കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീസര്‍വേ ചെയ്യും: മന്ത്രി കെ രാജന്‍

കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീസര്‍വേ ചെയ്യും: മന്ത്രി കെ രാജന്‍

കോഴിക്കോട്: നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീ സര്‍വെ ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സമഗ്രമായ സര്‍വ്വേ പുനസംഘടനക്കായി 807 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 339 കോടി രൂപക്ക് ഈ വര്‍ഷത്തെ അനുമതി ലഭിച്ചു. ആധുനിക സാങ്കേതിക വിദ്യയായ കോര്‍സ് സംവിധാനം ഉപയോഗിച്ച് കേരളത്തെ സമഗ്രമായി അളക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇടി.എസ്, ഡ്രോണ്‍ എന്നീ വിദ്യകളും ഉപയോഗിക്കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമികള്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്യാധീനപ്പെട്ടു പോയതും അനധികൃതമായി സമ്പാദിച്ചതും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതുമായ ഭൂമി എന്നിവ സമാഹരിക്കും. അപ്പോഴാണ് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി എന്ന രീതിയിലേക്ക് മാറാന്‍ സാധിക്കുക.

ഭൂപരിഷ്‌കരണ നിയമത്തിലെ സീലിങ് ആക്ടിനെ ലംഘിച്ചുകൊണ്ട് പലയിടങ്ങളില്‍ തണ്ടപ്പേരില്‍ നികുതി അടയ്ക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. എന്നാല്‍ കേരളം യൂണീക് തണ്ടപ്പേര്‍ സംവിധാനത്തിലേക്ക് മാറാന്‍ പോവുകയാണ്. തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കും. രാജ്യത്ത് ആദ്യമായി യൂണീക് തണ്ടപ്പേര്‍ സംവിധാനം ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂപരിഷ്‌കരണ നിയമം 50 വര്‍ഷം പിന്നിട്ട ഘട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തണ്ടപ്പേര്‍ ഉടമകള്‍ ആക്കുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ മുന്നോട്ടു പോകും.

ഭൂപരിഷ്‌കരണ നിയമം അതിന്റെ അന്തസത്തയോടെ നടപ്പിലാക്കാന്‍ സ്വന്തമായി തണ്ടപ്പേര് ലഭ്യമല്ലാത്ത മുഴുവന്‍ കുടുംബങ്ങളുടെയും ഭൂരഹിതരുടെയും മുന്നില്‍ ഭൂമി എന്ന മുദ്രാവാക്യം ഏല്‍പ്പിക്കുക എന്നതാണ് പ്രധാന കാര്യം. കൈവശക്കാര്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ ആണെങ്കില്‍ ഭൂപരിഷ്‌കരണ നിയമത്തിലെ ചട്ടങ്ങളും ഉത്തരവുകളും നിയമമനുസരിച്ച് ഏതെങ്കിലും ഭേദഗതി ആവശ്യമാണെങ്കില്‍ അതും നടത്തിക്കൊടുക്കുക സാധ്യമാവും. സ്വന്തമായി ആറടി മണ്ണ് പോലുമില്ലാത്ത ജനങ്ങള്‍ക്ക് അവ ലഭ്യമാക്കാനുള്ള നടപടികളും തുടരുകയാണെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.