അഡ്‌ലെയ്ഡ്: ഇലക്ട്രിക് കാറുകള്‍ വാങ്ങിയ ശേഷം ഒരു ചെലവുമില്ലാതെ ഓടിക്കാമെന്നു കരുതിയവര്‍ക്കു തെറ്റി. ഇലക്ട്രിക് കാറുകള്‍ക്കു തിരിച്ചടിയായി സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും നികുതി ഏര്‍പ്പെടുത്തി സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമം. 2027 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം സൗത്ത് ഓസ്ട്രേലിയന്‍ സംസ്ഥാനത്ത് പാസായി. വാഹനം നിരത്തിലോടുന്ന ഓരോ കിലോമീറ്ററിനും ഉടമകളില്‍നിന്ന് നികുതി ഈടാക്കാനാണ് തീരുമാനം.
ന്യൂ സൗത്ത് വെയില്‍സിനും വിക്ടോറിയയ്ക്കും പിന്നാലെയാണ് സൗത്ത് ഓസ്ട്രേലിയയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രാജ്യത്ത് ഇലക്ട്രിക് വാഹന (ഇവി) നികുതി നിര്‍ദേശിച്ച ആദ്യത്തെ ഓസ്ട്രേലിയന്‍ സംസ്ഥാനമാണ് സൗത്ത് ഓസ്ട്രേലിയ. എന്നാല്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ നിയമനിര്‍മ്മാണം വൈകുകയായിരുന്നു.
നികുതി ഈടാക്കാനുള്ള ബില്‍ വ്യാഴാഴ്ചയാണ് സൗത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ പാസായത്. പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹന ഉടമകളില്‍നിന്ന് കിലോമീറ്ററിന് 2 സെന്റ് എന്ന നിരക്കില്‍ നികുതി ഈടാക്കും. മറ്റുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകളില്‍നിന്ന് കിലോമീറ്ററിന് 2.5 സെന്റ് എന്ന നിരക്കിലും നികുതി ഈടാക്കും. പുതിയ നികുതി 2027 ജൂലൈയിലാണ് നിലവില്‍ വരുന്നത്. അതേസമയം, 2027-നു മുന്‍പായി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയുടെ 30 ശതമാനം കൈയടക്കിയാലും നികുതി ഏര്‍പ്പെടുത്തും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കാന്‍ സര്‍ക്കാര്‍ ചില ഇളവുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഫീ ഇളവ്, ആദ്യം വില്‍ക്കുന്ന 7,000 ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 3,000 ഡോളര്‍ സബ്സിഡി എന്നിവ ഉള്‍പ്പെടെയാണിത്.
ഈ സബ്സിഡികള്‍ 68,750 ഓസ്‌ട്രേലിയന്‍ ഡോളറില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങള്‍ക്കു ബാധകമല്ല. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്നതു സംബന്ധിച്ചു പരിശോധിക്കാന്‍ പാര്‍ലമെന്ററി സമിതിയെ നിയമിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
അതേസമയം നികുതി ഈടാക്കാനുള്ള നിയമത്തിനെതിരേ എതിര്‍പ്പുകളും ഉയരുന്നുണ്ട്. ഇലക്ട്രിക് വാഹന വ്യവസായത്തില്‍ വലിയ കുതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഈ നിയമം പിന്നോട്ടടിക്കുമെന്നു വിമര്‍ശകര്‍ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ വൈകാതെ നിരത്തുകള്‍ 100 ശതമാനം കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗത്ത് ഓസ്‌ട്രേലിയ ട്രഷറര്‍ റോബ് ലൂക്കാസ് പറഞ്ഞു. അതിനാല്‍ നികുതി ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ കാര്യമാണ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഫണ്ട് തടസമില്ലാതെ ലഭിക്കുന്ന ഒരു സംവിധാനം ആവശ്യമാണ്. കാരണം ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ ഇന്ധന എക്‌സൈസ് പൂര്‍ണമായും ഇല്ലാതാകും. നിലവില്‍ ഫെഡറല്‍ സര്‍ക്കാരാണ് ഇന്ധന എക്‌സൈസ് ഈടാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടി സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ തുടങ്ങുന്നതിന് ഏതാനും ദിവസം മുന്‍പ് ബില്‍ പാസാക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.
ഭൂമി അക്ഷരാര്‍ത്ഥത്തില്‍ കാലാവസ്ഥാ ദുരന്തത്തിന്റെ വക്കിലാണ്. എന്നിട്ടും ഫെഡറല്‍ സര്‍ക്കാരിന്റെ വരുമാന പ്രശ്‌നം പരിഹരിക്കാനാണ് സൗത്ത് ഓസ്ട്രേലിയന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡെപ്യൂട്ടി ലേബര്‍ നേതാവ് സൂസന്‍ ക്ലോസ് പറഞ്ഞു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ വൈദ്യുതി കാറുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ വലിയ പ്രോത്സാഹനം നല്‍കുമ്പോള്‍, പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ സര്‍ക്കാര്‍ ഇലക്ട്രിക് കാര്‍ ഉടമകള്‍ക്കും ഭാവിയില്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും തിരിച്ചടിയായി ഒരു പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നു-സൂസന്‍ ക്ലോസ് പറഞ്ഞു.
സ്‌കോട്ട് മോറിസണ്‍ ഫെഡറല്‍ സര്‍ക്കാരിനെപ്പോലെ സൗത്ത് ഓസ്ട്രേലിയന്‍ സംസ്ഥാന സര്‍ക്കാരും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയെ ഗൗരവമായി എടുക്കുന്നില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.