പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്ഗോവനെയും കുടുംബത്തെയും ശിരഛേദം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ക്കെതിരായ വിചാരണ ആരംഭിച്ചു. മാക്സ്വെല്‍ ഐക്ക് സിസിര്‍ (19), സെയ്വിയര്‍ ടാമര്‍ റോസ് (20) എന്നിവരാണ് മാര്‍ക്ക് മക്ഗോവന്റെ റോക്കിംഗ്ഹാമിലെ വീട്ടിലേക്കു ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് ഇരുവരെയും പിടികൂടിയിരുന്നു. പ്രതികളെ ഇന്ന് അര്‍മഡേല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇരുവരും കോടതിയില്‍ ഹാജരായത്. മാക്സ്വെല്ലിന്റെ മാതാപിതാക്കള്‍ വിചാരണ നടപടികള്‍ കേള്‍ക്കാനായി എത്തിയിരുന്നു. സെയ്വിയറിനെ പ്രായമായ ഒരു സ്ത്രീ അനുഗമിക്കുന്നുണ്ടായിരുന്നു.
ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകളുടെ പേരില്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
നവംബര്‍ 20-നാണ് പ്രീമിയറിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിനു മുന്‍പായി രണ്ട് പേരും അമിതമായി മദ്യപിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, കോവിഡ് വാക്‌സിനെടുത്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നതായി പ്രോസിക്യൂട്ടര്‍ സര്‍ജന്റ് സ്റ്റീഫന്‍ ഹോപ്പ്-ഹ്യൂം കോടതിയെ അറിയിച്ചു.
കോവിഡ് പ്രതിരോധ നടപടികളോടനുബന്ധിച്ച് ഈ വര്‍ഷം ആദ്യം പ്രീമിയറുടെ മൊബൈല്‍ നമ്പര്‍ പരസ്യമാക്കിയിരുന്നു. ഇതാണ് സംഭവത്തിലേക്കു നയിച്ചത്. മക്ഗോവനെ അപകീര്‍ത്തിപ്പെടുത്തുന്ന വിശേഷണങ്ങളുമായാണ് യുവാക്കള്‍ സന്ദേശം അയച്ചത്.
മക്ഗോവനെ 'ഹിറ്റ്ലര്‍' എന്നും വിശേഷിപ്പിച്ച സന്ദേശത്തില്‍, പീഡിത ജനവിഭാഗമായ ജൂതന്മാരുടെ പ്രതിനിധികള്‍ പ്രീമിയറെയും കുടുംബത്തെയും ശിരഛേദം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്നു.
പെര്‍ത്തിനു സമീപമുള്ള, ഹാരിസ്ഡെയ്ലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കണമെന്ന നിബന്ധനയോടെ മാക്സ്വെല്‍ സിസിറിനെ ജാമ്യത്തില്‍ വിട്ടയച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി എട്ടിന് അര്‍മഡേല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വീണ്ടും ഹാജരാകണം.
ജനുവരി 25 ന് വീണ്ടും ഹാജരാകണമെന്ന നിര്‍ദേശത്തോടെ സെയ്വിയര്‍ റോസും ജാമ്യത്തിലിറങ്ങി.
സമീപകാലത്തായി നിരവധി ഭീഷണികളാണ് പ്രീമിയര്‍ നേരിടുന്നത്. തല വെട്ടുമെന്നും കുടുംബത്തെ ബലാത്സംഗം ചെയ്യുമെന്നും അടക്കമുള്ള ഭീഷണികളാണ് നേരിടുന്നത്. ഇതേതുടര്‍ന്ന് പെര്‍ത്തിനു സമീപമുള്ള റോക്കിംഗ്ഹാമിലെ വസതിയില്‍നിന്നു താമസം മാറ്റാനും മാര്‍ക് മക്ഗോവന്‍ ആലോചിച്ചിരുന്നു.
കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതുടര്‍ന്ന് ജീവനക്കാര്‍ക്കെതിരേ ഭീഷണി ഉയര്‍ന്നതോടെ റോക്കിംഗ്ഹാമിലെ മക്‌ഗോവന്റെ ഇലക്ട്രേറ്റ് ഓഫീസ് നേരത്തെ അടച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.