ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാ തീരത്തേക്ക്; ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും

ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാ തീരത്തേക്ക്;  ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും

തിരുവനന്തപുരം: കേരളത്തിൽ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഞായറാഴ്ച മുതല്‍ വീണ്ടും മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ ആന്ധ്രാ, ഒഡീഷ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച മുതല്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും ഈ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇത് തുടര്‍ന്നുള്ള ഇരുപത്തിനാല് മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച്‌ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച്‌ 'ജവാദ് 'ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലിനു രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി നിലവില്‍ വടക്ക് -കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ നിലനില്‍ക്കുന്നുണ്ട്. ചക്രവാത ചുഴിയുടെ ഫലമായി തെക്കു കിഴക്കന്‍ അറബിക്കടല്‍ മുതല്‍ വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് - വടക്കന്‍ കൊങ്കണ്‍ തീരംവരെ ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

അതേ സമയം, ചക്രവാതചുഴിയും ചുഴലിക്കാറ്റും നിലവില്‍ കേരളത്തിന് ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.