ഇസ്ലമാബാദ്: ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്ത ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ ബഹാവല്‍പൂരിലെ ആസ്ഥാനം പാകിസ്ഥാന്‍ ഭരണകൂടം പുനര്‍നിര്‍മിച്ചു. പാക് പഞ്ചാബ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന മര്‍കസ് സുബാനല്ല എന്ന കെട്ടിട സമുച്ചയം പാക് സര്‍ക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് നവീകരിച്ചത്. കെട്ടിട സമുച്ചയം പൂര്‍ണമായും പുതുക്കിപ്പണിതതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാകിസ്ഥാന്‍ ഭരണകൂടം ഗഡുക്കളായി ഏകദേശം 25 കോടി പാകിസ്ഥാനി രൂപ ജെയ്‌ഷെ മുഹമ്മദിന് ഇതിനായി കൈമാറിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ 11 കോടിയോളം രൂപ കേടുപാടുകള്‍ സംഭവിച്ച പ്രധാന ഹാളിന്റെ പുനര്‍നിര്‍മാണത്തിന് മാത്രമായാണ് ചെലവഴിച്ചത്. പ്രധാന കെട്ടിടത്തിന് പുറമേ സമുച്ചയത്തോട് ചേര്‍ന്നുള്ള മദ്രസ അല്‍ സാബിര്‍, ഭീകരവാദ കമാന്‍ഡര്‍മാരുടെ വസതികള്‍ എന്നിവയും പൂര്‍ണമായും പുതുക്കിപ്പണിതിട്ടുണ്ട്.
2025 മെയ് ഏഴിനാണ് 22 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തത്. ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ് 15 മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങളില്‍ പുതിയ പെയിന്റടിക്കുകയും മാര്‍ബിളുകള്‍ പാകുകയും ചെയ്തിട്ടുണ്ട്. ബോംബാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച താഴികക്കുടങ്ങള്‍ പുതുക്കിപ്പണിയുകയും കെട്ടിടത്തിലുണ്ടായ ഗര്‍ത്തങ്ങള്‍ പൂര്‍ണമായി നികത്തുകയും ചെയ്തു.

ഈ വര്‍ഷാദ്യത്തില്‍ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ അതിനേക്കാള്‍ വേഗത്തില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന 18 ഏക്കര്‍ വിസ്തൃതിയുള്ള ഈ ക്യാമ്പാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ റിക്രൂട്ട് ചെയ്യാനും പരിശീലനം നല്‍കാനും പ്രധാനമായും ഉപയോഗിച്ചിരുന്നത്. 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2016 ലെ പത്താന്‍കോട്ട് ആക്രമണം, 2019 ലെ പുല്‍വാമ ആക്രമണം എന്നിവയുടെ ആസൂത്രണവും ഈ കേന്ദ്രവുമായി ബന്ധപ്പെട്ടായിരുന്നു നടന്നിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.