അമേരിക്കയിലെ സ്‌കൂളില്‍ സഹപാഠികളെ വെടിവെച്ചു കൊന്ന കൗമാരക്കാരന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍

അമേരിക്കയിലെ സ്‌കൂളില്‍ സഹപാഠികളെ വെടിവെച്ചു കൊന്ന കൗമാരക്കാരന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളെ വെടിവെച്ചു കൊന്ന കൗമാരക്കാരന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഒളിവിലായിരുന്ന ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യു.എസ് പോലീസ് 10,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരു വാണിജ്യ കേന്ദ്രത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്.

കുട്ടി വെടിവെപ്പു നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു എന്നതാണ് മാതാപിതാക്കളായ ജെയിംസിനും ജെന്നിഫര്‍ ക്രുംബ്ലിക്കുമെതിരെ ചുമത്തിയ കുറ്റം. തോക്കുമായാണോ കുട്ടി സ്‌കൂളില്‍ പോയതെന്ന് പരിശോധിക്കാനും മാതാപിതാക്കള്‍ തയാറായില്ലെന്ന് ആരോപണമുണ്ട്. പിതാവിന്റെ തോക്കുപയോഗിച്ചാണ് ഈതന്‍ ക്രംബ്ലി എന്ന 15-കാരന്‍ മിഷിഗണിലെ സ്‌കൂളില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ത്തതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാള്‍ അദ്ധ്യാപികയാണ്.

മിഷിഗനിലെ ഓക്ലാന്‍ഡ് കൗണ്ടി ജഡ്ജി ജൂലി നിക്കോള്‍സണിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അമ്മ ജെന്നിഫര്‍ ക്രംബ്ലി കണ്ണീരണിഞ്ഞപ്പോള്‍ ഭര്‍ത്താവ് ജെയിംസ് വികാരരഹിതനായി തുടര്‍ന്നു.

വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ദാരുണ സംഭവമുണ്ടായത്. കുട്ടിയെ സ്‌കൂളില്‍ നിന്നു തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.