യു.എസ്-ചൈന യുദ്ധ കാഹളം മുഴങ്ങുമോ?.. അമേരിക്കന്‍ യുദ്ധോപകരണങ്ങളുടെ മാതൃകയുണ്ടാക്കി ചൈനയുടെ പരിശീലനം; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍

യു.എസ്-ചൈന യുദ്ധ കാഹളം മുഴങ്ങുമോ?.. അമേരിക്കന്‍ യുദ്ധോപകരണങ്ങളുടെ മാതൃകയുണ്ടാക്കി ചൈനയുടെ പരിശീലനം; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍

ബീജിംഗ്: അമേരിക്ക-ചൈന ബന്ധം ഉലയുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ അമേരിക്കന്‍ യുദ്ധ സന്നാഹങ്ങളുടെ മാതൃകയുണ്ടാക്കി ചൈനീസ് സൈന്യം പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഏതു സമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തിലാണ് ചൈനയുടെ നീക്കങ്ങള്‍.

യു.എസ് നാവിക സേനയുടെ വിമാനവാഹിനി കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും മാതൃകയുണ്ടാക്കിയാണ് ചൈനയുടെ പരിശീലനം. ഷിന്‍ഷിയാങ് പ്രവിശ്യയിലെ താക്ലമക്കാന്‍ മരുഭൂമിയില്‍ നടത്തുന്ന പരിശീലനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ യു.എസ്. ബഹിരാകാശ സാങ്കേതിക കമ്പനിയായ മാക്സറാണ് പകര്‍ത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരുഭൂമിയിലെ സൈന്യത്തിന്റെ പുതിയ പരിശീലന കേന്ദ്രത്തില്‍ അമേരിക്കയുടെ ഒരു വിമാനവാഹിനി കപ്പലിന്റെയും രണ്ട് മിസൈല്‍വേധ കപ്പലിന്റെയും മാതൃകകളാണ് നിര്‍മിച്ചിട്ടുള്ളത്. ആറ് മീറ്റര്‍ വീതിയുള്ള ഒരു റെയില്‍ സംവിധാനവും അതിലൊരു കപ്പലിനോട് സാമ്യമുള്ള ടാര്‍ഗെറ്റ് ഘടിപ്പിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ചലിക്കുന്ന ഒരു കപ്പലിനെ അനുകരിക്കാന്‍ ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.


അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉലച്ചിലുകളില്‍ യുദ്ധ സാധ്യത മുന്നില്‍ കണ്ടാണോ ചൈനയുടെ ഈ നീക്കമെന്നാണ് നയതന്ത്ര വിദഗിധര്‍ നിരീക്ഷിക്കുന്നത്. തെക്കന്‍ ചൈനക്കടല്‍, തായ്വാന്‍ വിഷയങ്ങളില്‍ അമേരിക്കയും ചൈനയും രണ്ടു ധ്രുവങ്ങളിലാണ്. എന്നാല്‍, വാര്‍ത്തകള്‍ പുറത്തു വന്നിട്ടും ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെയും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

ചൈനയുടെ സൈന്യത്തെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2020 ജൂലൈയില്‍ ചൈന പരീക്ഷണാര്‍ത്ഥം വിക്ഷേപിച്ച ആറ് ഡി.എഫ് കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലുകള്‍ തെക്കന്‍ ചൈനക്കടലില്‍ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രകോപനപരമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഈ വര്‍ഷമാദ്യം ആവശ്യപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.