ഘർവാപ്പസിക്ക് വഴങ്ങിയില്ല; മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ തീവ്ര സംഘടനകൾ; ആശുപത്രി മോർച്ചറിയിൽ അഭയം

ഘർവാപ്പസിക്ക് വഴങ്ങിയില്ല; മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ തീവ്ര സംഘടനകൾ; ആശുപത്രി മോർച്ചറിയിൽ അഭയം

റായ്പുർ: ഹിന്ദുമതത്തിലേക്കുള്ള പുനപരിവർത്തനമായ ഘർവാപ്പസിക്ക് വിസമ്മതിച്ചതിനെത്തുടർന്ന് കുടുംബനാഥയുടെ മൃതസംസ്‌കാരം നടത്താൻ കഴിയാതെ ആദിവാസി കുടുംബം വലയുന്നു. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലെ അമോഡി ഗ്രാമത്തിലാണ് നിയമ സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കുന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊതുശ്മശാനത്തിലോ സ്വന്തം ഭൂമിയിലോ സംസ്‌കാരം നടത്താൻ അനുവദിക്കാത്തതിനെത്തുടർന്ന് മൃതദേഹം നിലവിൽ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്ന് ഫെബ്രുവരി 24 നാണ് 34 കാരിയായ സാംബായി മാണ്ഡവി അന്തരിച്ചത്. ക്രൈസ്തവ വിശ്വാസിയായ സാംബായിയുടെ മൃതദേഹം സംസ്‌കരിക്കണമെങ്കിൽ കുടുംബം ഘർവാപ്പസിക്ക് തയ്യാറാകണമെന്നായിരുന്നു പ്രാദേശിക തീവ്ര സംഘടനകളുടെ ആവശ്യം.

കടുത്ത സമ്മർദ്ദവും ഭീഷണിയും ഉണ്ടായിട്ടും സാംബായിയുടെ ഭർത്താവ് കമലേഷ് മാണ്ഡവിയും കുടുംബവും ഇതിന് തയ്യാറായില്ല. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ലെന്ന് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളിൽ നിന്ന് ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹങ്ങൾ കുഴിച്ചെടുക്കുന്നത് തടഞ്ഞുകൊണ്ട് ഒരാഴ്ച മുൻപാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ വിധി നിലനിൽക്കെയാണ് സാംബായിയുടെ കുടുംബത്തിന് നേരെ ഇത്തരമൊരു മനുഷ്യാവകാശ ലംഘനം നടക്കുന്നത്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന കടുത്ത ഒറ്റപ്പെടുത്തലിന്റെയും ഭീഷണിയുടെയും ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.

നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിൽ ഘർവാപ്പസി കുറ്റകരമല്ലെന്ന പഴുതാണ് ഇത്തരം സംഘടനകൾക്ക് നിയമം കയ്യിലെടുക്കാൻ കരുത്താകുന്നതെന്ന വിമർശനവും ഇതോടെ ശക്തമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.