ലണ്ടന്‍: ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരം ആരംഭിച്ചിട്ട് നാളേറെയായി. 1957-ല്‍ സോവിയറ്റ് യൂണിയന്‍ ലോകത്തിലെ ആദ്യത്തെ മനുഷ്യ നിര്‍മ്മിത ഉപഗ്രഹമായ സ്പുട്‌നിക് വിക്ഷേപിച്ചതു മുതല്‍ ആകാശത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ വലിയ തോതില്‍ പണവും അധ്വാനവും ചെലവഴിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉപഗ്രഹങ്ങളാണ് പലവിധ ദൗത്യങ്ങളുമായി ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്.
ആദ്യകാലങ്ങളില്‍ മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ അപൂര്‍വമായാണ് വിക്ഷേപിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള വളര്‍ച്ച സാക്ഷ്യം വഹിക്കുന്ന ഈ കാലത്ത് ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണ് ഭൂമിയെ വലംവയ്ക്കുന്നത്. ഭൂമിയില്‍ വിക്ഷേപണത്തിനായി ഒരുങ്ങുന്ന ഉപഗ്രഹങ്ങളുടെ കണക്ക് വേറെ.
എത്ര ഉപഗ്രഹങ്ങള്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നു എന്ന് ഊഹിക്കാനാകുമോ? ഈ ഉപഗ്രഹങ്ങളെല്ലാം കൂടി ബഹിരാകാശത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
സ്പുട്‌നിക്ക് വിക്ഷേപിച്ചശേഷം, അധികം താമസിയാതെ ഉപഗ്രഹങ്ങളുടെ ഒരു പ്രവാഹമാണ് ബഹിരാകാശത്തേക്കുണ്ടായത്. 2010 വരെ വര്‍ഷം തോറും 10-നും 60-നും ഇടയില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതായി മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി ഓഫ് ഫിസിക്സ് പ്രൊഫസര്‍ സുപ്രിയ ചക്രബര്‍ത്തി ഒരു ലേഖനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം, ആ നിരക്ക് കുതിച്ചുയര്‍ന്നു. 2020-ല്‍ 1,300-ലധികം പുതിയ ഉപഗ്രഹങ്ങളും 2021-ല്‍ ഇതുവരെ 1,400-ലധികം ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം, 2021 സെപ്റ്റംബര്‍ വരെ മൊത്തം 7,500 സജീവമായ ഉപഗ്രഹങ്ങള്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നു.
ലോ എര്‍ത്ത് ഓര്‍ബിറ്റ് (എല്‍.ഇ.ഒ)
ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന ബഹിരാകാശ പാതയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്. സമുദ്ര നിരപ്പില്‍ നിന്ന് 160 കിലോമീറ്റര്‍ ദൂരം മുതല്‍ 2000 കിലോമീറ്റര്‍ ദൂരം വരെ വ്യാപിച്ചുകിടക്കുന്ന താഴ്ന്ന വായുമണ്ഡല പ്രദേശം. വര്‍ഷങ്ങളായി രാജ്യങ്ങള്‍ അയയ്ക്കുന്ന ഉപഗ്രഹങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും സഞ്ചാരപഥം. ഇതില്‍ പ്രവര്‍ത്തനരഹിതാമായ നൂറുകണക്കിന് ഉപഗ്രഹങ്ങളും വരും. ഗതി നിര്‍ണയ ഉപഗ്രഹങ്ങളും കാലാവസ്ഥാ ഉപഗ്രഹങ്ങളും സൈനിക ആവശ്യത്തിനുള്ളതും എല്‍.ഇ.ഒയിലാണ്. അന്താരാഷ്ട്ര സ്‌പെയിസ് സ്റ്റേഷനും ഇവിടെയാണ്.
ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിനു പുറമേ സ്വകാര്യ കമ്പനികളും ഈ രംഗത്തേക്കു വന്നതോടെ ഉപഗ്രഹ വിക്ഷേപണത്തിന്റെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. അതിവേഗ ഇന്റര്‍നെറ്റിനും കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്നത് അടക്കമുള്ള സേവനങ്ങള്‍ക്കു വേണ്ടിയുമുള്ള പരിശ്രമങ്ങള്‍ വര്‍ധിച്ചതോടെ ഓരോ കമ്പനികളും ബഹിരാകാശത്ത് കൃത്രിമോപഗ്രഹങ്ങളുടെ ഒരു ശൃംഖലയാണു (മെഗാ കോണ്‍സ്റ്റലേഷന്‍) സ്ഥാപിക്കാനൊരുങ്ങുന്നത്. ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണ് ഈ ശൃംഖലയില്‍ അടങ്ങുന്നത്. സ്പേസ് എക്സിന്റെ സ്റ്റാര്‍ ലിങ്ക് പദ്ധതി ഇതിനുദാഹരണമാണ്.
അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞനിരക്കില്‍ ഉപയുക്തമാക്കുക എന്നതാണ് ഈ ദൗത്യങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ആരോണ്‍ ബോലി പറയുന്നു. സ്‌പേസ് എക്‌സ്, വണ്‍വെബ്, ആമസോണ്‍, ജി.ഡബ്ല്യൂ (ചൈനയുടെ ഉപഗ്രഹ ശൃംഖല) എന്നീ കമ്പനികളുടേത് അടക്കം മൊത്തം ഒരു ലക്ഷത്തിലധികം ഉപഗ്രഹങ്ങളാണ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.
ബഹിരാകാശത്ത് കൂട്ടിയിടി?
അതേസമയം പതിറ്റാണ്ടുകളായി വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളില്‍നിന്നു തൊടുത്തുവിടുന്ന ഉപഗ്രഹങ്ങളെല്ലാം നിരവധി പുതിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് മെഗാകോണ്‍സ്റ്റലേഷന്‍ പദ്ധതികളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ആരോണ്‍ ബോലി പറയുന്നു.
ബഹിരാകാശത്ത് മനുഷ്യ നിര്‍മിത 'ട്രാഫിക് ജാമിന്' ഇത്തരം പദ്ധതികള്‍ കാരണമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പുനല്‍കുന്നു. ഇത് ബഹിരാകാശ മലിനീകരണത്തിന്റെ തോതു വര്‍ധിപ്പിക്കും.
ബഹിരാകാശത്ത് മനുഷ്യ നിര്‍മിത വസ്തുക്കള്‍ സ്ഥിരമാലിന്യങ്ങളായി മാറുന്നതിന്റെ അപകടസാധ്യത നേരത്തെ തന്നെ ആശങ്കയയായി പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഭൂമിക്ക് ചുറ്റും കറങ്ങുന്ന വസ്തുക്കളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ബഹിരാകാശ മാലിന്യങ്ങളുമായുള്ള കൂട്ടിയിടിക്കുള്ള സാധ്യതയും കൂടിയെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് സാറ്റലൈറ്റുകളുടെ മാത്രമല്ല ബഹിരാകാശ സഞ്ചാരികളുടെ ജീവന് വരെ ഭീഷണിയാണ്. സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്ന നിരവധി പദ്ധതികള്‍ സമീപഭാവിയില്‍ തന്നെ യാഥാര്‍ഥ്യമാകും. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഇതിനകം കുറഞ്ഞത് 128 ദശലക്ഷം അവശിഷ്ടങ്ങള്‍ ഉണ്ട്. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം പറയുന്നതനുസരിച്ച്, അവയില്‍ ഏകദേശം 34,000 എണ്ണം 10 സെന്റീമീറ്ററില്‍ കൂടുതലാണ്. ഭാവിയില്‍ ഇതു വര്‍ധിക്കും. ലോ എര്‍ത്ത് ഓര്‍ബിറ്റിലെ തീവ്രമായ അള്‍ട്രാവയലറ്റ് വികിരണത്തിനും ഉപഗ്രഹങ്ങളെ തകരാറിലാക്കാന്‍ കഴിയുമെന്നും ബോലി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.