പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: ‍ഡ്രോൺ ആക്രമണത്തിൽ സൗദിയിലെ യുഎസ് എംബസിക്ക് തീപിടിച്ചു; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: ‍ഡ്രോൺ ആക്രമണത്തിൽ സൗദിയിലെ യുഎസ് എംബസിക്ക് തീപിടിച്ചു; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 52 മരണം

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിൽ. റിയാദിലെ നയതന്ത്ര മേഖല ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചു. രണ്ട് ഡ്രോണുകളാണ് എംബസി പരിസരത്ത് പതിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റ് നാല് ഡ്രോണുകളെ സൗദി സൈന്യം വെടിവെച്ചിട്ടു.

ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്' ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. ടെഹ്‌റാനിലെ ആസ്ഥാനത്തിന് സമീപം സ്ഫോടനങ്ങൾ ഉണ്ടായെങ്കിലും സംപ്രേഷണം തടസപ്പെട്ടില്ലെന്ന് ഇറാൻ അറിയിച്ചു. ഇതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ റെവല്യൂഷണറി ഗാർഡ് അടച്ചു. ഇതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനും തീയിടുമെന്ന് ഇറാൻ കമാൻഡർ മുന്നറിയിപ്പ് നൽകി.

ഇറാന്റെ ആക്രമണ ഭീഷണിയെത്തുടർന്ന് ലോകത്തെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റുകളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ ഉൾപ്പെടെയുള്ള പ്ലാന്റുകൾ അടച്ചുപൂട്ടി. ലോകത്തെ എൽഎൻജി ഉൽപാദനത്തിന്റെ അഞ്ചിലൊന്നും ഇവിടെയാണ് നടക്കുന്നത്. സൗദിയിലെ ജുബൈൽ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായി.

അതിനിടെ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടു. ലബനന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 28,500 ലധികം ആളുകൾ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.