ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പോരാടണമെന്ന് പുട്ടിന്‍; ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമായെന്ന് മോഡി

ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പോരാടണമെന്ന് പുട്ടിന്‍; ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമായെന്ന് മോഡി

ന്യൂഡല്‍ഹി: ഇന്ത്യ-റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്നും ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പോരാടണമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍.

അഫ്‌നിസ്ഥാനിലെ സംഭവ വികാസങ്ങളിലും ഭീകരവാദം, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയിലും ആശങ്കയുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഭീകരതയ്‌ക്കെതിരായ പോരാട്ടമെന്നത് ലഹരി മരുന്നിനെതിരെയും സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയും ഉള്ള പോരാട്ടമാണ്. ഇന്ത്യയെ വന്‍ ശക്തിയായാണ് റഷ്യ കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണ്. ഭാവിയിലേക്കാണ് താന്‍ നോക്കുന്നതെന്നും പുട്ടിന്‍ പറഞ്ഞു.

ഇരു രാഷ്ട്രങ്ങളും സംയുക്തമായി നടത്തുന്ന നിക്ഷേപങ്ങളുടെ മൂല്യം 38 ബില്യനാണ്. റഷ്യ ഇനിയും നിക്ഷേപങ്ങളിറക്കും. സൈനിക, സാങ്കേതിക തലങ്ങളില്‍ മറ്റേതു രാജ്യത്തേക്കാളും കൂടുതല്‍ ഇന്ത്യയും റഷ്യയും തമ്മില്‍ സഹകരിക്കുന്നുണ്ടെന്നും പുട്ടിന്‍ വ്യക്തമാക്കി.

കോവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. പുട്ടിന്റെ സന്ദര്‍ശനം ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. കോവിഡ് വെല്ലുവിളിയായി നിന്നെങ്കിലും ഇന്ത്യ-റഷ്യ ബന്ധത്തിന്റെ വളര്‍ച്ചയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ശക്തരാകാന്‍ നയതന്ത്ര ബന്ധം തുടരുമെന്നും നരേന്ദ്ര മോഡി പറഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയില്‍ സുപ്രധാന ആയുധ കരാറുകള്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.