മുഖ്യമന്ത്രിയും മന്ത്രിയും അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ലെന്ന് തമിഴ്‌നാട്; എന്തു ഭരണമാണിതെന്ന് പരിഹാസം

മുഖ്യമന്ത്രിയും മന്ത്രിയും അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ലെന്ന് തമിഴ്‌നാട്; എന്തു ഭരണമാണിതെന്ന് പരിഹാസം

ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കേരള മുഖ്യമന്ത്രിയോ വനം വകുപ്പ് മന്ത്രിയോ അറിഞ്ഞിരുന്നില്ല എന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്ന് തമിഴ്നാട്. നമ്പറിട്ടു ലഭിച്ച വിശദമായ ഉത്തരവാണ് ലഭിച്ചതെന്ന് തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈ മുരുകന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ അറിയാതെ ഒരു ഉദ്യോഗസ്ഥന് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ എന്തുഭരണമാണിതെന്നും മന്ത്രി പരിഹസിച്ചു. മുറിക്കേണ്ട മരത്തിന്റെ പേരു വിവരങ്ങള്‍ വരെയുള്ള ഉത്തരവാണ് ലഭിച്ചതെന്ന് ദുരൈ മുരുകന്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ കേരള സര്‍ക്കാരുമായി പോരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു താഴെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള തമിഴ്നാടിന്റെ ആവശ്യത്തില്‍ 2015-ല്‍ തന്നെ വിദഗ്ധസ സമിതി എതിര്‍പ്പറിയിച്ചിരുന്നു. ഡാം അറ്റകുറ്റപ്പണിക്കായി മരം മുറിക്കാമെന്ന കരാര്‍ വ്യവസ്ഥ ചൂണ്ടിക്കാട്ടി തമിഴ്നാട് ജലവിഭവ വകുപ്പാണ് സംസ്ഥാന ജലവിഭവ വകുപ്പിന് കത്തു നല്‍കിയിരുന്നത്. 2014-ലെ സുപ്രീം കോടതി വിധിക്കു തൊട്ടു പിന്നാലെയാണ് ആവശ്യവുമായി കേരളത്തെ സമീപിച്ചത്.

എന്നാല്‍ അന്നത്തെ വിദഗ്ധസമിതിയുടെ എതിര്‍പ്പും സംസ്ഥാന സാഹചര്യവും കണക്കിലെടുക്കാതെ വനം വകുപ്പ് മരം മുറിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയതാണ് സര്‍ക്കാരിനെ ഇപ്പോള്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.