റോ vs വേഡ് VS മാർച്ച് ഫോർ ലൈഫ്

റോ vs വേഡ് VS മാർച്ച് ഫോർ ലൈഫ്

1973ൽ ഗർഭഛിദ്രത്തിന് അനുവാദം കൊടുത്തുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വന്നതുമുതൽ പ്രതിഷേധ സൂചകമായി നടത്തുന്ന 'മാർച്ച് ഫോർ ലൈഫ്' പതിവ് പോലെ 2022 ലും നടക്കും . നാല്പത്തി ഒൻപതാമത്തെ മാർച്ചാണ് 2022 ജനുവരി 21 വെള്ളിയാഴ്ച വാഷിംഗ്‌ടൺ ഡി സി യിൽ നടത്തപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാർഷിക മനുഷ്യാവകാശ പ്രകടനമാണിതെന്ന് സംഘാടകർ പറയുന്നു.

'തുല്യത ഗർഭപാത്രത്തിൽ ആരംഭിക്കുന്നു' എന്നതാണ് 2022ലെ മാർച്ച് ഫോർ ലൈഫിന്റെ തീം. എല്ലാവർക്കും തുല്യത വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു രാഷ്ട്രത്ത് ഗർഭസ്ഥ ശിശുക്കളെ അവഗണിച്ചിരിക്കുന്നു. "സമത്വം  എന്താണെന്നും അത് ആർക്കൊക്കെ ബാധകമാണെന്നും നിർവചിക്കുന്നതിൽ യോജിപ്പിലെത്തിയിട്ടില്ല" എന്ന് മാർച്ച് ഫോർ ലൈഫ് പ്രസിഡണ്ട് ജീൻ മൻസിനി പറഞ്ഞു.

1973ലെ ഗർഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള റോ വേഴ്സസ് വേഡ് എന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് മാർച്ച് ഫോർ ലൈഫ് . കോവിഡ് പശ്ചാത്തലത്തിൽ നടത്തപ്പെട്ട 2021ലെ മാർച്ച്, വെർച്വൽ ആയിരുന്നു. ഏതാനും മാർച്ച് ഫോർ ലൈഫ് നേതാക്കൾ മാത്രം നിരത്തുകളിൽകൂടി നടന്ന്, പൊലിഞ്ഞുപോയ കുരുന്നു ജീവനുകൾക്ക് വേണ്ടി സുപ്രീം കോടതിയുടെ മുൻപിൽ റോസാ പുഷ്പങ്ങൾ അർപ്പിച്ചു. പൊതുജനങ്ങൾക്കായി തുറന്നിരുന്നില്ല എങ്കിൽ പോലും, ഏതാനും ആൾക്കാർ മാർച്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രൊ ലൈഫ് പ്രവർത്തകർ മാർച്ച് നടത്തുമ്പോൾ , പ്രൊ അബോർഷൻ പ്രവർത്തകർ മറുവശത്ത് മുദ്രാവാക്യം വിളികളും, ബാനറുകളും പോസ്റ്ററുകളും മറ്റും പിടിച്ചുകൊണ്ടും നിരന്നിട്ടുണ്ടാവും.

ഇപ്പോൾ സുപ്രീം കോടതിയിൽ നിലവിലിരിക്കുന്ന 'ഡോബ്‌സ് വേഴ്സസ് ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷൻ' കേസിന്റെ വിധിയെ അനുസരിച്ചായിരിക്കും റോ വേഴ്സസ് വേഡിന്റെ ഗതി.

"ഡോബ്സ് വേഴ്സസ് ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷന്റെ വാദം കേൾക്കുമ്പോൾ, ഗർഭസ്ഥശിശുക്കൾക്ക് നിലവിലുള്ള ഭരണഘടനാപരമായ സംരക്ഷണങ്ങളെ സുപ്രീം കോടതി മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്ന് മൻസിനി പറഞ്ഞു. ഡിസംബർ ഒന്നിന് സുപ്രീം കോടതിയിൽ പ്രസ്തുത കേസിന്റെ വാദം നടന്നു. 2022ലെ മാർച്ചിൽ കൂടുതൽ സംസ്ഥാനങ്ങളെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.

ഡോബ്‌സ് വേഴ്സസ് ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷൻ

018 മാർച്ചിൽ അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനം ജെസ്റ്റേഷനൽ ഏജ് ആക്റ്റ് പാസാക്കി. ഗർഭാവസ്ഥയുടെ ആദ്യ 15 ആഴ്ചകൾക്ക് ശേഷമുള്ള ഗർഭഛിദ്രം നിരോധിക്കുന്നതായിരുന്നു ആ നിയമം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാലോ ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ വൈകല്യങ്ങളാലോ അല്ലാതെ ഗർഭഛിദ്രം അനുവദിക്കുന്നില്ല. ബലാത്സംഗമോ അഗമ്യഗമനമോ( ബന്ധുക്കൾ മൂലമുള്ള ഗർഭധാരണം ) ആയ ഗർഭധാരണ കേസുകൾ ഒഴിവാക്കിയിട്ടില്ല. ഗവർണർ ഫിൽ ബ്രയന്റ് ബില്ലിൽ ഒപ്പുവച്ച്കൊണ്ട് ഇങ്ങനെ പറഞ്ഞു"ഗർഭസ്ഥ ശിശുവിന് അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാക്കി മിസിസിപ്പിയെ മാറ്റാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്, ആ ലക്ഷ്യം കൈവരിക്കാൻ ഈ ബിൽ ഞങ്ങളെ സഹായിക്കും."ഏകദേശം അരമണിക്കൂറിനുള്ളിൽ തനിക്കെതിരെ കേസ് കൊടുക്കുമെന്നും, അത് നേരിടാൻ താൻ തയാറാണ് എന്നും ബിൽ ഒപ്പുവയ്ക്കുന്ന അവസരത്തിൽ അദ്ദേഹം പറഞ്ഞു.ബിൽ പാസ്സായി ഒരു ദിവസത്തിനുള്ളിൽ, സംസ്ഥാനത്തെ അവശേഷിക്കുന്ന ഏക അബോർഷൻ ക്ലിനിക്കായ ജാക്‌സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷൻ, ബില്ലിന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിച്ച് സംസ്ഥാനത്തിനെതിരെ കേസ് കൊടുത്തു.

മിസിസിപ്പിയിലെ സതേൺ ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി കാൾട്ടൺ ഡബ്ല്യു റീവ്സ് കേസ് പരിഗണിച്ചു. 2018 നവംബറിൽ, റീവ്സ്, ക്ലിനിക്കിന് വേണ്ടി നിലകൊള്ളുകയും നിയമം നടപ്പിലാക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ വിലക്കുകയും ചെയ്തു. ഭ്രൂണത്തിന്റെ പ്രവർത്തനക്ഷമത ഇരുപത്തി മൂന്നും ഇരുപത്തി നാലും ആഴ്ചകളുടെ ഇടയിൽ ആരംഭിക്കുന്നു എന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ, അബോർഷൻ നിരോധനത്തെ ന്യായീകരിക്കാൻ മിസിസിപ്പിക്ക് നിയമാനുസൃതമായ കാരണങ്ങൾ ഇല്ല എന്ന് റീവ്സ് വാദിച്ചു. 2019 നവംബറിൽ 3-0 എന്ന അഭിപ്രായത്തിൽ റീവ്സിന്റെ വിധി ശരിവച്ചു. കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു.
ഈ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലാണ്. ഡിസംബർ 1ന് വാദം കേട്ടു.

അമേരിക്കയിൽ പല സംസ്ഥാനങ്ങളും 'ഹാർട്ട് ബീറ്റ്‌ ബിൽ' പാസ്സാക്കിയിട്ടുണ്ടെങ്കിലും, ടെക്സാസ് ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളെയും നിയമം നടപ്പാക്കുന്നതിൽ നിന്നും സുപ്രീം കോടതി ഇടപെട്ട് വിലക്കിയിട്ടുണ്ട്. ' റോ വേഴ്സസ് വേഡ് ' നിയമത്തിന് എതിരാണ് ഹാർട് ബീറ്റ്‌ ബിൽ എന്നാണ് സുപ്രീം കോടതിയുടെ പക്ഷം. (ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കേട്ടുതുടങ്ങിയാൽ അബോർഷൻ നിരോധിക്കുന്നതാണ് ഹാർട് ബീറ്റ്‌ ബിൽ).


അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഡാളസിലെ സെൻറ്‌ ജോസഫ് ഇടവകദേവാലയത്തിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കുരിശുകൾ.


റോ വേഴ്സസ്‌ വേഡ് കേസ്

1969ൽ നോർമ മകോർവി( 'ജെയിൻ റോ'എന്ന സാങ്കല്പിക നാമം ആണ് ഈ കേസിനെ പറ്റി പ്രതിപാദിക്കാൻ ഉപയോഗിച്ചിരിക്കുന്നത്)എന്ന സ്ത്രീ തന്റെ മൂന്നാമത്തെ കുട്ടിയെ ഗർഭഛിദ്രം ചെയ്യാൻ ഡോക്ടറെ സമീപിച്ചു. അവർ താമസിച്ചിരുന്ന ടെക്സാസ് എന്ന സംസ്ഥാനത്ത് അന്ന് ഗർഭഛിദ്രം നിയമാനുസൃതമായിരുന്നില്ല. അതിനാൽ ഡോക്ടർ അവരോട് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. ആ കേസ് കോടതിയിൽ എത്തി. ടെക്സസിലെ ഡാളസ് ഡിസ്ട്രിക്ട് ‌ അറ്റോർണി ' ഹെന്ററി വേഡ്' ന് എതിരെ യൂ എസ്‌ ഫെഡറൽ കോർട്ടിൽ കേസ് എത്തി. അന്ന് അമ്മയുടെ ജീവൻ രക്ഷിക്കാനല്ലാതെ ഗർഭഛിദ്രം അനിവദനീയമായിരുന്നില്ല ടെക്സസിൽ. അത് ഭരണഘടനാ അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വാദിഭാഗം വാദിച്ചു. മൂന്നു പേരടങ്ങുന്ന പാനൽ ' ജെയിൻ റോ' ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

യു എസ്‌ സുപ്രീം കോടതിയെ സമീപിച്ച 'ടെക്സാസ്'ന്റെ കേസ് സുപ്രീം കോടതി ഏറ്റെടുത്തു.1973 ജനുവരിയിൽ കീഴ്‌ക്കോടതിയുടെ വിധി ശരിവച്ചു സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഗർഭഛിദ്രം ഒരു സ്ത്രീയുടെ അവകാശമാണെന്നും ഭരണഘടന അതു അനുശാസിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. വളരെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് ' റോ വേഴ്സസ് വേഡ് ' എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് 1992ൽ കോടതി ഈ കേസ് വീണ്ടും പഠിച്ചു; വീണ്ടും ശരിവച്ചു.'പ്ലാൻഡ് പേരന്റ് ഹുഡ് ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗർഭഛിദ്രം ഇന്നും നിയമാനുസൃതമായിതന്നെ തുടരുന്നു.
അമേരിക്കയിലെ ഇപ്പോഴത്തെ നിയമമനുസരിച്ച് ആദ്യത്തെ മൂന്നുമാസം ഗർഭഛിദ്രം നടത്തുന്നതിൽ നിയമത്തിന് ഇടപെടാനാവില്ല. രണ്ടാമത്തെ മൂന്നുമാസം ചില നിയന്ത്രണങ്ങളോടുകൂടി ഗർഭഛിദ്രം ആവാം. അവസാനത്തെ മൂന്നുമാസം അമ്മയുടെ ജീവൻ രക്ഷിക്കാനല്ലാതെ ഗർഭഛിദ്രം അനുവദനീയമല്ല. എന്നാൽ ഹൃദയമിടിപ്പ് കേട്ട് തുടങ്ങുന്നത് മുതൽ ഗർഭഛിദ്രം നിരോധിക്കാനുള്ള ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.



സ്വതസന്ത്ര്യത്തിനും തുല്യതയ്ക്കും അവകാശസംരക്ഷണത്തിനും വേണ്ടി നിലവിളിക്കുന്ന ഒരു രാജ്യത്ത് മിണ്ടാപ്രാണികളുടെ അവകാശത്തിന് നേരെ ഭരണകൂടത്തിന്റെ നിസ്സംഗമായ അവഗണന. മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏമി ബരെറ്റിനെ സുപ്രീം കോർട്ട് ജഡ്ജ് ആയി നിയമിച്ചപ്പോൾ, അബോർഷനെ പിന്താങ്ങാത്ത ഏമിയിലൂടെ അബോർഷൻ നിർത്തലാക്കാനുള്ള സാധ്യത കണ്ടിട്ടുണ്ട്.
രാഷ്ട്രത്തെ ജനങ്ങൾക്കെല്ലാം തുല്യത കൊണ്ടുവരും എന്ന പ്രകടന പത്രികയുമായി കടന്നുവന്ന ബൈഡൻ ഭരണകൂടം എൽ ജി ബി ടിയുടെ തുല്യത ഉറപ്പാക്കാൻ നിയമ നിർമ്മാണം നടത്തിയിട്ടും, നിസഹായരായ ഗർഭസ്ഥ ശിശുക്കളുടെ ജീവിക്കാനുള്ള അവകാശത്തിനെതിരെ കണ്ണടച്ചിരിക്കുന്നു.

പിറക്കാതെ പൊലിഞ്ഞുപോയ കുരുന്നു ജീവനുകൾക്ക് റോസാപ്പൂക്കൾ അർപ്പിച്ച് പ്രൊ ലൈഫ് റാലി(2021)









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.