ജോഷ്വാ ദൈവത്തിന്റെ മാലാഖ; ഓര്‍മകള്‍ പങ്കിട്ട് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ സന്ദേശം

ജോഷ്വാ ദൈവത്തിന്റെ മാലാഖ; ഓര്‍മകള്‍ പങ്കിട്ട് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ സന്ദേശം

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തിനെ നൊമ്പരപ്പെടുത്തി യാത്രയായ ജോഷ്വാ സുബിയുടെ സംസ്‌കാരച്ചടങ്ങില്‍ മെല്‍ബണ്‍ സിറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ നല്‍കിയ വീഡിയോ സന്ദേശം ശ്രദ്ധേയമാകുന്നു. ഹൈന്ദവ കുടുംബത്തില്‍ ജനിച്ച ജോഷ്വയ്ക്കും കുടുംബത്തിനും 2016-ലെ ഓശാന ഞായറില്‍ മാമോദീസ നല്‍കാന്‍ തനിക്ക് അവസരം ലഭിച്ചതു മുതലുള്ള അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടായിരുന്നു ബിഷപ്പിന്റെ വികാരനിര്‍ഭരമായ സന്ദേശം.


ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

അര്‍ബുദരോഗ ബാധിതനായി മരണത്തിനു കീഴടങ്ങിയ പതിമൂന്നു വയസുകാരന്‍ ജോഷ്വയുടെ സംസ്‌കാരം വ്യാഴാഴ്ച്ചയാണു പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്നത്. പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ മുഖ്യകാര്‍മികത്വം വഹിച്ച സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ നല്‍കിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ വീഡിയോ സന്ദേശത്തിലാണ് അനിതര സാധാരണമായ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടി ജീവിച്ച ജോഷ്വായെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മെല്‍ബണില്‍നിന്ന് ബിഷപ്പിന് ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല.


ഫാ. മാത്യൂ നായ്ക്കംപറമ്പില്‍ ജോഷ്വായെ എഴുത്തിനിരുത്തുന്നു.

13-ാം വയസില്‍ വൈദസന്നിധിയിലേക്കു യാത്രയായ ജോഷ്വാ അസാധാരണമായ പക്വതയും ആരുടെയും പ്രേരണയില്ലാതെ സ്വന്തം നിലയില്‍ ദൈവത്തിലുള്ള ഉറച്ച വിശ്വാസവും വളര്‍ത്തിയെടുത്തതായി ബിഷപ്പ് സാക്ഷ്യപ്പെടുത്തി. ക്രിസ്തുവുമായി അഗാധമായ സ്‌നേഹത്തിലാണ് അവന്‍ ജീവിച്ചത്. താന്‍ മറ്റാരെക്കാളും ക്രിസ്തുവിനെ സ്‌നേഹിക്കുന്നതായി ഒരിക്കല്‍ അവന്‍ അമ്മയോടു പറഞ്ഞിരുന്നു.

'ദൈവത്തിന്റെ മാലാഖയായാണ് അവന്‍ ഭൂമിയില്‍ ജീവിച്ചത്. ഇപ്പോള്‍ ജോഷ്വാ ദൈവസന്നിധിയില്‍ മുഖാമുഖം ഇരുന്ന് മാലാഖമാര്‍ക്കൊപ്പം അവിടുത്തെ സ്തുതിഗീതങ്ങള്‍ ആലപിക്കുകയാണെന്ന് എനിക്കുറപ്പുണ്ട്. ക്രിസ്തുവിന്റെ ക്രൂശുമരണം പോലെ സഹനത്തിന്റെ ഉദാത്തമാണ് സന്ദേശമാണ് ജോഷ്വാ തന്റെ ജീവിതത്തിലൂടെ നല്‍കിയത്. ത്യാഗത്തിന്റെ ഫലമായി ഇന്ന് ജോഷ്വ മഹത്വത്തിന്റെ കിരീടം പ്രാപിച്ചു-ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ബാലന്റെ കുടുംബവുമായി ബിഷപ്പിന് ആത്മീയമായി ഏറെ അടുപ്പമുണ്ടായിരുന്നു. രോഗവിവരം അറിഞ്ഞ് ബിഷപ്പ് ജോഷ്വയുടെ ഭവനം സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. ഇനി പെര്‍ത്തില്‍ വരുമ്പോള്‍ ജോഷ്വയെ കാണാനെത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ബിഷപ്പിന്റെ നിയോഗങ്ങള്‍ക്കായി ജോഷ്വ പ്രാര്‍ഥിക്കുമായിരുന്നുവെന്ന് ബാലന്റെ പിതാവ് സുബി പറഞ്ഞിരുന്നു.

ജോഷ്വായെക്കുറിച്ചുള്ള ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ വാക്കുകള്‍ വികാനിര്‍ഭരമായാണ് കത്തീഡ്രലില്‍ എത്തിയ വിശ്വാസികള്‍ ഏറ്റുവാങ്ങിയത്. അതിശയകരമായ ദൈവിശ്വാസത്തിലും മാതൃകയിലുമാണ് ജോഷ്വാ ജീവിച്ചിരുന്നത് എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.

പെര്‍ത്തില്‍ താമസിക്കുന്ന സുബി സദാശിവന്റെയും ജയശ്രീയുടെയും മകനാണ് ജോഷ്വ. ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗിസിലാണ് ജോഷ്വാ ജനിച്ചത്. ഇവിടെ വച്ച് ഫാ. മാത്യൂ നായ്ക്കംപറമ്പില്‍ വി.സി ആണ് ജോഷ്വായെ എഴുത്തിനിരുത്തിയത്. പിന്നീടാണ് കുടുംബം പെര്‍ത്തിലേക്കു മാറിയത്.

വീഡിയോ സന്ദേശത്തിന്റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കുന്നു:



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.