ക്രൂശിത രൂപം സംസാരിച്ചത്....

ക്രൂശിത രൂപം സംസാരിച്ചത്....

പ്രളയത്തിൽ വീടുവിട്ടിറങ്ങേണ്ടി വന്ന സുഹൃത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "അച്ചാ, എൻ്റെ ദൈവത്തെ ഉള്ളറിഞ്ഞ് വിളിച്ച നിമിഷങ്ങളായിരുന്നു അത്. സുഹൃത്തുക്കൾ വന്നു വിളിച്ചപ്പോഴും ആദ്യമൊന്നും വീടുവിട്ടിറങ്ങുവാൻ ഞാൻ തയ്യാറായില്ല. എന്നാൽ വെള്ളം ഉയർന്നുകൊണ്ടിരുന്നതിനാൽ പ്രാണനേക്കാൾ വലുതല്ല മറ്റെന്തും എന്ന ബോധ്യം ലഭിച്ചു. ഇളയ കുഞ്ഞിനെ ചുമലിൽ ഇരുത്തി ഭാര്യയെയും മക്കളെയും കൂട്ടി നടന്നു നീങ്ങുമ്പോൾ മഴവെള്ളം ജനൽപാളികളെ വിഴുങ്ങിത്തുടങ്ങിയിരുന്നു. അഭയാർത്ഥി ക്യാമ്പിലെത്തിയ ഞാൻ ആ രാത്രി ഉറങ്ങിയില്ല. വീടിനേക്കുറിച്ചുള്ള ചിന്തയായിരുന്നു മനസു നിറയെ. സൂര്യനുദിച്ചപ്പോൾ അടുത്തുള്ളകുന്നിലേക്ക് ഞാൻ ഓടി.അവിടെ നിന്ന് വീട്ടിലേക്ക് നോക്കിയപ്പോൾ ചങ്കുതകർക്കുന്ന കാഴ്ചയാണ് കണ്ടത്; വീടിനു മുകളിലൂടെ ഒഴുകുന്ന പുഴ!

ചുറ്റിനും പകലായിരുന്നിട്ടും ഉള്ളു നിറയെ ഇരുട്ടായിരുന്നു. മഴപെയ്തിരുന്നതിനാൽ ഞാൻ കരയുന്നത് ആരും തിരിച്ചറിഞ്ഞില്ല. ഇടവക പള്ളിയായിരുന്നു ഞങ്ങളുടെ ക്യാമ്പ്. ദൈവാലയത്തിൽ കുർബാനയ്ക്കു മാത്രം വന്നിരുന്ന ഞാൻ അഭയാർത്ഥിയായ് ഇവിടെ എത്തിയിരിക്കുന്നു. പള്ളിയുടെ പിന്നിലെ ഭിത്തിയിൽ ചാരി അൾത്താരയിലെ ക്രൂശിതരൂപം നോക്കി ഞാൻ പൊട്ടിക്കരഞ്ഞു. ക്രിസ്തുവിനോട് എനിക്ക് വെറുപ്പും പകയും തോന്നി. ഈ കൂലിവേലക്കാരനോട് എന്തിനീ കടുംകൈ ചെയ്തു എന്ന് ഞാനവനോട് ചോദിച്ചു. അല്പം കഴിഞ്ഞപ്പോൾ ക്രിസ്തുവും എന്നോടൊപ്പം കരയുന്നതു പോലെ അനുഭവപ്പെട്ടു.

'എന്തു നഷ്ടപ്പെട്ടാലും ഞാനില്ലെ നിൻ്റെ കൂടെ. എല്ലാം ശരിയാകും' എന്നൊരു സ്വരം കുരിശിൽ നിന്ന് കാതിൽ പതിച്ചു. അപ്പോൾ മുതൽ അവനോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. അപ്പോഴേക്കും ഭക്ഷണ സമയമായിരുന്നു." ഒരു ദീർഘനിശ്വാസത്തോടെ അവൻ തുടർന്നു: "വീട്ടിലാണെങ്കിൽ കൈ കഴുകി ഇരുന്നാൽ മതി, ഭാര്യ ഭക്ഷണവുമായ് എത്തും. എന്താണ് കറിയെന്ന് എനിക്കറിയാം. എൻ്റെ രുചിക്കനുസരിച്ച് ഭാര്യ തയ്യാറാക്കി തരുന്ന ഭക്ഷണത്തേക്കുറിച്ച് അറിയാതെ ഞാൻ ഓർത്തു പോയി.

പാത്രവും പിടിച്ച്, ജയിൽ പുള്ളിയെ പോലെ ഭക്ഷണത്തിനായി കാത്ത് നിൽക്കുമ്പോൾ 'അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങൾക്കു തരണേ' എന്ന പ്രാർത്ഥന ഹൃദയംനൊന്തു ഞാൻ പ്രാർത്ഥിച്ചു. അച്ചനറിയുമോ, അന്നത്തെ പ്രളയത്തിനു ശേഷം ഞാനൊരു പാഠം പഠിച്ചു. സമ്പാദിച്ചുകൂട്ടുന്നതൊന്നും നമ്മുടെ രക്ഷയ്ക്ക് ഉപകരിക്കില്ല. നമുക്ക് വേണ്ടി സർവ്വം ത്യജിച്ച് കുരിശിൽ മരിച്ച ക്രിസ്തുവിനെ നെഞ്ചോടു ചേർത്താൽ, എന്തൊക്കെ നഷ്ടപെട്ടാലും നമുക്ക് ആവശ്യമുള്ളതെല്ലാം അവൻ തിരിച്ചു നൽകും.

വെള്ളം ഇറങ്ങിയ ശേഷം മടങ്ങി വീട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത്, ഒരു ക്രൂശിത രൂപം വാങ്ങി പ്രതിഷ്ഠിക്കുകയായിരുന്നു. ഇപ്പോഴും ഇടവകപ്പള്ളിയിലെ ആ ക്രൂശിത രൂപത്തോട് എനിക്ക് വല്ലാത്തൊരിഷ്ടമുണ്ട്." ജീവിതത്തിൽ സർവ്വം നഷ്ടപ്പെട്ട എത്രയോ അവസരങ്ങൾ നമുക്കും ഉണ്ടായിരിക്കുന്നു. ദൈവം പോലും നമ്മെ കൈവിട്ടു എന്ന് തോന്നിയിട്ടില്ലേ? അങ്ങനെയൊരവസരത്തിൽ ജറുസലെം വിട്ട് എമ്മാവൂസിലേക്ക് യാത്രയായ ശിഷ്യരോട് ക്രിസ്തു ഇങ്ങനെയാണ് പറഞ്ഞത്: ''ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്‌ദീഭവിച്ചവരേ, ക്രിസ്‌തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?(ലൂക്കാ 24 : 25, 26).

സഹനങ്ങൾ മഹത്വത്തിലേക്കുള്ള വഴിത്താരയാണെന്നാണ് ക്രിസ്തു അവരെ ഓർമിപ്പിച്ചത്. സഹനങ്ങളുടെ മധ്യേ കുരിശിലേക്ക് നോക്കി ക്രിസ്തുവിൻ്റെ സഹനത്തെക്കുറിച്ച് ധ്യാനിക്കാൻ നമുക്കാവണം. ഇന്നേക്ക് 6-ാം നാൾ ലാസലെറ്റ് മാതാവിൻ്റെ 175-ാം പ്രത്യക്ഷ തിരുനാളാണ്. മാറിടത്തിൽ ക്രൂശിത രൂപം ധരിച്ചാണ് ലാസലെറ്റിൽ അമ്മ പ്രത്യക്ഷപ്പെട്ടത്. ആ അമ്മയുടെ പ്രത്യാശ നൽകുന്ന വാക്കുകൾ നമ്മെ ആശ്വസിപ്പിക്കട്ടെ: "നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും പാപ പരിഹാര പ്രവർത്തികൾ ചെയ്താലും നിങ്ങളെ പ്രതിയുള്ള എൻ്റെ സഹനത്തിന് തുല്യമാകുകയില്ല. എന്തെന്നാൽ എൻ്റെ മകൻ നിങ്ങളെ കൈവിടാതിരിക്കാനായ് ഞാനവനോട് നിരന്തരം അപേക്ഷിക്കുന്നു."

വി.കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26