പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ലേക്ക്; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ലേക്ക്; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായിട്ടാണ് ഉയര്‍ത്തുക. ഈ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

നിലവില്‍ പുരുഷന്റെ വിവാഹപ്രായം 21 ആണ്. വിവാഹപ്രായം ആണ്‍, പെണ്‍ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കാന്‍ ശ്രമിക്കുന്നത്.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ പുതിയ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവിലെ ശൈശവ വിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്‌ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബര്‍ 2020-ന് ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും മാതൃമരണനിരക്ക് സംബന്ധിച്ചും അമ്മമാരില്‍ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും നല്‍കിയ റിപ്പോര്‍ട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.

സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് സമിതി അധ്യക്ഷ ജയ ജയ്‍റ്റ്‍ലി വിശദീകരിക്കുന്നു. ജനസംഖ്യാനിയന്ത്രണം ഉദ്ദേശിച്ചുള്ളതല്ല നിയന്ത്രണങ്ങള്‍. സ്ത്രീശാക്തീകരണത്തെക്കുറിച്ച്‌ സ്കൂളുകളിലും കോളേജുകളിലും കൃത്യമായ രീതിയില്‍ ബോധവത്കരണം നടത്തണമെന്നും ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

പോളിടെക്നിക്കുകളിലും മറ്റ് നൈപുണ്യശേഷീവികസന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും വനിതകള്‍ക്കുള്ള പ്രവേശനം കൂട്ടണമെന്നും ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന ഉദ്ദേശം നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്നുമാണ് സമിതിയുടെ നിര്‍ദേശം.

1978ലാണ് രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസില്‍ നിന്ന് 18 ആക്കി ഉയര്‍ത്തിയത്. 1929ലെ ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഈ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.