പെട്രോള്‍ കാറുകള്‍ 2035-ല്‍ നിരോധിക്കാനുറച്ച് നിരവധി രാജ്യങ്ങള്‍; നയം വ്യക്തമാക്കാതെ ഓസ്‌ട്രേലിയ

പെട്രോള്‍ കാറുകള്‍ 2035-ല്‍ നിരോധിക്കാനുറച്ച് നിരവധി  രാജ്യങ്ങള്‍; നയം വ്യക്തമാക്കാതെ ഓസ്‌ട്രേലിയ

കാന്‍ബറ: 2035 ആകുമ്പോഴേക്കും പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള പ്രതിജ്ഞയിലാണ് ബ്രിട്ടണ്‍ അടക്കമുള്ള വിവിധ ലോക രാജ്യങ്ങള്‍. കാര്‍ബണ്‍ മുക്ത ലോകം എന്ന ലക്ഷത്തിനു വേണ്ടിയാണ് വിവിധ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാടു വ്യക്തമാക്കാതെ മാറി നില്‍ക്കുകയാണ് ഓസ്‌ട്രേലിയ. ഇലക്ട്രിക് കാറുകളുടെ ഉപയോഗം വര്‍ധിപ്പിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും അത് പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച് പൂര്‍ണമായ വ്യക്തത വരുത്താന്‍ ഓസ്‌ട്രേലിയയ്ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

2035 ആകുമ്പോള്‍ യുകെ അടക്കമുള്ള വികസിത രാജ്യങ്ങളിലും 2040-ല്‍ വികസ്വര രാജ്യങ്ങളിലും പെട്രോള്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള നിര്‍ണായക പ്രഖ്യാപനം വന്നുകഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന COP26 അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച കാര്യക്ഷമമായ ചര്‍ച്ചകള്‍ നടന്നത്. 20-ലധികം രാജ്യങ്ങള്‍ പെട്രോള്‍ കാറുകള്‍ എത്രയും വേഗം ഒഴിവാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

2030-ല്‍ വോള്‍വോ, ഫോര്‍ഡ്, റോള്‍സ് റോയ്സ്, ജനറല്‍ മോട്ടോഴ്സ്, ഫോക്സ്വാഗണ്‍ എന്നീ കാര്‍ നിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങള്‍ ഇലക്ട്രിക് ആക്കി മാറ്റുമെന്നു ധീരമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.



അതേസമയം, ലോകരാജ്യങ്ങളുടെ ഈ തീരുമാനത്തില്‍ പങ്കുചേരാതെ മൗനം പാലിക്കുന്ന സമീപനമാണ് ഓസ്‌ട്രേലിയയിലെ സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സമീപനമാണിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ഓസ്ട്രേലിയയില്‍ ഇലക്ട്രിക് കാറുകളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 250 മില്യണ്‍ ഡോളര്‍ പദ്ധതി ഇലക്ട്രിക് വാഹന വ്യവസായത്തിന് ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്ന ചില നയങ്ങള്‍ ഈ മേഖലയുടെ വളര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിക്കുകയാണ്. രാജ്യത്ത് പുതിയ കാര്‍ വില്‍പ്പനയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇലക്ട്രിക് കാറുകളുടെ വില്‍പന. വിറ്റുപോകുന്നതില്‍ ഭൂരിഭാഗവും പെട്രോള്‍ മോഡല്‍ വാഹനങ്ങളാണ്.

ഫെഡറല്‍ ചേംബര്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസിന്റെ കണക്കനുസരിച്ച് ഓസ്ട്രേലിയയില്‍ വിറ്റഴിച്ച പുതിയ വാഹനങ്ങളില്‍ 0.8 ശതമാനം മാത്രമാണ് ഇലക്ട്രിക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണെങ്കിലും ആഗോള തലത്തില്‍ ഈ കണക്കുകള്‍ ഏറെ പിന്നിലാണ്. യൂറോപ്പിലും യുകെയിലും വിറ്റഴിക്കുന്ന 10 കാറുകളില്‍ ഒന്ന് ഇലക്ട്രിക് ആണ്.

ഇലക്ട്രിക് കാര്‍ വില്‍പനയില്‍ നോര്‍വേയാണ് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച പുതിയ കാറുകളില്‍ മുക്കാലും ഇലക്ട്രിക് കാറുകളാണ്. പെട്രോള്‍ കാര്‍ വില്‍പ്പനയെ മറികടന്നാണ് ഇലക്ട്രിക് കാറുകള്‍ ആധിപത്യം നേടിയത്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ പോലും ഇലക്ട്രിക് കാര്‍ വില്‍പ്പന വര്‍ധിച്ചതാണ് ശ്രദ്ധേയം.

പെട്രോള്‍ കാറുകള്‍ നിരോധിക്കാനുള്ള പ്രതിജ്ഞയില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്ന പല രാജ്യങ്ങള്‍ക്കും ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാനുള്ള വിപുലമായ സൗകര്യവുമുണ്ട്.

യൂറോപ്പിലെ 10 ലക്ഷം ആളുകള്‍ക്ക് 400-ലധികം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉള്ളപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഓസ്ട്രേലിയയില്‍ പത്തുലക്ഷം ആളുകള്‍ക്ക് 100-ല്‍ താഴെ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. ദി ബ്ലൂപ്രിന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

2035-ലെ പെട്രോള്‍ കാര്‍ നിരോധനത്തില്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത അമേരിക്കയ്ക്കു പോലും ഓസ്ട്രേലിയയിലുള്ളതിനേക്കാള്‍ ഇരട്ടി ചാര്‍ജിംഗ് സ്‌റ്റേഷനുകളുണ്ട്.

2035 ആകുമ്പോഴേക്കും ഓസ്ട്രേലിയന്‍ വിപണിയില്‍നിന്ന് പെട്രോള്‍ വാഹനങ്ങള്‍ ഒഴിവാക്കണമെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തിലാണ് നടക്കേണ്ടത്. 

2030-ല്‍ വില്‍ക്കുന്ന നാലിലൊന്ന് കാറുകള്‍ ഇലക്ട്രിക് ആയിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നിലവിലെ നയങ്ങള്‍ പിന്തുടര്‍ന്നാല്‍ അതു സാധ്യമാകില്ലെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ നികുതി ഇളവുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കണമെന്നാണ് ഇലക്ട്രിക് വെഹിക്കിള്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ഓസ്ട്രേലിയയുടെ ഇലക്ട്രിക് കാര്‍ വിപണി മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലായി തുടരുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇലക്ട്രിക് കാര്‍ ഉപയോഗം നിര്‍ബന്ധിക്കില്ല

ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കാന്‍ ഓസ്ട്രേലിയക്കാരെ നിര്‍ബന്ധിക്കുന്ന ഒരു നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. ഓസ്ട്രലിയക്കാരെ അവര്‍ ഇഷ്ടപ്പെടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയുകയില്ല എന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ കഴിയാത്തവരെ വാഹനം ഉപയോഗിക്കുന്നതില്‍ നിന്ന് നിരോധിക്കുകയോ നികുതി ഈടാക്കുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

2030-ല്‍ ഓസ്ട്രേലിയയിലെ 50 ശതമാനം പുതിയ വാഹനങ്ങളും ഇലക്ട്രിക് ആക്കുമെന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തെ 2019 തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തള്ളിപ്പറഞ്ഞിരുന്നു.

അതേസമയം ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കാന്‍ ഓസ്ട്രേലിയയിലെ പല സംസ്ഥാനങ്ങളും മാതൃകാപരമായ പല സമീപനങ്ങളും സ്വീകരിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറിയാണ് മുന്നില്‍ നില്‍ക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറിയാണ്. 2030-ല്‍ സംസ്ഥാനത്ത് എല്ലാ പുതിയ കാറുകളും ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.