തിരുവനനന്തപുരം: പ്രതിരോധം പൊളിഞ്ഞപ്പോള്‍ മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്.
തമിഴ്‌നാട് ആവശ്യപ്പട്ടതു പ്രകാരം ബേബിഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയിരുന്നത്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയാതെ ഉദ്യോഗസ്ഥര്‍ എടുത്ത തീരുമാനം വിവാദമായിരുന്നു. സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായതിന് പിന്നാലെയാണ് മരംമുറി ഉത്തരവ് റദ്ദാക്കിയത്.
പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. അതുവരെ ജലനിരപ്പ് 142 അടിയില്‍ കൂടരുത്. പുതിയ ഡാം വേണ്ടെന്നും ബേബിഡാം ശക്തിപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയര്‍ത്താമെന്നുമാണ് തമിഴ്‌നാടിന്റെ വാദം. ബേബി ഡാം ശക്തിപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുവദിച്ചതിലൂടെ തമിഴ്‌നാടിനെ പിന്തുണയ്ക്കുകയും കേരളത്തെ ചതിക്കുകയും ചെയ്തതാണ് വിവാദമായത്.
ഉത്തരവ് പിന്‍വലിക്കുന്നതിനൊപ്പം ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ മാറ്റിനിറുത്തി വകുപ്പ് തല അന്വേഷണവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ജൂണ്‍ 11 ന് കേരള, തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി ഏതൊക്കെ മരങ്ങള്‍ മുറിക്കണമെന്ന് തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ചത്.
ഔദ്യോഗിക അപേക്ഷകള്‍ നല്‍കിയായിരുന്നു തമിഴ്‌നാടിന്റെ നീക്കം. ഇതിനുശേഷമാണ് സെക്രട്ടറി തല യോഗം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉണ്ടായത്. ഇതോടെ പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞ വനം മന്ത്രി ഇന്നലെ മലക്കം മറിഞ്ഞു. സഭയിലെ പ്രസ്താവന തിരുത്താന്‍ സ്പീക്കര്‍ക്ക് കുറിപ്പും നല്‍കി
മരംമുറി ഉത്തരവില്‍ വനം-ജല വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തു വന്നിരുന്നു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ തള്ളി സംയുക്ത പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞതോടെയാണ് സര്‍ക്കാരില്‍ തന്നെ രണ്ടഭിപ്രായം വന്നത്.
ജലവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് പോയത്. ഒരു ഘട്ടത്തിലും ജലവിഭവ വകുപ്പ് ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നും നവംബര്‍ ഒന്നിന് യോഗം നടന്നിട്ടില്ലെന്നും യോഗത്തിന് രേഖകളോ മിനിട്സോ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗികമായോ അനൗദ്യോഗികമായോ പോലും യോഗം ചേര്‍ന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധനാ ഫയലുകളുടെ ചുമതല ജലവിഭവ വകുപ്പിന് എന്നായിരുന്നു കഴിഞ്ഞ ദിവസം ശശീന്ദ്രന്‍ വിശദീകരിച്ചത്. അതിനെതിരെയാണ് ഇപ്പോള്‍ റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത്.
ജലവിഭവ വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു ഉത്തരവുണ്ടെന്ന് തെളിയിച്ചാല്‍ മരവിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്നും പുതിയ ഡാം മുല്ലപ്പെരിയാറില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ അതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.