അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 03
സ്‌പെയിനിലെ നവാറ സംസ്ഥാനത്തെ പ്രഭു കുടുംബമായ ബാസ്‌ക്യു കുടുംബത്തില്‍ 1506 ഏപ്രില്‍ ഏഴിനാണ് ഫ്രാന്‍സിസ് സേവ്യറിന്റെ ജനനം. ദൈവ ഭക്തരായ ജുവാന്‍-മരിയ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍.
പിതാവ് ജുവാന്‍ കൂടുതല്‍ സമയം രാജസന്നിധിയിലായിരുന്നതിനാല്‍ ഫ്രാന്‍സിസിനെ എഴുത്തിനിരുത്തിയതും പഠിപ്പിച്ചതും മരിയയുടെ അകന്ന സഹോദരനായ മിഗുവേല്‍ എന്ന പുരോഹിതനായിരുന്നു. വീട്ടു കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചിരുന്നത് മരിയയുടെ സഹോദരനായ മാര്‍ട്ടിനായിരുന്നു. ഇവരുടെ കര്‍ത്തവ്യബോധവും, സ്നേഹവും, ഭക്തിയും സേവ്യറിന്റെ വ്യക്തിത്വത്തെ രൂപാന്തരപ്പെടുത്തി.
1512 ല്‍ സ്പെയിന്‍ രാജാവ് നവാറ സംസ്ഥാനത്തെ ആക്രമിച്ചു കീഴ്പ്പെടുത്തി. അതോടെ 700 വര്‍ഷത്തെ നവാറയുടെ പാരമ്പര്യവും സ്വതന്ത്ര പദവിയും നഷ്ടപ്പെട്ടു. ജുവാന്റെ അടക്കം നിരവധിയാളുകളുടെ വസ്തുവകകള്‍ സ്പാനീഷ് ഗവണ്‍മെന്റ് കണ്ടുകെട്ടി. ഈ വേദനയുടെ നടുവില്‍ കഴിയവെ 1515 ഒക്ടോബര്‍ 15 ന് ജുവാന്‍ മരണമടഞ്ഞു. വൈകാതെ ഫ്രാന്‍സിസ് സേവ്യര്‍ തന്റെ ഉപരിപഠനത്തിനായി പാരീസില്‍ എത്തി.
അന്നത്തെ ലോക പ്രസിദ്ധമായ സര്‍വ്വകലാശാലയാണ് പാരീസ് സര്‍വ്വകലാശാല. അവിടുത്തെ പ്രസിദ്ധമായ കോളജാണ് സെന്റ് ബര്‍ബരാ കോളജ്. ഫ്രാന്‍സിസ് അവിടെ പഠനം ആരംഭിച്ചു. സേവ്യറിന്റെ കൂട്ടുകാരനായിരുന്നു പീറ്റര്‍ ഫേബര്‍. പന്ത്രണ്ടാം വയസില്‍ നിത്യ ബ്രഹ്മചര്യം ഏറ്റെടുത്ത സാത്വികനായ ഒരു കര്‍ഷക പുത്രന്‍. ഈ കാലഘട്ടത്തില്‍ സഭാ ഭരണാധികാരികള്‍ക്ക് രാഷ്ട്രീയാധികാരം കൂടി വന്നുചേര്‍ന്നത് ഫ്രാന്‍സിസിന്റെ ഉള്ളില്‍ അധികാരത്തിനുള്ള ആഗ്രഹം ഉടലെടുക്കാന്‍ കാരണമായി. ചുവന്ന തൊപ്പിയും പട്ടുവസ്ത്രവും അധികാരവും അവന്‍ സ്വപ്നം കണ്ടു.
ഈ നാളുകളില്‍ അവന്റെ മുറിയില്‍ ഒരു പുതിയ വിദ്യാര്‍ത്ഥികൂടി വന്നു. ഏകദേശം നാല്‍പതു വയസ്. തോന്നിക്കും. പഠനത്തില്‍ വലിയ സമര്‍ത്ഥനല്ലാത്ത ഈ വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുവാനുള്ള ഉത്തരവാദിത്തം ഫ്രാന്‍സിസിനായിരുന്നു. പാംപിലോണ യുദ്ധത്തില്‍ സ്പാനിഷ് സൈന്യത്തെ നയിച്ച സൈന്യാധിപനായിരുന്നു ഈ വിദ്യാര്‍ത്ഥി. പേര് ഇഗ്‌ന്യേഷ്യസ് ലെയോള. യുദ്ധത്തില്‍ വെടിയേറ്റ് കാലൊടിഞ്ഞു. ചികിത്സയ്ക്ക് പല ആശുപത്രികളില്‍ താമസിക്കുന്നതിനിടയില്‍ വായിക്കാന്‍ കിട്ടിയ പുസ്തകങ്ങള്‍ ഈ സൈന്യാധിപനില്‍ പരിവര്‍ത്തനമുളവാക്കി.
ആശുപത്രി വിട്ടിറങ്ങിയ അദ്ദേഹം ദൈവത്തെ സേവിക്കുവാന്‍ തീരുമാനിച്ചു. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഉപരിപഠനത്തിനുവേണ്ടി ആഗ്രഹിച്ചതിനാല്‍ പാരീസിലെത്തി. അവധികാലത്ത് ഭിക്ഷാടനം ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഇഗ്‌നേഷ്യസ് വിദ്യാഭ്യാസത്തിനുള്ള പണം ശേഖരിച്ചത്. വിദ്യാര്‍ത്ഥികളെ ആധ്യാത്മികമായി ഉയര്‍ത്തുക എന്നതായിരുന്നു ഇഗ്‌നേഷ്യസിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം അനേകര്‍ ദൈവത്തിങ്കലേക്ക് തിരിയാന്‍ ഇടയായി.
ഇക്കാലയളവില്‍ ഒരു പണ്ഡിതനായ പ്രാസംഗികന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് സേവ്യര്‍ പാരീസില്‍ പ്രശസ്തനായി കഴിഞ്ഞിരുന്നു. പിന്നീട് ഫ്രാന്‍സിസ് പാംപിലോണ രൂപതയിലെ സെമിനാരിയില്‍ ചേര്‍ന്ന് ശെമ്മാശനായി. സേവ്യറിന്റെ ഹൃദയം യേശുവിനായി ജ്വലിച്ചു. വൈകാതെ പീറ്റര്‍ ഫേബറും ഫ്രാന്‍സിസ് സേവ്യറും ഇഗ്‌നേഷ്യസിന്റെ ശിഷ്യന്മാരായി.
ഈ നാളുകളില്‍ പോര്‍ച്ചുഗീസുകാരനായ റോഡ്റിഗ്സ്, സ്പെയിനില്‍ നിന്നുള്ള ലെയ്നസ്, സാല്‍മാന്‍, ബോബഡില്ല എന്നിവരും ഇഗ്‌നേഷ്യസിന്റെ ശിഷ്യന്മാരായി വന്നു. 1534 ആഗസ്റ്റ് 15 ന് ഇവര്‍ ഏഴ് പേരും ചേര്‍ന്ന് ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ എടുത്തു. ഈ ധ്യാനത്തില്‍വച്ച് ഫ്രാന്‍സിസ് ഒരു പുതിയ മനുഷ്യനായി രൂപാന്തരപ്പെട്ടു. തുടര്‍ന്ന് സഭാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പദ്ധതികള്‍ തയ്യാറാക്കി മാര്‍പാപ്പയെ സന്ദര്‍ശിക്കുവാന്‍ അവര്‍ തീരുമാനിച്ചു.
റോമിലെത്തിയ അവരുടെ പാണ്ഡിത്യത്തില്‍ മാര്‍പാപ്പയ്ക്ക് സന്തോഷമായി. ഇഷ്ടമുള്ള മെത്രാനില്‍ നിന്ന് പത്രമേനി കൂടാതെ തന്നെ പട്ടം സ്വീകരിക്കുവാനുള്ള കല്‍പന അവര്‍ക്ക് കിട്ടി. പിന്നീട് അവര്‍ പുതിയൊരു സഭാ സമൂഹത്തിന് രൂപം നല്‍കി. അതിന് 'ഈശോസഭ' എന്ന് പേരിട്ടു. വൈകാതെ സഭാംഗങ്ങള്‍ റോമില്‍ ഒരുമിച്ച് കൂടണമെന്നുള്ള നിര്‍ദേശം കിട്ടിയതിനാല്‍ ഫ്രാന്‍സിസ് റോമിലെത്തി. മാര്‍പാപ്പ അദ്ദേഹത്തിന് സാന്‍ലൊറേന്‍സോ ദേവാലയത്തിന്റെ ഭരണം നല്‍കി. 1539 സെപ്റ്റംബര്‍ മൂന്നിന് ഈശോ സഭയ്ക്ക് മാര്‍പാപ്പ അംഗീകാരവും നല്‍കി.
തുടര്‍ന്ന് ഭാരതത്തിലെ പ്രേക്ഷിത പ്രവര്‍ത്തനത്തിന് ഫ്രാന്‍സിസ് സേവ്യര്‍ നിയോഗിക്കപ്പെട്ടു. 1541 ഏപ്രില്‍ ഏഴിന് ഗോവയിലേക്ക് കപ്പല്‍ കയറി. 11 മാസത്തെ യാത്രയ്ക്ക് ശേഷം 1542 മെയ് ആറിന് ഗോവയിലെത്തി. ഗോവയിലെത്തിയ അദ്ദേഹം ആദ്യമായി മെത്രാപ്പോലിത്തായെ പോയി കണ്ടു. തുടര്‍ന്ന് വൈസ്രോയിയേയും. പോര്‍ച്ചുഗീസ് പ്രതാപത്തിലായിരുന്ന ഗോവയിലെ ജീവിത രീതി കുത്തഴിഞ്ഞതായിരുന്നു. വ്യഭിചാരം, അടിമക്കച്ചവടം, ശിശുഹത്യ, അവിഹിത ധന സമ്പാദനം തുടങ്ങിയ തിന്മകളെല്ലാം ജനത്തെ ഗ്രസിച്ചിരുന്നു.
അനുതാപ ശുശ്രൂഷയ്ക്ക് അദ്ദേഹം ആദ്യം ജനത്തെ ഒരുക്കി. ഗോവയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. ഗോവയിലെ ശുശ്രൂഷാ സമയത്ത് ഫ്രാന്‍സിസിന്റെ ശ്രദ്ധ കന്യാകുമാരിയിലേക്ക് തിരിഞ്ഞു. ആയിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമങ്ങളില്‍ വചനം എത്തിക്കുവാന്‍ കപ്പല്‍ വഴി യാത്രയായി. കന്യാകുമാരിയിലെത്തിയ അദ്ദേഹം തൂത്തുക്കുടിവരെയുള്ള എല്ലാ ഗ്രാമങ്ങളിലും നടന്നു ചെന്ന് സുവിശേഷം പ്രസംഗിച്ചു.
ദേശീയ ഭാഷയായ തമിഴില്‍ അവിടുത്തെ ജനത്തെ പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചു. ജില്ലാ തലത്തില്‍ വൈദികരെ നിയമിച്ചു. അനേകര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. പരവ ഗ്രാമങ്ങളില്‍ ദിവസം മുഴുവന്‍ മാമ്മോദിസാ വെള്ളം ഒഴിച്ച് കൈകള്‍ തളര്‍ന്നതും പ്രാര്‍ത്ഥനകള്‍ ചൊല്ലികൊടുത്ത് ശബ്ദം അടഞ്ഞതും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 1543 ഒക്ടോബറില്‍ കന്യാകുമാരിയില്‍നിന്നും ഗോവയിലേക്ക് മടങ്ങി.
1544 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് വീണ്ടും കന്യാകുമാരിയില്‍ തിരിച്ചെത്തി. ഗ്രാമങ്ങള്‍ തോറും ചുറ്റി സഞ്ചരിച്ച് വചനം പ്രസംഗിച്ചു. വിശ്വസിച്ചവര്‍ക്ക് ജ്ഞാനസ്നാനം നല്‍കി. ഒരു മാസത്തെ തിരുവിതാംകൂറിലെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഫലമായി 10,000 പേര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവാന്‍ സാധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 45 പള്ളികളും അദ്ദേഹം സ്ഥാപിച്ചു. പിന്നീട് പോര്‍ച്ചുഗീസ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെത്തി ക്രിസ്തുവിനെ പ്രഘോഷിച്ചു.
1551 ല്‍ താന്‍ ഇന്ത്യയില്‍ മതപരിവര്‍ത്തനം ചെയ്തവരെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സിസ് വീണ്ടും യാത്ര തിരിച്ചു. യാത്രയ്ക്കിടെ സാന്‍സിയന്‍ ദ്വീപിലെ കാന്റണ്‍ നദീമുഖത്തെത്തിയപ്പോഴേക്കും അദ്ദേഹത്തിന് കലശലായ പനി പിടിക്കുകയും ചുട്ടുപൊള്ളുന്ന മണലില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ ആള്‍വാറസ് എന്ന പാവപ്പെട്ട മനുഷ്യന്‍ വിശുദ്ധനെ കണ്ട് തന്റെ കുടിലിലേക്ക് കൊണ്ടു പോയി. രണ്ടാഴ്ച കഴിഞ്ഞ് 1552 ഡിസംബര്‍ മൂന്നിന് ആ പുണ്യാത്മാവ് സ്വര്‍ഗത്തിലേക്ക് യാത്രയായി. ഒരു ചെറിയ കല്ലറയില്‍ അദ്ദേഹത്തെ അടക്കം ചെയ്തു.
മൂന്ന് മാസത്തിനു ശേഷം കല്ലറ തുറന്നു നോക്കിയപ്പോള്‍ മൃതദേഹം അഴുകാതെ ഇരിക്കുന്നതായി കാണപ്പെട്ടു. ഇത് വലിയ അത്ഭുതമായി വ്യഖ്യാനിക്കപ്പെട്ടു. പിന്നീട് ഗോവയിലേക്ക് കൊണ്ട് വന്ന് മൃതദേഹം അവിടെ സൂക്ഷിച്ചിരിക്കുന്നു. 1554 ല്‍ പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ സേവ്യറിന് ധന്യപദവി നല്‍കി. 1622 ല്‍ ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ വിശുദ്ധനായി നാമകരണം ചെയ്തു.
1747ല്‍ ബെനഡിക്റ്റ് പതിനാലാമന്‍ മാര്‍പാപ്പ പൗരസ്ത്യ ദേശങ്ങളുടെ വിശുദ്ധ സംരക്ഷകനായി വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ പ്രഖ്യാപിച്ചു. 1904ല്‍ പത്താം പിയൂസ് മാര്‍പാപ്പ വേദ പ്രചാരക സംഘത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥനായി വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ ഉയര്‍ത്തി.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സ്ട്രാസ് ബര്‍ഗിലെ അറ്റാലിയ
2. പന്നോണിയായിലെ അഗ്രിക്കൊളാ
3. ഔക്‌സേണ്‍ ബിഷപ്പായിരുന്ന അബ്ബോ
4. നിക്കോമേഡിയായിലെ അമ്പിക്കൂസ്, വിക്ടര്‍, ജൂളിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.