വാഷിംഗ്ടണ്‍: അനുദിനം അധിക ഭീതി വിതച്ച് ഒമിക്രോണ്‍ പടരുന്നതു മൂലം നിരവധി രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടുന്നതിനിടെ അമേരിക്കയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍, പരിശോധനാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഏതു രാജ്യത്തു നിന്നും യു.എസിലേക്ക് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയായ എല്ലാ വിദേശ പൗരന്മാരും വിമാനത്തില്‍ കയറുന്നതിന് മുമ്പ് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിരിക്കണം. യു.എസിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് പരിശോധനാ ഫലവും നിര്‍ബന്ധിതമാണ്.
2021 നവംബര്‍ 8-ന് പ്രാബല്യത്തില്‍ വന്ന സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉത്തരവ് പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരത്വമില്ലാത്തതും നോണ്‍ ഇമ്മിഗ്രന്റ് വിഭാഗത്തില്‍പെടുന്നതുമായ എല്ലാ വിമാന യാത്രികര്‍ക്കും പൂര്‍ണ്ണ വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കിയിരുന്നു.അമേരിക്കയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് വാക്‌സിനേഷന്‍ നിലയുടെ തെളിവ് നല്‍കണം. ഇതു സംബന്ധിച്ച ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സിഡിസിയുടെ അന്താരാഷ്ട്ര യാത്ര സംബന്ധിച്ച വെബ്‌സൈറ്റ് നിരീക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍, വൈദ്യശാസ്ത്രപരമായി വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്ത ആളുകള്‍, വാക്‌സിന്‍ സമയബന്ധിതമായി ലഭ്യമല്ലാത്ത അടിയന്തര യാത്രക്കാര്‍ എന്നിവര്‍ക്കു മാത്രമാണ് സുക്ഷ്മ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ നിബന്ധനയില്‍ ഒഴിവുള്ളത്.
യാത്ര ചെയ്യാന്‍ യോഗ്യതയുള്ളതും എന്നാല്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുക്കാത്തതുമായ യു.എസ്. പൗരന്മാരും നിയമപരമായ സ്ഥിര താമസക്കാരും (എല്‍പിആര്‍) ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ തെളിവ് നല്‍കേണ്ടതുണ്ട്. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുള്ള യുഎസ് പൗരന്മാരും എല്‍പിആര്‍ വിഭാഗത്തില്‍ പെടുന്നവരും അവരുടെ യാത്ര തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുമ്പുള്ള നെഗറ്റീവ് ടെസ്റ്റ് ഫലവും വാക്‌സിനേഷന്റെ തെളിവും വിമാനക്കമ്പനികള്‍ക്ക് നല്‍കണം. ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് സിഡിസിയുടെ വെബ്‌സൈറ്റില്‍ മറുപടി ലഭ്യമാണ്.
പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുക്കുന്നത് വരെ അന്താരാഷ്ട്ര യാത്ര ഒഴിവാക്കണമെന്ന്് സിഡിസി ശുപാര്‍ശ ചെയ്യുന്നു. അന്താരാഷ്ട്ര യാത്ര കൂടുതല്‍ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്ത യാത്രക്കാരിലേക്ക് പോലും ചില കോവിഡ് 19 വകഭേദങ്ങള്‍ പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. 'കോവിഡ്-19-ല്‍ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ യാത്ര മാറ്റിവയ്ക്കുക, വീട്ടിലിരിക്കുക. നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍, യാത്രയ്ക്ക് മുമ്പും സമയത്തും ശേഷവും എല്ലാ സിഡിസി നിര്‍ദ്ദേശങ്ങളും പാലിക്കുക.' - ഇതു സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നു.യു.എസില്‍ എത്തിയതിന് ശേഷം മൂന്നോ അഞ്ചോ ദിവസത്തിനുള്ളില്‍ വിമാന യാത്രക്കാര്‍ മറ്റൊരു പരിശോധന നടത്തേണ്ടതുണ്ടോ എന്നതും ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ബോട്‌സ്വാന, ഈശ്വതിനി, ലെസോത്തോ, മലാവി, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് ലെവല്‍ 4 നിരോധനമണ് പ്രാബല്യത്തിലായിട്ടുള്ളത്. അതേസമയം, ഈ നിരോധനം യുഎസ് പൗരന്മാര്‍ക്കും നിയമാനുസൃത സ്ഥിര താമസക്കാര്‍ക്കും ബാധകമല്ല. ഇതു സംബന്ധിച്ച പ്രഖ്യാപനത്തിന്റെ പൂര്‍ണരൂപം വൈറ്റ് ഹൗസ് വെബ്സൈറ്റില്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.