'തന്റെ ഹൃദയത്തിന്റെ ഒരു പാതി ഇന്ത്യയില്‍'; ആത്മകഥയില്‍ ഇന്ത്യയെക്കറിച്ച് വാചാലനായി ബാന്‍ കി മൂണ്‍

'തന്റെ ഹൃദയത്തിന്റെ ഒരു പാതി ഇന്ത്യയില്‍'; ആത്മകഥയില്‍ ഇന്ത്യയെക്കറിച്ച് വാചാലനായി ബാന്‍ കി മൂണ്‍

ന്യൂഡല്‍ഹി: തന്റെ ഹൃദയത്തിന്റെ ഒരു പാതി ഇന്ത്യയ്ക്കു പകുത്തു നല്‍കിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. തന്റെ ആത്മകഥയിലാണ് ഇന്ത്യയെക്കറിച്ച് ഇത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്തിയിരിക്കുന്നത്. മാത്രമല്ല
നയതന്ത്ര ഉദ്യോഗസ്ഥനായി ആദ്യം നിയോഗിക്കപ്പെട്ട ഇന്ത്യയോട് തനിക്കുള്ളതു സവിശേഷ ബന്ധമാണെന്നും ബാന്‍ കി മൂണ്‍ പറയുന്നു.

അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഹൃദയത്തിന്റെ ഒരു പാതി ഇന്ത്യയ്ക്കു പകുത്തു നല്‍കിയിരിക്കുകയാണെന്ന് റിസോള്‍വ്ഡ്: യുണൈറ്റിങ് നേഷന്‍സ് ഇന്‍ എ ഡിവൈഡഡ് വേള്‍ഡ് എന്ന ആത്മകഥയിലാണ് ബാന്‍ എഴുതിയിരിക്കുന്നത്. 1972ല്‍ ഭാര്യ സൂണ്‍ ടായെകും എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമൊത്ത് ഇന്ത്യയില്‍ എത്തിയ ബാന്‍ കൊറിയന്‍ എംബസിയില്‍ മൂന്നു വര്‍ഷമാണു സേവനം അനുഷ്ഠിച്ചത്. യുവ നയതന്ത്ര ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇന്ത്യന്‍ കാലഘട്ടം വെല്ലുവിളികള്‍ നിറഞ്ഞതെങ്കിലും വശ്യമനോഹരമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ നയതന്ത്ര അംഗീകാരം നേടി കൊറിയ ബന്ധം മെച്ചപ്പെടുത്തിയത് അക്കാലത്താണ്.

കൂടാതെ'ഏകമകന്‍ പിറന്നത് ഇന്ത്യയിലാണ്. ഏറ്റവും ഇളയ മകള്‍ വിവാഹം ചെയ്തത് ഇന്ത്യക്കാരനെ. അങ്ങനെ എല്ലാം കൊണ്ടും ഇന്ത്യയുമായി എന്റെ ബാലന്‍സ് ഷീറ്റ് ഭദ്രമാണെന്ന് ഇന്ത്യക്കാരുമായി ഞാന്‍ ഫലിതം പറയാറുണ്ട്' ആത്മകഥയില്‍ ബാന്‍ പറയുന്നു.

യുഎന്‍ സെക്രട്ടറി ജനറല്‍ പദവിക്കായി ബാന്‍ സ്ഥാനാര്‍ഥിയായ 2006ല്‍ തായ്ലന്‍ഡില്‍ നിന്നുള്ള സുരകിയാര്‍ട്ട് സതിരഥി മാത്രമായിരുന്നു തനിക്കു വെല്ലുവിളിയായതെന്നും ഇന്ത്യയുടെ ശശി തരൂരിനും ശ്രീലങ്കയുടെ ജയന്ത ധനപാലയ്ക്കും അവരവരുടെ രാജ്യങ്ങളുടെ ശക്തമായ പിന്തുണ ഇല്ലായിരുന്നെന്നും ബാന്‍ ആത്മകഥയില്‍ എഴുതി. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബാന്‍ ഒന്നാമതെത്തി. തരൂര്‍ രണ്ടാം സ്ഥാനത്തും. തുടര്‍ന്ന് തരൂരിന് 10 വോട്ടു ലഭിച്ചത് തനിക്ക് അല്‍പം ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ പല സന്ദര്‍ഭങ്ങളിലും ഇന്ത്യയെക്കുറിച്ച് വാചാലനാകുന്ന ബാനിനെ ആത്മകഥയില്‍ പലയിടത്തും കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.