പച്ച 'തീ' പടരുന്നു; കേരള തീരത്ത് വിസ്മയക്കാഴ്ച, പലയിടത്തും കടല്‍ തീ അഥവാ കടല്‍ക്കറ പ്രതിഭാസം

 പച്ച 'തീ' പടരുന്നു; കേരള തീരത്ത് വിസ്മയക്കാഴ്ച, പലയിടത്തും കടല്‍ തീ അഥവാ കടല്‍ക്കറ പ്രതിഭാസം

തിരുവനന്തപുരം: കടലിലെ തിരമാലകളെ കണ്ടാല്‍ പച്ച തീപോലെ തോന്നും. ശൈത്യകാലം തുടങ്ങിയതോടെ കേരളതീരത്ത് വിസ്മയകരമായ ഈ കാഴ്ച പതിവാകുകയാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോട്ടുമൊക്കെ ഈ കാഴ്ചയുണ്ടായി. കടല്‍ തീ അഥവാ കടല്‍ക്കറ എന്ന ഈ പ്രതിഭാസം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലായി കാണുന്നത് കടലിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് മത്സ്യസമ്പത്തിനെ ബാധിക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നോക്ടിലൂക്ക സിന്റില്ലന്‍സ് എന്ന ഒരുതരം പ്ലവകങ്ങളാണ് തിരമാലകളെ ഇങ്ങനെ 'തീ' പിടിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കടലിലെ സൂക്ഷ്മ സസ്യങ്ങളും സൂക്ഷ്മ ജീവികളും ചേര്‍ന്നതാണ് പ്‌ളവകങ്ങള്‍. ഇവ സമുദ്രങ്ങളില്‍ ചുവപ്പ്, പച്ച നിറങ്ങളില്‍ കാണാറുണ്ട്. ഇപ്പോള്‍ കേരള തീരത്ത് ഇവ പച്ച നിറത്തിലാണ് കാണുന്നത്. ഇവയുടെ ശരീരത്തില്‍ സഹജീവിയായി കാണുന്ന ഏകകോശ പായലായ പെഡിനോമോനാസ് നോക്ടിലൂക്ക ആണ് ഈ പച്ച നിറത്തിന് കാരണം.

നോക്ടിലൂക്ക പൂവിടുമ്പോള്‍ തിരമാലയുടെ സമ്മര്‍ദം ഉണ്ടെങ്കില്‍ ജൈവ രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ പ്രകാശം പുറപ്പെടുവിക്കും. രാത്രിയില്‍ ഈ വെളിച്ചം വ്യക്തമായി കാണാനാകും. ഇങ്ങനെയാണ് രാത്രിയില്‍ കടലില്‍ പച്ചനിറത്തിലുള്ള 'തീ' പ്രത്യക്ഷപ്പെടാന്‍ കാരണം.

കടല്‍വെള്ളത്തിലെ ഉയര്‍ന്ന പോഷകങ്ങളും ഓക്‌സിജന്‍ കുറവുള്ള വെള്ളത്തിന്റെ വരവുമാണ് കേരളതീരത്ത് ശൈത്യകാലത്ത് നോക്റ്റിലൂക്ക പെരുകുന്നതിന് കാരണമെന്ന് കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് മേധാവി പ്രൊഫ. ബിജു കുമാര്‍ പറഞ്ഞു. ജനവാസകേന്ദ്രങ്ങളില്‍ നിന്ന് തീരദേശജലത്തിലേക്ക് വിസര്‍ജ്യവസ്തുക്കള്‍, രാസവളങ്ങള്‍ എന്നിവ ഉയര്‍ന്ന അളവില്‍ ഒഴുകിയെത്തുന്നതുകൊണ്ടാണ് കടല്‍വെള്ളത്തില്‍ പോഷകങ്ങള്‍ കൂടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.