ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികള്‍ക്കും ബോര്‍ഡുകള്‍ക്കും യുപിയില്‍ നിരോധനം

ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികള്‍ക്കും ബോര്‍ഡുകള്‍ക്കും യുപിയില്‍ നിരോധനം

ലക്നൗ: പൊലീസ് രേഖകളില്‍ നിന്നും പൊതു അറിയിപ്പുകളില്‍ നിന്നും ജാതി സംബന്ധമായ എല്ലാ പരാമര്‍ശങ്ങളും ഉടനടി നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജാതി വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സംസ്ഥാനത്തെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍എസ്) പോര്‍ട്ടലില്‍ നിന്നും ജാതി രേഖപ്പെടുത്താനുള്ള കോളം നീക്കം ചെയ്യും. പോര്‍ട്ടലില്‍ നിന്ന് ഈ കോളം നീക്കം ചെയ്യുന്നത് വരെ അത്തരം കോളങ്ങള്‍ പൂരിപ്പിക്കാതെ ഒഴിച്ചിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ജാതി അടിസ്ഥാനത്തിലുള്ള റാലികളും പൊതു പരിപാടികളും സംസ്ഥാനത്ത് ഉടനീളം നിരോധിച്ചു. ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാഹനങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പതിച്ചാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം പിഴ ഈടാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ പൊലീസ് യൂണിറ്റുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും ഇത് സംബന്ധിച്ച് ഉത്തരവും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളുടെ ജാതി ഇനി പൊലീസ് രജിസ്റ്ററുകളിലോ കേസ് മെമ്മോകളിലോ അറസ്റ്റ് രേഖകളിലോ പൊലീസ് സ്റ്റേഷന്‍ നോട്ടീസ് ബോര്‍ഡുകളിലോ രേഖപ്പെടുത്തരുതെന്നും ആക്ടിങ് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ നിര്‍ദേശം നല്‍കി.

പൊലീസ് രേഖകളില്‍ പ്രതിയുടെ പിതാവിന്റെയും മാതാവിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തണമെന്നും വാഹനങ്ങളിലെ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും മോട്ടോര്‍ വാഹന നിയമപ്രകാരം പിഴ ചുമത്തണമെന്നും ഉത്തരവില്‍ കര്‍ശനമായി പറയുന്നു.

ജാതീയമായ സ്വത്വങ്ങളെ മഹത്വവല്‍ക്കരിക്കുകയോ ഒരു പ്രത്യേക ജാതിയില്‍പ്പെട്ട പ്രദേശമെന്ന് അടയാളപ്പെടുത്തുകയോ അതുമായി ബന്ധപ്പെട്ട ബോര്‍ഡുകളും അടയാളങ്ങളും പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും നീക്കം ചെയ്യാനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.