സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരത്ത് വ്യാപക നാശം
മധ്യകേരളത്തിലും ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തലസ്ഥാന നഗരിയില്‍ ഇന്നും മഴ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. ഗംഗയാറ് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വിഴിഞ്ഞം ഹാര്‍ബര്‍ വെള്ളത്തിനടിയിലായി.

സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴ ഏറ്റവുമധികം ബാധിച്ചത് തിരുവനന്തപുരം ജില്ലയെയാണ്. മലയോര മേഖലയിലും തീരദേശ മേഖലയിലും നഗരപ്രദേശത്തും നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. റെയില്‍ റോഡ് ഗതാഗതം പലയിടത്തും സ്തംഭിച്ചു.

വിവിധപ്രദേശങ്ങളില്‍ മണ്ണിടിഞ്ഞും പാറക്കൂട്ടങ്ങള്‍ പതിച്ചും നിരവധി വീടുകള്‍ തകര്‍ന്നു. ആളപായം ഉണ്ടായിട്ടില്ല. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് മുപ്പതോളം ബോട്ടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഷെഡുകളില്‍ സൂക്ഷിച്ചിരുന്ന മത്സ്യബന്ധനഉപകരണങ്ങളും നശിച്ചു. വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
മോശം കാലാവസ്ഥയുടെ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളോടു കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതല്‍ മഴയ്ക്ക് ഇപ്പോള്‍ അല്‍പം ശമനമുണ്ട്. 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച കനത്ത മഴ ഇന്നു തെക്കന്‍ ജില്ലകളിലും അതിശക്തമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിക്കുന്നത്.

ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നു പുലര്‍ച്ചെ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. തെക്കന്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി ശക്തമായ മഴ ലഭിച്ചതിനു പിന്നാലെയാണ് മധ്യകേരളത്തിലും മഴ ശക്തിപ്പെടുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് നിലവില്‍ കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നത്. ഈ ന്യൂനമര്‍ദ്ദം ശക്തിയേറി ആന്ധ്രാ തീരത്തേക്കു പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ തെക്കുകിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലായും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കും.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് നാളെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി അതിന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.