കുടിയേറ്റക്കാര്‍ തിങ്ങി നിറഞ്ഞ ട്രക്ക് പാലത്തില്‍ ഇടിച്ച് മെക്സിക്കോയില്‍ വന്‍ ദുരന്തം; 54 മരണം

കുടിയേറ്റക്കാര്‍ തിങ്ങി നിറഞ്ഞ ട്രക്ക് പാലത്തില്‍ ഇടിച്ച് മെക്സിക്കോയില്‍ വന്‍ ദുരന്തം; 54 മരണം


ചിയാപാസ്: മെക്സിക്കോയില്‍ ട്രക്ക് അപകടത്തില്‍ 54 പേര്‍ക്ക് ദാരുണാന്ത്യം. പത്തിലേറെ പേര്‍ക്ക് ഗുരതരമായ പരിക്കു പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലേക്കു നിരന്തരം കുടിയേറ്റം നടക്കുന്ന പ്രദേശത്ത് അത്തരക്കാരെ കയറ്റിവന്ന ട്രക്ക് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹോണ്ടുറാസില്‍ നിന്നും മെക്സികോ വഴി കുടിയേറാനെത്തിയ സംഘമാണ് ട്രക്കിലുണ്ടായിരുന്നത്.

നൂറിലേറെ പേരുമായിട്ടാണ് ട്രക്ക് ചിയാപാസ് മേഖലയില്‍ അപകടത്തില്‍പെട്ടത്. മെക്സിക്കോയുടെ കുടിയേറ്റ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവമായിട്ടാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്. 49 പേര്‍ സംഭവസ്ഥലത്തും അഞ്ച് പേര്‍ വൈദ്യസഹായം ലഭിക്കുന്നതിനിടെയും മരിച്ചതായി ചിയാപാസ് ഗവര്‍ണര്‍ റുട്ടിലിയോ എസ്‌കാന്‍ഡന്‍ പറഞ്ഞു.

'അമിതമായി ആള്‍ കയറിയ ട്രക്ക് ഒരു വളവെടുക്കുകയായിരുന്നു. ഉള്ളിലുള്ള ഞങ്ങളുടെ ഭാരം മൂലം വാഹനത്തിനു ബാലന്‍സ് തെറ്റി നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ചു. ഞങ്ങള്‍ എല്ലാവരും അതിനൊപ്പം മറിഞ്ഞുവീണു'- രക്ഷപ്പെട്ട ഗ്വാട്ടിമാല സ്വദേശിയായ യാത്രികന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

അമേരിക്കയിലേക്ക് കുടിയേറാനായി വിവിധ രാജ്യങ്ങളില്‍ നിന്ന് മെക്സിക്കോയിലെത്തിയവരാണ് അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ചിയാപാസ് എന്ന നഗരം ഗ്വാട്ടിമാലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ്. രേഖകളില്ലാതെ കുടിയേറുന്നവര്‍ ഏറ്റവുമധികം ഒത്തുകൂടുന്ന പ്രദേശമാണിതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.