വത്തിക്കാൻ സിറ്റി: ദൈവത്തിൽനിന്ന് നമുക്കു ലഭിച്ച ദാനങ്ങൾ ഉപയോഗിച്ച് കൂടുതൽ നീതിയും ന്യായവും ഉറപ്പാക്കുന്ന ഒരു ലോകം പടുത്തുയർത്തണമെന്ന് ഓർമപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. നമുക്കുള്ള ഭൗതിക വസ്തുക്കളും നമ്മുടെ ജീവൻ തന്നെയും നാം എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
ഞായറാഴ്ച മധ്യാഹ്ന പ്രാർഥനയ്ക്ക് ഒരുക്കമായി നൽകിയ വചന സന്ദേശത്തിൽ, സുവിശേഷത്തിലെ നീതിരഹിതനായ കാര്യസ്ഥന്റെ ഉപമയെക്കുറിച്ച് (ലൂക്കാ 16:1-13) വിശദീകരിക്കവെയാണ് പാപ്പാ ഈ കാര്യങ്ങൾ പറഞ്ഞത്. നമ്മുടെ ജീവിതത്തിന്റെയോ നാം അനുഭവിക്കുന്ന വസ്തുക്കളുടെയോ ഉടമകൾ നാമല്ല മറിച്ച്, അവയെല്ലാം ദൈവത്തിൽ നിന്നുള്ള ദാനങ്ങളാണെന്നും അവ നമ്മുടെ സംരക്ഷണത്തിലും സ്വാതന്ത്ര്യത്തിലും ഉത്തരവാദിത്വത്തിലും ഏൽപ്പിക്കപ്പെട്ടിരിക്കുന്നവയാണെന്നും പാപ്പാ വ്യക്തമാക്കി.
ഒരു ദിവസം നാം നമ്മുടെ തന്നെയും നമ്മുടെ സ്വത്തുക്കളുടെയും ഭൗതിക വിഭവങ്ങളുടെയും കണക്ക് ബോധിപ്പിക്കാനായി വിളിക്കപ്പെടുമെന്ന് ഈ ഉപമയിലൂടെ യേശു നമ്മെ ഓർമിപ്പിക്കുന്നു.
ഈ ലോകസമ്പത്ത് കടന്നുപോകുന്നു
തൻ്റെ കണക്കു ബോധിപ്പിക്കാനായി വിളിക്കപ്പെട്ട ദിവസം വരെ ഉപമയിലെ കാര്യസ്ഥൻ സ്വന്തം ലാഭം മാത്രമാണ് അന്വേഷിച്ചത്. അതേ തുടർന്ന്, അവന് ജോലി നഷ്ടപ്പെടുകയും ചെയ്തു. അപ്പോൾ മാത്രമാണ് അവൻ തന്റെ ഭാവിജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത്. കടന്നുപോകുന്ന ഈ ലോകസമ്പത്തല്ല ഏറ്റവും ഉയർന്ന മൂല്യമുള്ളത് എന്നും അപ്പോൾ അവൻ തിരിച്ചറിഞ്ഞു.
തനിക്കു കൂടി ഓഹരി ലഭിക്കേണ്ട കടങ്ങൾ ഇളച്ചു കൊടുത്തുകൊണ്ടാണ് ആ കാര്യസ്ഥൻ അതിനു പരിഹാരം കണ്ടെത്തിയത്. ഭൗതിക സമ്പത്തിൽ നഷ്ടം വന്നെങ്കിലും, ഇങ്ങനെ ചെയ്തതിലൂടെ തന്നെ സഹായിക്കാനും പിന്തുണയ്ക്കാനും തയ്യാറുള്ള സുഹൃത്തുക്കളെ നേടാൻ അവനു സാധിച്ചു.
'അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും.(ലൂക്കാ 16 : 9) യേശുവിന്റെ ഈ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു.
യഥാർത്ഥ സമ്പത്ത് ദൈവത്തോടും മനുഷ്യരോടുമുള്ള സൗഹൃദം
സത്യസന്ധനല്ലാതിരുന്ന ആ കാര്യസ്ഥന് സൗഹൃദങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചെങ്കിൽ ക്രിസ്ത്യാനികളായ നമുക്ക് എത്രയധികമായി സാധിക്കണമെന്ന് പരിശുദ്ധ പിതാവ് ചോദിച്ചു. കർത്താവുമായും നമ്മുടെ സഹോദരീ സഹോദരന്മാരുമായുള്ള സൗഹൃദം എന്ന യഥാർത്ഥ സമ്പത്ത് നേടാനായി ഈ ലോക വസ്തുക്കളും നമ്മുടെതന്നെ ജീവനും നാം വിനിയോഗിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
'നമുക്ക് ലഭിച്ച ദാനങ്ങൾ നാം കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്?നമ്മെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്വാർത്ഥതയുടെ മാർഗമാണോ നാം പിന്തുടരുന്നത്? എല്ലാം ദൈവത്തിന്റെ ദാനങ്ങളാണെന്ന വസ്തുത തിരിച്ചറിഞ്ഞ് കൂടുതൽ നീതിപൂർണവും ന്യായയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നാം ശ്രമിക്കുന്നുണ്ടോ?' നീതിരഹിതനായ കാര്യസ്ഥൻ്റെ ഉപമ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നു എന്ന് ലിയോ പാപ്പാ പറഞ്ഞു.
ദൈവം നമ്മെ ഭരമേല്പിച്ചവയുടെ വിശ്വസ്തരായ കാര്യസ്ഥരാകാനും നീതിയോടും ഉത്തരവാദിത്വത്തോടുംകൂടെ അവ കൈകാര്യം ചെയ്യുന്നവരാകാനും പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം എന്ന ആഹ്വാനത്തോടെ പാപ്പാ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.