തിരുവനന്തപുരം: കേരളത്തിന് ഇന്ന് 65ാം പിറന്നാള്‍. നേട്ടങ്ങളും കോട്ടങ്ങളും ഒപ്പം വെല്ലുവിളികളും നിറഞ്ഞ വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് കേരളം ഇന്ന്. ഏത് പ്രതിസന്ധി ഘട്ടത്തെയും പോരാടി വിജയിച്ച കേരള ജനതയ്ക്ക് ഇത് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാര്‍ഷികമാണ്.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു മലയാളികള്‍. 1947ല്‍ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് അഞ്ച് ജില്ലകളെ കോര്‍ത്തിണക്കിയുള്ള ഐക്യ കേരളത്തിന്റെ പിറവി. അങ്ങനെ 1956 നവംബര്‍ ഒന്നിന് കേരളം യാഥാര്‍ത്ഥ്യമായി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍.
മലയോരവും തീരവും ഇടനാടും ചേര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായി മാറി നമ്മുടെ കേരളം. പാരിസ്ഥികമായും സാമൂഹികമായും ഒരുപടി മുന്‍പില്‍ തന്നെയാണെന്ന് മലയാളികള്‍ക്ക് എന്നും അവകാശപ്പെടാവുന്ന കേരളം.
പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ കാടും പുഴകളും നദികളും കൊണ്ട് സമ്പന്നമാണ്. മാത്രമല്ല മനുഷ്യര്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ ഒരു കാലാവസ്ഥയും നമ്മുടെ കൊച്ചു കേരളത്തിനുണ്ടായിരുന്നു. ഇന്ന് അവള്‍ കലിപൂണ്ട് നില്‍ക്കുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ പ്രവര്‍ത്തി ദോഷം ഒന്നുകൊണ്ട് മാത്രമാണ്.
ഭാഷാ സംസ്ഥാനങ്ങള്‍ക്കായി ഇന്ത്യയില്‍ പലയിടത്തും പോരാട്ടങ്ങളും അരങ്ങേറിയിരുന്നു. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു കേരളപ്പിറവി. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരള സംസ്ഥാന രൂപവല്‍ക്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുനസംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. നവംബര്‍ ഒന്നിന് പഴയ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നു വിരമിച്ചു.
ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭ എന്ന റെക്കോര്‍ഡ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ലഭിച്ചു. പിന്നീട് സംഭവ ബഹുലമായ അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെയാണ് കേരളം കടന്നുപോയത്.
സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. പരിഷ്‌കരണത്തിന്റെ പേരില്‍ വീതം വയ്ക്കപ്പെട്ട ഭൂമിയില്‍ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം.
മാറിമാറി വന്ന സര്‍ക്കാരുകള്‍ നയങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിയുടെ അവകാശത്തിനായി വനവാസികളടക്കമുളളവരുടെ പോര് ഇന്നും തുടരുന്നു. സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാക്കാനും അന്നും ഇന്നും മലയാളികള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു സത്യമാണ്.
നിഷേധാത്മക സമീപനങ്ങള്‍ വ്യാവസായിക മേഖലയ്ക്ക് വിഘാതമായപ്പോള്‍ മലയാളി ആശ്രയിച്ചത് പ്രവാസജീവിതത്തെ. അതാകട്ടെ നമുക്ക് സമ്മാനിച്ചത് പുതിയ സാമൂഹിക സാമ്പത്തിക ഘടനയും. അഞ്ചു ജില്ലകള്‍ മാത്രമായാണ് കേരളസംസ്ഥാനം രൂപം കൊണ്ടതെങ്കിലും ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഓരോ ജില്ലകള്‍ക്കും അതിന്റേതായ പ്രത്യേകതയുമുണ്ട്.
കോവിഡ് മഹാമാരി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ നല്ലൊരു നാളേക്കായി പ്രാര്‍ത്ഥനയോടെ സാമൂഹിക അകലം പാലിച്ച് നമ്മുക്ക് കേരളപ്പിറവി ആഘോഷിക്കാം. എല്ലാ മലയാളികള്‍ക്കും സീന്യൂസ് ടീമിന്റെ കേരളപ്പിറവി ആശംസകള്‍...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.