ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനത്തിലും കയറ്റുമതിയിലും റെക്കോര്‍ഡ് വര്‍ധനവ്

ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനത്തിലും കയറ്റുമതിയിലും റെക്കോര്‍ഡ് വര്‍ധനവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പാദനം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,50,590 കോടി രൂപയിലെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2023-24 ലെ 1.27 ലക്ഷം കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധനയും 2019-20 ലെ 79,071 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 90 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിരോധ ഉല്‍പാദന വകുപ്പ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് പൊതുമേഖലാ യൂണിറ്റുകള്‍, സ്വകാര്യ വ്യവസായം എന്നിവയുടെ സംയുക്ത പരിശ്രമമാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും മൊത്തം ഉല്‍പാദനത്തിന്റെ ഏകദേശം 77 ശതമാനം സംഭാവന ചെയ്തു. സ്വകാര്യ മേഖല 23 ശതമാനവും.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് വിഭാഗങ്ങളിലും വാര്‍ഷിക വളര്‍ച്ചയുണ്ടായി. പൊതുമേഖലാ ഉല്‍പാദനം 16 ശതമാനം വര്‍ധിച്ചപ്പോള്‍ സ്വകാര്യ മേഖലയിലെ ഉല്‍പാദനം 28 ശതമാനം കൂടി.

ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന് കീഴിലുള്ള തദ്ദേശീയവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, നയ പരിഷ്‌കാരങ്ങള്‍, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു.

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2024-25 ല്‍ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയുടെ റെക്കോര്‍ഡിലെത്തി, മുന്‍ വര്‍ഷത്തെ 21,083 കോടി രൂപയേക്കാള്‍ 12.04 ശതമാനം വര്‍ധനവാണിത്.

തുടര്‍ച്ചയായ പരിഷ്‌കാരങ്ങള്‍, വര്‍ദ്ധിച്ച സ്വകാര്യ പങ്കാളിത്തം, കയറ്റുമതി സാധ്യതകള്‍ വികസിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖല ഈ വളര്‍ച്ചാ വേഗത നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.