ന്യൂയോര്‍ക്ക്: പാലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്. ഐക്യരാഷ്ട്രസഭയില്‍ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പ്രഖ്യാപനം നടത്തിയത്. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നതിനുള്ള ഏക പരിഹാരം പാലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പാലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോണ്‍ പ്രതികരിച്ചു.
ന്യൂയോര്‍ക്കില്‍ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിലായിരുന്നു മാക്രോണിന്റെ നിര്‍ണായക പ്രഖ്യാപനവും പ്രസംഗവും. ഇസ്രയേലും പാലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിര്‍ത്താന്‍ തങ്ങളാലാവുന്നത് ചെയ്യും. പാലസ്തീന്‍ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേല്‍ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിന്റെ നീക്കം കൂടുതല്‍ രാജ്യങ്ങള്‍ ഏറ്റുപിടിക്കുമെന്നാണ് കരുതുന്നത്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജര്‍മനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ബ്രിട്ടണ്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നി രാജ്യങ്ങള്‍ പാലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളെയും മാക്രോണ്‍ പ്രശംസിച്ചു.
അതേസമയം പാലസ്തീനെതിരായ സൈനീക നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. എന്നാല്‍ വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
ഹമാസിനെ ഇല്ലാതാക്കുമെന്നും ലക്ഷ്യം നേടുമെന്നും നെതന്യാഹു കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കും. ഇസ്രയേല്‍ ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണ്. ഇറാനിയന്‍ അച്ചുതണ്ടിനെ നശിപ്പിക്കണമെന്നും അതിന് ഇസ്രായേലിന് കരുത്തുണ്ടെന്നും അദേഹം പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.