ഡാർവിൻ: നോർത്തേൺ ടെറിറ്ററിയുടെ തലസ്ഥാനമായ ഡാർവിൻ സിറ്റി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലയാളിയായ ഡോ. എഡ്വിൻ ലൂർദ് ജോസഫിന് വിജയം. ഡാർവിൻ കൗൺസിലിലെ റിച്ചാർഡ്സൺ വാർഡിന്റെ കൗൺസിലറായി നാല് വർഷം ഡോ. എഡ്വിൻ സേവനം അനുഷ്ഠിക്കും.
കേരളത്തിനും തമിഴ്നാടിനും മധ്യേ സ്ഥിതി ചെയ്യുന്ന പുത്തുകടൈ എന്ന ഗ്രാമത്തിൽ നിന്നുള്ള വ്യക്തിയാണ് എഡ്വിൻ. അധ്യാപക കുടുംബത്തിലെ നാല് മക്കളിൽ ഇളയവനാണ്.
2008 ൽ ഓസ്‌ട്രേലിയയിലെത്തിയ എഡ്വിൻ ആദ്യം ന്യൂ സൗത്ത് വെയിൽസിലാണ് താമസം ആരംഭിച്ചത്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു പോയി പിഎച്ച്ഡി പൂർത്തിയാക്കി. തൊഴിൽ ലഭിക്കാനുള്ള പ്രയാസങ്ങൾ അദേഹത്തെ പ്രവാസി സമൂഹത്തിനും ബഹുഭാഷാ സംസ്‌കാരത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിലേക്ക് വഴിതെളിച്ചു. പത്ത് വർഷം മുമ്പാണ് എഡ്വിൻ ഡാർവിനിലേക്ക് എത്തുന്നത്.
ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മൈഗ്രേഷൻ ലോ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ള എഡ്വിൻ നോർത്തേൺ ടെറിട്ടറി, ന്യൂസൗത്ത് വെയിൽസ്, കോമൺവെൽത്ത് സർക്കാർ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാദമിക മേഖലയിൽ അധ്യാപകനായും രജിസ്റ്റർഡ് മൈഗ്രേഷൻ കൺസൾട്ടന്റായും പാർലമെന്റ് അംഗത്തിന് ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
സമൂഹ സേവന രംഗത്ത് നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചു വരുന്ന എഡ്വിൻ നോർത്തേൺ ടെറിട്ടറിയിലെ മൾട്ടികൾച്ചറൽ കൗൺസിലിന്റെ ദീർഘകാല പ്രസിഡന്റും, എഫ്.ഇ.സി.സിഎയുടെ (Federation of Ethnic Communities’ Councils of Australia) സെക്രട്ടറി, റിലീജിയൺസ് ഫോർ പീസ് ഓഫ് ഓസ്ട്രേലിയ എൻടി കൺവീനർ, മെന്റൽ ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഓസ്ട്രേലിയയുടെ മൾട്ടികൾച്ചറൽ അംബാസഡർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പ്രവാസികളും അഭയാർത്ഥികളും നേരിടുന്ന പ്രശ്നങ്ങളിൽ തുറന്നു സംസാരിക്കാനും അവരുടെ അവകാശങ്ങൾക്കായി രംഗത്തെത്താനും ഒരിക്കലും മടിച്ചിട്ടില്ല. 2019 മുതൽ ജസ്റ്റിസ് ഓഫ് ദി പീസ് ആയി സേവനം അനുഷ്ഠിക്കുന്ന എഡ്വിൻ 2022ൽ നോർത്തേൺ ടെറിട്ടറി ചീഫ് മിനിസ്റ്റർ വൊളന്ററി അവാർഡ് കരസ്ഥമാക്കി. 47 കാരനായ എഡ്വിൻ അവിവാഹിതനാണ്.
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാനത്താണ് മലയാളിയായ ജിൻസൺ ആന്റോ ചാൾസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് സേവനം അനുഷ്ടിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.