഈ ബാറ്ററി മാലിന്യങ്ങള്‍ വരും വര്‍ഷങ്ങളില്‍ വലിയ വെല്ലുവിളിയാകും. നിലവില്‍ ഈ പരിസ്ഥിതി മലിനീകരണം നേരിടുന്നതു സംബന്ധിച്ച നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. ബാറ്ററി ഉപയോക്താക്കളും ബഹുരാഷ്ട്ര കമ്പനികളും ഇത്തരം ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ ഒരു ദേശീയ നയം രൂപീകരിക്കമെന്നാണ് അഭിപ്രായമുയരുന്നത്.

ഹ്യുണ്ടായുടെ ഇലക്ട്രിക് വാഹനങ്ങളായ കോന, അയോണിക് എന്നിവയിലെ ബാറ്ററികളാണ് തിരിച്ചുവിളിച്ചത്. ഇത് മെല്‍ബണിലെ ഇക്കോ ബാറ്റ് എന്ന റീ സൈക്ലിംഗ് യൂണിറ്റിലേക്കാണു മാറ്റിയത്. ഇവിടെ എങ്ങനെയാണ് ഉപയോഗശൂന്യമായ ബാറ്ററികള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ചിത്രങ്ങളും എബിസി പുറത്തുവിട്ടിട്ടുണ്ട്.


മിത്സുബിഷി ഹൈബ്രിഡ് ഇലക്ട്രിക് കാറിനുള്ളില്‍ നിന്നുള്ള ബാറ്ററി മെല്‍ബണിലെ ഇക്കോ ബാറ്റ് റീ സൈക്ലിംഗ് യൂണിറ്റില്‍ ജീവനക്കാര്‍ കൈകാര്യം ചെയ്യുന്നു.

ഇക്കോ ബാറ്റ് വര്‍ഷങ്ങളായി ഇലക്ട്രിക് വീട്ടുപകരണങ്ങളാണ് റീസൈക്കിള്‍ ചെയ്യുന്നത്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളിലെ ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യുകയെന്നത് പുതിയ ജോലിയാണെന്ന് ഓപ്പറേഷന്‍ മാനേജര്‍ ജേസണ്‍ സോര്‍സുട്ട് വിശദീകരിച്ചു.

ലിഥിയം ബാറ്ററികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഇവയുടെ വലിപ്പക്കൂടുതലാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്. റീസൈക്കിള്‍ ചെയ്യാന്‍ ഇവ കൊണ്ടുവരുമ്പോള്‍ ഗണ്യമായ അളവില്‍ ഊര്‍ജം അവശേഷിച്ചിട്ടുണ്ടാകും. ലിഥിയം-അയണ്‍ ബാറ്ററികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും വൈദ്യുതാഘാതം ഏല്‍ക്കാനുമുള്ള സാധ്യത ഏറെയാണ്. ലിഥിയം ബാറ്ററിയില്‍ തീ കെടുത്താന്‍ പ്രയാസമാണ്-ജേസണ്‍ സോര്‍സുട്ട് പറഞ്ഞു.

ലിഥിയം അയണ്‍ ബാറ്ററിയില്‍ ചോര്‍ച്ച ഉണ്ടായാല്‍ വായുവിലോ ഈര്‍പ്പത്തിലോ പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രോഫ്‌ളൂറിക് ആസിഡ് ഉത്പാദിപ്പിക്കും. ഹൈഡ്രോഫ്‌ളൂറിക് ആസിഡ് വിഷമയമായതും കണ്ണുകളെയും ശ്വാസകോശങ്ങളെയും ബാധിക്കുന്നതുമാണ്.

ഓസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 31,000 ഹോം ബാറ്ററി യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം, വിറ്റഴിച്ച ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 6,000-ല്‍ കുറവായിരുന്നു. ഇവയ്ക്കുള്ളിലെ മിക്ക ബാറ്ററികള്‍ക്കും അഞ്ച് മുതല്‍ 10 വര്‍ഷം വരെയാണ് ആയുസ് പ്രതീക്ഷിക്കുന്നത്. സാങ്കേതികവിദ്യ മെച്ചപ്പെടുന്നതിനനുസരിച്ച് ബാറ്ററികളുടെ ആയുസ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഓസ്ട്രേലിയയില്‍ 2036 ആകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം മാത്രം 180,000 ടണ്ണിലെത്തുമെന്നാണ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.