ഇടുക്കിയിലെ ഭൂചലനങ്ങള്‍: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂക്ഷ്മ പഠനം ആരംഭിക്കുന്നു

ഇടുക്കിയിലെ ഭൂചലനങ്ങള്‍: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂക്ഷ്മ പഠനം ആരംഭിക്കുന്നു

ഇടുക്കി: ഇടുക്കിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളെപ്പറ്റി സൂക്ഷ്മ പഠനം നടത്തുന്നു. കെഎസ്ഇബിയുടെ ആവശ്യപ്രകാരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധരാണ് പഠനം നടത്തുക. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഉള്‍പ്പെടുന്ന ഇടുക്കി പദ്ധതി പ്രദേശത്തുള്‍പ്പെടെ 2020 ഫെബ്രുവരി മുതലാണ് തുടര്‍ച്ചയായി ചെറിയ ഭൂചലനങ്ങള്‍ ഉണ്ടായത്.

കേരളത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും പദ്ധതിയുടെ പ്രാധാന്യവും പരിഗണിച്ചാണ് വിശദമായ പഠനം നടത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്. 40 കിലോമീറ്റര്‍ ചുറ്റളവില്‍ 10 ഡാമുകളുള്ളതും ഇതിന് കാരണമായി. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ നിയോഗിച്ച ഭൂകമ്പ ശാസ്ത്ര, എഞ്ചിനീയറിങ് വിദഗ്ധരാണ് പഠത്തിനെത്തുന്നത്.

ദേശീയ ജല അതോറിറ്റിയുടെ ഫൗണ്ടേഷന്‍ എഞ്ചിനീയറിങ് ആന്റ് സ്‌പെഷ്യല്‍ അനാലിസിസ് ഡയറക്ടര്‍ സമിര്‍ കുമാര്‍ ശുക്ല ചെയര്‍മാനും വൈദ്യുതി ബോര്‍ഡ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍ പ്രീത കണ്‍വീനറും ചെന്നൈ ഐഐടി പ്രൊഫസര്‍ സി.വി. ആര്‍ മൂര്‍ത്തി, സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ഡയര്‍ക്ടര്‍, ഈശ്വര്‍ ദത്ത് ഗുപ്ത, ജിഎസ്ഐ വെസ്റ്റേണ്‍ റീജിയണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സന്ദീപ് കുമാര്‍ സോം, കെഎസ്ഇബി മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലോഷി പോള്‍ എന്നിവര്‍ അംഗങ്ങളുമായി കഴിഞ്ഞ വര്‍ഷം സമിതി രൂപീകരിച്ചിരുന്നു.

എന്നാല്‍ കോവിഡ് കാരണം പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയി. ഇടുക്കി സംഭരണിയും പരിസര പ്രദേശങ്ങളും പഠന വിധേയമാക്കി  നാലു മാസത്തിനകം സംഘം റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് കൈമാറും. സ്ഥലത്ത് ക്യാംപ് ചെയ്ത് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഫീല്‍ഡ് സര്‍വെ അടക്കം നടത്തും.

ഇടുക്കിയില്‍ കൂടുതല്‍ ശക്തമായ ഭൂചലനത്തിനുള്ള സാധ്യത, ഇതുവരെയുണ്ടായ ചലനങ്ങള്‍ ഡാമുകളുടെ 
സുരക്ഷയെ ബാധിച്ചിട്ടുണ്ടോ, ഭ്രംശപാളികളുടെ നിലവിലെ അവസ്ഥ, സ്വകീരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയൊക്കെ റിപ്പോര്‍ട്ടിലുണ്ടാകും. ഇതിനായി രണ്ടംഗ വിദഗ്ധ സംഘം അടുത്തയാഴ്ച ഇടുക്കിയിലെത്തും. ഡാം സേഫ്റ്റി വിഭാഗമാണ് പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.