ഹോര്‍മുസ് ആയുധമാക്കി ഇറാന്‍; ഇന്ത്യ അടക്കം പല രാജ്യങ്ങളും പ്രതിസന്ധിയിലാകും

ഹോര്‍മുസ് ആയുധമാക്കി ഇറാന്‍; ഇന്ത്യ അടക്കം പല രാജ്യങ്ങളും പ്രതിസന്ധിയിലാകും

ടെഹ്‌റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത് ഇന്ത്യ ഉള്‍പ്പെടെ പല ലോക രാജ്യങ്ങള്‍ക്കും കനത്ത തിരിച്ചടിയായി.

ക്രൂഡ് ഓയില്‍ അടക്കം പ്രധാന ചരക്കുകളുടെ ഗതാഗതം നടക്കുന്ന ലോകത്തിന്റെ ഊര്‍ജ സിരയാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോള എണ്ണ കയറ്റുമതിയുടെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ്. ഇവിടം അടയ്ക്കുന്നതോടെ ഊര്‍ജ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ പ്രധാന പാത കൂടിയാണിത്.

പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് അറബിക്കടലിലേക്ക് കടക്കാനുള്ള ഏക കടല്‍പ്പാത. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ക്ക് കടന്നുപോകത്തക്ക വണ്ണം ആഴം ഇവിടെയുണ്ട്. മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണ, ഗ്യാസ് ഉല്‍പാദകരും അവരുടെ ഉപയോക്താക്കളും ഇത് ഉപയോഗിക്കുന്നു. ഖത്തറിന്റെ എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതി വാതകം) കയറ്റുമതിയുടെ 80 ശതമാനവും ഹോര്‍മുസിലൂടെയാണ്.

ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണി നേരത്തേയും ഇറാന്‍ മുഴക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദം കാരണം അത് സാധിച്ചിട്ടില്ല. 1980 കളില്‍ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇരു രാജ്യങ്ങളും പരസ്പരം എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമ്പോഴും ഹോര്‍മുസ് അടച്ചില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഹോര്‍മുസ് ആയുധമാക്കുകയാണ് ഇറാന്‍.

വടക്ക് ഇറാനും തെക്ക് ഒമാനും യുഎഇയുമായുള്ള ഈ സമുദ്ര ഇടനാഴിക്ക് 167 കിലോ മീറ്റര്‍ നീളമുണ്ട്. ഹോര്‍മുസിന്റെ എന്‍ട്രന്‍സ്, എക്‌സിറ്റ് ഭാഗങ്ങള്‍ക്ക് 50 കിലോ മീറ്ററോളം വീതിയുണ്ട് ഏറ്റവും ഇടുങ്ങിയ ഭാഗത്തെ വീതിയാകട്ടെ 33 കിലോ മീറ്ററും. പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് ഓരോ ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരല്‍ എണ്ണ ഈ കടലിടുക്കിലൂടെ കടന്നു പോകുന്നു. ലോകത്തിലെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്നാണിത്.

സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, ഇറാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്‌കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാന്‍ ആശ്രയിക്കുന്നത് ഹോര്‍മുസ് കടലിടുക്കിനെയാണ്. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍. ഹോര്‍മുസ് വഴി പ്രതിദിനം ഒരു ദശലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യയിലെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.