ഏകയോഗമായ സഭയ്ക്കായുള്ള സിനഡാത്മക സിനഡ്

ഏകയോഗമായ സഭയ്ക്കായുള്ള സിനഡാത്മക സിനഡ്

2023 ഒക്ടോബർ മാസം വത്തിക്കാനിൽ നടക്കാനിരിക്കുന്ന കത്തോലിക്കാ സഭയുടെ സിനഡിലേക്ക് ലോകം മുഴുവൻ ഉറ്റു നോക്കുന്നു. 2021 ഒക്ടോബർ മാസം ആരംഭിച്ച സിനഡ് 3 ഘട്ടങ്ങളിലായി 2 വര്ഷം കൊണ്ടാണ് സമാപിക്കുന്നത്.. 1965 ൽ അന്നത്തെ മാർപ്പാപ്പ പോൾ ആറാമൻ ആരംഭിച്ച മെത്രാൻ സിനഡിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കവേ 2015 ലാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈ വിപുലമായ സിനഡിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
സാര്‍വത്രികസഭയെ നയിക്കുന്നതില്‍ മാർപ്പാപ്പയെ സഹായിക്കുന്നതിനായി ഉപദേശങ്ങള്‍ നല്കാന്‍ ചുമതലയുള്ള മെത്രാന്‍ സമിതിയുടെ സമ്മേളനം എന്ന് സിന‍ഡിനെ നിര്‍വചിക്കാമെന്ന് പാപ്പാ പറഞ്ഞു.

സിനഡാലിറ്റി നിയമപരമായി മാർപ്പാപ്പയും ബിഷപ്പുമാരും തമ്മിലുള്ള കൂട്ടായ്മയുടെ ബന്ധത്തെ സംബന്ധിച്ചുള്ളതാണെന്നും, എന്നിരുന്നാലും ഇത് എല്ലാ കത്തോലിക്കാ വിശ്വാസികളെയും പങ്കുചേര്‍ത്തുകൊണ്ടുള്ളതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ തീരുമാനങ്ങള്‍ക്ക് ഭരണനിര്‍വ്വഹണമൂല്യമുള്ള ഒരു പാർലമെന്റ് അല്ല സിനഡെന്നും ആത്മീയ വിവേചനത്തിന്‍റെ കാഴ്ചപ്പാടോടുകൂടി പരിശുദ്ധാത്മാവിന്‍റെ നിര്‍ദ്ദേശപ്രകാരം സഭയാകമാനം ആഘോഷിക്കുന്ന ഒരു യാത്രയാണ് ഇതെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. ഈ സിനഡ് തുറവിയുള്ള സംവാദങ്ങൾക്കും ചർച്ചകൾക്കും വേണ്ടി തുറന്നിടുകവഴി സഭാസമൂഹത്തെ ഏക മനസും ശരീരവുമാക്കി മാറ്റാനുള്ള അജപാലനപദ്ധതികൾ ഉരുത്തിരിയുന്നത് കാതോർത്ത് ഇരിക്കുകയാണ് ആഗോള കത്തോലിക്കാ സഭ. ‘ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും’ (For a Synodal Church: Communion, Participation, and Mission) എന്ന പ്രമേയവുമായി സമ്മേളിക്കുന്ന സിനഡ് മൂന്ന് ഘട്ടങ്ങളായി രണ്ട് വർഷംകൊണ്ടാണ് പൂർത്തിയാകുക. ‘സിനഡാലിറ്റി’ അഥവാ ‘എല്ലാ കത്തോലിക്കാ വിശ്വാസികളെയും ഉൾക്കൊളളുന്നത് ’ എന്നതുതന്നെയാണ് ഇത്തവണത്തെ സിനഡിന്റെ കേന്ദ്രബിന്ദു. ഇപ്രകാരം ‘സിനഡാലിറ്റി’ നിർവചിക്കപ്പെടുമ്പോൾ, അൽമായരും സന്യസ്തരും അജപാലകരും ഉൾപ്പെടെയുള്ള സകലജന സ്പർശിയാകും പ്രസ്തുത സിനഡ്.

വിചിന്തന വിഷയങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും സഭയുടെ അടിത്തട്ടുവരെയുള്ള വിവിധ വിഷയങ്ങൾ കൂട്ടായ ചർച്ചയ്ക്ക് വിഷയമാകുമെന്നാണ് നിരീക്ഷകമതം. രൂപതാതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലും തലങ്ങളിലും ആയിട്ടായിരിക്കും സിനഡ് സമ്മേളനങ്ങൾ നടക്കുക. ഒക്ടോബർ 17ന് ആരംഭിച്ചിട്ടുള്ള രൂപതാതല സിനഡ് സമ്മേളനങ്ങൾ 2022 ഏപ്രിൽ വരെ നീളും. സൂക്ഷ്മമായ പഠനങ്ങൾക്കും വിചിന്തനത്തിനും സഹായിക്കുന്ന വിശദമായ നിർദേശങ്ങൾ ഇതിനായി കൈമാറിയിട്ടുണ്ട്. രൂപതാതലത്തിൽനിന്ന് ഉരുത്തിരിയുന്ന പ്രവർത്തനരേഖയുമായാകും 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചുവരെ നടക്കുന്ന രണ്ടാം ഘട്ടമായ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡ് സമ്മേളിക്കുക. ഇതിന്റെകൂടി അടിസ്ഥാനത്തിൽ തയാറാക്കുന്ന പ്രവർത്തന രേഖയുമായി 2023 ഒക്‌ടോബറിൽ വത്തിക്കാനിൽ ആഗോളതല സിനഡ് സമ്മേളിക്കും. മാർപാപ്പയുടെ അധ്യക്ഷതയിൽ നടക്കുന്ന ഈ സിനഡിൽ വെച്ചായിരിക്കും സിനഡ് അന്തിമരേഖയ്ക്ക് രൂപം നൽകുക.

സിനഡിന് ആമുഖമായി ഒക്‌ടോബർ ഒൻപതിന്, ഫ്രാൻസിസ് പാപ്പ നടത്തിയ ആഹ്വാനത്തിൽ സിനഡിന്റെ ആത്യന്തിക ലക്ഷ്യം എന്നത്, ഒരേ വഴിയിൽ ഒരുമിച്ച് നടക്കുക എന്നതാകണമെന്ന് സന്ദേശം നൽകി. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണ് ഈ സിനഡിന്റെ താക്കോൽപദങ്ങളെന്നും പാപ്പ ഓർമിപ്പിച്ചു. യാത്രയിൽ കണ്ടുമുട്ടുന്നവരുമായി ആശയസംവാദനം നടത്തുന്ന ഈശോയെ തിരുവചനത്തിൽ പാപ്പ കാണിച്ചുതരുന്നു. അവരുടെ ചോദ്യങ്ങൾ യേശു സശ്രദ്ധം ശ്രവിച്ചു. ഈശോയെപ്പോലെ സംവാദകലയിൽ വിദഗ്ദ്ധരാകാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു.

‘മനുഷ്യരുമായുള്ള യഥാർത്ഥ കണ്ടുമുട്ടൽ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിലൂടെ മാത്രമേ സംഭവിക്കൂ. യേശു കേൾക്കുന്നത് കേവലം ചെവികളാൽ മാത്രമല്ല, ഹൃദയത്തോടെയാണ്. ഹൃദയത്തോടെ കേൾക്കുന്നതിൽ നാം യേശുവിനെ പിന്തുടരുമ്പോൾ, വിധിക്കപ്പെടുന്നതിനു പകരമായി തങ്ങളെ കേൾക്കുന്നുണ്ടെന്ന ബോധ്യം ആളുകളിൽ വളരും. തങ്ങളുടെ സ്വന്തം അനുഭവങ്ങളും ആത്മീയ യാത്രയും വിവരിക്കാൻ അവർക്ക് സ്വാതന്ത്ര്യം കൈവരും. ’ആരാധനയിലും പ്രാർത്ഥനയിലും ദൈവവചനവുമായുള്ള സംഭാഷണത്തിലും നടക്കുന്ന ആത്മീയ വിവേചനത്തിന്റെ ഒരു യാത്രയാണ് സിനഡ്. ഈ ദിനങ്ങളിൽ നമുക്ക് ഒരുമിച്ച് ഒരു നല്ല യാത്ര നടത്താം. ആശയ സംവാദവും പരസ്പര ശ്രവണവും അവസാനിപ്പിക്കാനുള്ളതല്ല. ദൈവം നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയാൻ ശ്രമിക്കാം. നമ്മെ നയിക്കാൻ ആഗ്രഹിക്കുന്ന ദിശയെക്കുറിച്ചും സ്വയം ചോദിച്ചുകൊണ്ടിരിക്കാം. നാം സുവിശേഷത്തെ സ്‌നേഹിക്കുന്നവരും ആത്മാവിന്റെ ആശ്ചര്യങ്ങളോട് തുറവിയുള്ള തീർത്ഥാടകരാകണമെന്നും പാപ്പ ഓർമിപ്പിച്ചു.​ ഇതോട്കൂടി സിനഡിന്റെ നടപടിക്രമങ്ങൾക്ക് ആരംഭമായെങ്കിലും ഒക്‌ടോബർ 10ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് സഭ സിനഡ് ദിനങ്ങളിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചത്.

സിനഡ് എന്ന വാക്കിന്‍റെ മൂലം

ഗ്രീക്കില്‍നിന്നും എടുത്തിട്ടുള്ളതാണ് ഇപ്പോള്‍ എല്ലാ ഭാഷകളിലും ഉപയോഗിക്കുന്ന സിനഡ് (synod) എന്ന വാക്ക്. സൂണ്‍ (suun = together) ഒരുമിച്ചെന്നും, ഹൂദോസ് (hodos =way) വഴിയെന്നും ചേര്‍ത്തു വായിക്കുമ്പോള്‍, ഒരുമിച്ചു സമ്മേളിക്കുവാനും, ചിന്തിക്കുവാനും, ആശയങ്ങള്‍ പങ്കുവയ്ക്കുവാനും, പ്രവര്‍ത്തിക്കുവാനുമുള്ള ഉപാധിയെന്ന് (the way to work together) സിനഡ് എന്ന വാക്കിന് മൂലാര്‍ത്ഥം ലഭിക്കുന്നു.

സിനഡു സമ്മേളനത്തിലെ ഭാഗഭാക്കുകള്‍

സഭാ പ്രവിശ്യകളില്‍നിന്നും – പ്രാദേശിക, ദേശിയ സമിതികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായ മെത്രാന്മാരാണ് ‘സിനഡു പിതാക്കന്മാര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കൂടാതെ സന്ന്യാസ സഭാപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ദ്ധരും നിരീക്ഷകരും, ഓരോ സഭാ പ്രവിശ്യകളില്‍നിന്നുമുള്ള അല്‍മായ പ്രതിനിധികളും, ക്ഷണിക്കപ്പെട്ട ഇതര ക്രൈസ്തവ സഭാ പ്രതിനിധികളും തലവന്മാരും കൂടാതെ, പാപ്പാ നേരിട്ടു ക്ഷണിക്കുന്ന 3 വ്യക്തികളുമാണ് സിനഡില്‍ സന്നിഹിതരാകുന്നത്. ഇതില്‍ വോട്ടവകാശമുള്ളത് ‘സിനഡ് പിതാക്കന്മാര്‍’ക്കാണ്. മെത്രാന്മാര്‍ക്കു പുറമേ, പ്രാദേശിക സഭ അല്ലെങ്കില്‍ ദേശിയ മെത്രാന്‍ സമിതി സിനഡിനായി തിരഞ്ഞെടുക്കുന്ന സന്ന്യാസ സഭകളുടെ സുപ്പീരിയര്‍ ജനറല്‍മാരും സഭാ പിതാക്കന്മാര്‍ക്കൊപ്പം വോട്ടവകാശമുള്ളവരാണ്.

സിനഡ് മൂന്നുതരം

സാധാരണ പൊതുസമ്മേളനം Ordinary General Assembly പ്രത്യേക പൊതുസമ്മേളനം Extraordinary General Assembly, പ്രത്യേക സമ്മേളനം Special Assembly എന്നിങ്ങനെ സിനഡ് മൂന്നു തരത്തിലുണ്ട്. സാധാരണ പൊതുസമ്മേളനം ആഗോളസഭയുടെ പൊതുനന്മ ലക്ഷൃമാക്കിയുള്ള വിഷയങ്ങള്‍ പഠിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ആഗോള സഭയുടെ അടിയന്തര സ്വഭാവമുള്ള കാര്യങ്ങള്‍ക്കുവേണ്ടിയാണ് സിനഡിന്‍റെ പ്രത്യേക പൊതുസമ്മേളനം. അതിവേഗം പരിഹാരങ്ങള്‍ കണ്ടെത്തേണ്ട സഭാ കാര്യങ്ങളാണ് സിനഡിന്‍റെ പ്രത്യേക പൊതുസമ്മേളനത്തില്‍ വിഷയമാക്കപ്പെടുന്നത്. സിനഡിന്‍റെ പ്രത്യേക സമ്മേളനം Special Session സഭാ പ്രവിശ്യയുടെയോ പ്രാദേശിക സഭയുടെയോ പ്രത്യേക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പഠിക്കുന്നതിനുമാണ് പാപ്പാ വിളിച്ചു കൂട്ടുന്നത്.

സിനഡും സഭാനിയമവും

സഭയുടെ നവീകരിച്ച കാനോന നിയമം സിനഡു സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതുപ്രകാരം സിനഡ് പാപ്പായുടെ പരമാധികാരത്തിന്‍റെ കീഴില്‍ വരുന്ന സഭാ സ്ഥാപനമാണ്. സിനഡു സമ്മേളനം വിളിച്ചുകൂട്ടുന്നതിനും അത് പിരിച്ചുവിടുന്നതിനും, അതിന്‍റെ സ്ഥല-കാല പരിധികള്‍, വിഷയം എന്നിവ നിശ്ചിയിക്കുന്നതിനും, സമ്മേളനത്തിന്‍റെ തീര്‍പ്പുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും, അതിന്‍റെ അദ്ധ്യക്ഷത വഹിക്കുന്നതിനുമുള്ള അധികാരം പാപ്പായ്ക്കാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26