വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: പൂങ്കുന്നത്തെ രണ്ട് ഫ്‌ളാറ്റില്‍ നിന്ന് ചേര്‍ത്തത് 117 വോട്ടുകളെന്ന് കോണ്‍ഗ്രസ്; 2024 ല്‍ വോട്ടര്‍മാര്‍ ഏറ്റവും കൂടിയത് തൃശൂരില്‍

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: പൂങ്കുന്നത്തെ രണ്ട് ഫ്‌ളാറ്റില്‍ നിന്ന് ചേര്‍ത്തത് 117 വോട്ടുകളെന്ന് കോണ്‍ഗ്രസ്; 2024 ല്‍ വോട്ടര്‍മാര്‍ ഏറ്റവും കൂടിയത് തൃശൂരില്‍

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്.

പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്‌ളാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടര്‍ ലില്ലി ഫ്‌ളാറ്റില്‍ 38 വോട്ടുകളും ചേര്‍ക്കപ്പെട്ടു.

കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാര്‍ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വോട്ടുകള്‍ പോള്‍ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തില്‍ ഒരാള്‍ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് പറഞ്ഞു.

പൂങ്കുന്നത്തെ ഇന്‍ലന്‍ഡ് അപ്പാര്‍ട്ട്മെന്റില്‍ മാത്രം 79 വോട്ട് ക്രമരഹിതമായി ചേര്‍ത്തു. ഇവരൊന്നും തന്നെ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരല്ല. ഇവരെല്ലാം ആലത്തൂര്‍ മണ്ഡലത്തിലുള്ളവരാണ്.

തൃശൂരിലെ പത്തോളം ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വോട്ട് ചേര്‍ക്കല്‍ നടന്നെന്നാണ് വിവരം. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ് സുനില്‍ കുമാറും ആരോപിച്ചത്.

വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116 ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അതിനിടെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടം പിടിച്ചത് തൃശൂരിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1,46,673 വോട്ടര്‍മാരാണ് 2019 നെക്കാള്‍ കൂടുതലായി തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്.

2019 നെക്കാള്‍ സംസ്ഥാനത്ത് ആകെ കൂടിയത് 16,02,172 വോട്ടര്‍മാരാണ്. ഇതില്‍ തൃശൂരിന് പുറമേ വടകര(1,35,866) വയനാട്(1,04,793) കോഴിക്കോട്(1,14,484) മലപ്പുറം(1,10,170) പൊന്നാനി(1,14,457) മണ്ഡലങ്ങളിലും ഒരു ലക്ഷത്തിന് മുകളില്‍ വോട്ടര്‍മാര്‍ കൂടി.

മാവേലിക്കര മണ്ഡലത്തിലാണ് 2024 ല്‍ ഏറ്റവും കുറച്ച് വോട്ടര്‍മാരെ പുതുതായി പട്ടികയില്‍ ചേര്‍ത്തത്. 2019 നെക്കാള്‍ 31057 വോട്ടര്‍മാരുടെ വര്‍ധന മാത്രമാണ് മാവേലിക്കരയില്‍ 2024 ല്‍ ഉണ്ടായത്.

തൃശൂരില്‍ കന്നി വോട്ടര്‍മാരായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതുതായി ചേര്‍ക്കപ്പെട്ടത് 34,000 ത്തോളം വോട്ടുകള്‍ മാത്രമാണ്. അതിന് മുമ്പ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഏകദേശം ഇത്രത്തോളം തന്നെ കന്നി വോട്ടര്‍മാര്‍ പട്ടികയില്‍ അന്നും ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.