'വൈറ്റ് ഹൗസ് ക്രിസ്മസ് ട്രീ' വന്നെത്തി ; പരമ്പരാഗത തയ്യാറെടുപ്പിന്റെ തിരക്കില്‍ പ്രഥമ വനിത ജില്‍ ബൈഡന്‍

'വൈറ്റ് ഹൗസ് ക്രിസ്മസ് ട്രീ' വന്നെത്തി ; പരമ്പരാഗത  തയ്യാറെടുപ്പിന്റെ തിരക്കില്‍ പ്രഥമ വനിത ജില്‍ ബൈഡന്‍

വാഷിംഗ്ടണ്‍:വൈറ്റ്ഹൗസില്‍ ബൈഡന്‍ കുടുംബത്തിന്റെ ആദ്യ ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ച് പ്രഥമ വനിത. പരമ്പരാഗത രീതിയില്‍ ഔദ്യോഗിക 'വൈറ്റ് ഹൗസ് ക്രിസ്മസ് ട്രീ' ആഹ്‌ളാദപൂര്‍വം കൈപ്പറ്റിയ ശേഷം ജില്‍ ബൈഡന്റെ മേല്‍നോട്ടത്തില്‍ വൈറ്റ് ഹൗസ് ഹാളുകള്‍ അലങ്കരിച്ചു തുടങ്ങി.

നോര്‍ത്ത് കരോലിനയിലെ ജെഫേഴ്‌സണിലുള്ള പീക്ക് ഫാംസില്‍ നിന്നാണ് ക്രിസ്മസ് ട്രീ കൊണ്ടുവന്നത്. നാഷണല്‍ ക്രിസ്മസ് ട്രീ അസോസിയേഷന്റെ 2021-ലെ 'ഗ്രാന്‍ഡ് ചാമ്പ്യന്‍ ഗ്രോവര്‍' പട്ടമണിഞ്ഞ റസ്റ്റി ആന്‍ഡ് ബ്യൂ എസ്റ്റസ് പരിപാലിച്ചു വളര്‍ത്തിയതാണ് പതിനെട്ടര അടി ഉയരമുള്ള ഹരിത സുന്ദരമായ ഈ ഫ്രേസര്‍ ഫിര്‍ മരം. ജോര്‍ജ്. ഡബ്ല്യു. ബുഷിന്റെയും ബരാക് ഒബാമയുടെയും ഭരണ കാലത്തും ഇതേ ബഹുമതി സ്വന്തമാക്കിയ പ്രശസ്ത ടീമാണിത്.

ലളിതമായിരുന്നില്ല വൈറ്റ് ഹൗസിലേക്കുള്ള ക്രിസ്മസ് ട്രീയുടെ തിരഞ്ഞെടുപ്പു പ്രക്രിയ. വൈറ്റ് ഹൗസ് ഗ്രൗണ്ട് സൂപ്രണ്ട് ഡെയ്ല്‍ ഹാനിയും ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ ജെയിംസ് പിങ്കെര്‍ട്ടണും ഈ വര്‍ഷം ആദ്യം തന്നെ ദേശീയ ക്രിസ്മസ് ട്രീ മത്സര വിജയികളില്‍ നിന്ന് വൃക്ഷത്തെ വ്യക്തിപരമായി തിരഞ്ഞെടുക്കുന്നതിനായി പീക്ക് ഫാമിലേക്ക് പോയിരുന്നു.

1966 മുതലുള്ള ആഹ്ലാദകരമായ പാരമ്പര്യ പ്രകാരം ജിംഗിള്‍ ബെല്‍സ് കിലുക്കി കുതിര വണ്ടിയിലാണ് നോര്‍ത്ത് പോര്‍ട്ടിക്കോയില്‍ ക്രിസ്മസ് ട്രീ എത്തിച്ചത്.അവിടെ പ്രഥമ വനിത ആചാരാധിഷ്ഠിതമായി വരവേറ്റു. വൈറ്റ് ഹൗസിലെ ഓവല്‍ ആകൃതിയിലുള്ള ബ്ലൂ റൂമില്‍ സ്ഥാപിച്ച് അലങ്കരിക്കുകയാണ് അടുത്ത നടപടി. ക്രിസ്മസ് ട്രീയുടെ മുഴുവന്‍ ഉയരവും ഉള്‍ക്കൊള്ളുന്നതിനായി ബ്ലൂ റൂമിലെ വമ്പന്‍ തൂക്കുവിളക്കു സഞ്ചയം എല്ലാ വര്‍ഷവും അഴിച്ചുമാറ്റേണ്ടി വരാറുണ്ടെന്ന് പ്രഥമ വനിതയുടെ ഓഫീസ് ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ക്രിസ്മസ് ട്രീയുടെ വരവ് സാധാരണയായി വൈറ്റ് ഹൗസിന്റെ വാര്‍ഷിക അവധിക്കാല ആഘോഷങ്ങളുടെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസിനെ ഒരു ശീതകാല അത്ഭുത ലോകമായി മാറ്റുന്ന പ്രക്രിയക്ക് പരമ്പരാഗതമായി ഈസ്റ്റ് വിംഗ് ആയിരിക്കും മേല്‍നോട്ടം വഹിക്കുക.

1889 മുതലാണ് വൈറ്റ് ഹൗസ് ക്രിസ്മസ് ട്രീയുടെ പാരമ്പര്യമുള്ളത്.വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കല്‍ അസോസിയേഷന്‍ രേഖകള്‍ പ്രകാരം ക്രിസ്മസിനെ വരവേല്‍ക്കാന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ ഹാരിസണ്‍ ആണ് മെഴുകുതിരികള്‍ കൊണ്ട് അലങ്കരിച്ച ആദ്യത്തെ മരം സ്ഥാപിച്ചത്; യെലോ റൂമില്‍ ആയിരുന്നു അത്. 1912-ല്‍ ടാഫ്റ്റ് ഭരണകാലത്ത് ഈ മരം ബ്ലൂ റൂമില്‍ അരങ്ങേറ്റം കുറിച്ചു. 1961-ല്‍ പ്രഥമ വനിത ജാക്വലിന്‍ കെന്നഡി ബ്ലൂ റൂമിലെ ക്രിസ്മസ് ട്രീയ്ക്കായി ഒരു മുദ്രാവാക്യം തിരഞ്ഞെടുത്തു. ഈ പാരമ്പര്യം ഇന്നും തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.