കാന്‍ബറ:ലോകത്തിലെ 7,000 അംഗീകൃത ഭാഷകളില്‍ 1,500 എണ്ണം 'വംശനാശ'ഭീഷണിയിലാണെന്നും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അവ ഇല്ലാതാകുമെന്നും ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയുടെ പഠന നിഗമനം. 'നേച്ചര്‍ എക്കോളജി ആന്റ് ഇവല്യൂഷന്‍ ജേണലി'ല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.ഇപ്പോഴത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രീതികള്‍ ഭാഷ ഇല്ലാതാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നൂറ്റാണ്ടിന്റെ അവസാനത്തോടെ 1500 ഓളം ഭാഷകള്‍ ആരും സംസാരിക്കാതാകുമെന്ന് പഠനത്തില്‍ പറയുന്നു. ലോകത്തില്‍ അംഗീകരിക്കപ്പെട്ട 7000 ത്തോളം ഭാഷകളില്‍ പകുതിയോളം ഭാഷകളും വംശനാശ ഭീഷണിയിലേക്കു നീങ്ങിയെന്ന അഭിപ്രായമാണ് പഠനത്തില്‍ പങ്കാളിയായ പ്രൊഫ.ലിന്‍ഡെല്‍ ബ്രോംഹാമിനുള്ളത്.
.
' ഭാഷകളുടെ മരണം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ഭാഷാ നഷ്ടം മൂന്നിരട്ടി വേഗത്തിലാകും ഈ നൂറ്റാണ്ട് അവസാനത്തോടെ ഇപ്പോഴുള്ള 1500 ഭാഷകള്‍ സംസാരിക്കാന്‍ ആരുമില്ലാതാകും' ലിന്‍ഡെല്‍ പറയുന്നു. ഭാഷ ഇല്ലാതാകാന്‍ കാരണമായ ഘടകങ്ങളെ കുറിച്ചും ജേണലില്‍ വിശദീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രീതികള്‍ ഭാഷ ഇല്ലാതാകാനുള്ള കാരണമാകുന്നുണ്ട്. പ്രാദേശിക ഭാഷകള്‍ നിര്‍ബന്ധമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും, ദ്വിഭാഷ പഠനസമ്പ്രദായം പിന്തുണയ്ക്കുന്ന രീതി പ്രോത്സാഹിപ്പിക്കണമെന്നും പഠനം പറയുന്നു.
ഭാഷ ഇല്ലാതാകാന്‍ കാരണമായേക്കുന്ന 51 ഓളം കാരണങ്ങളാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭാഷാ വംശനാശത്തിന് രസകരമായ കാരണങ്ങളും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. വലിയ ഭാഷ ചെറിയ ഭാഷയെ വിഴുങ്ങുന്നു. കൂടുതല്‍ ശക്തമായ ഭാഷയ്ക്ക് ദുര്‍ബലമായ ഭാഷയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും.ലോകമെമ്പാടുമുള്ള കൂടുതല്‍ വിദൂര പ്രദേശങ്ങളിലേക്ക് നഗരങ്ങളെ റോഡുകള്‍ കൂടുതലായി ബന്ധിപ്പിക്കുന്നതിനാല്‍, തദ്ദേശീയ ഭാഷകള്‍ ഇംഗ്ലീഷ് പോലുള്ള കൂടുതല്‍ പ്രബലമായ എതിരാളികളാല്‍ കീഴടക്കപ്പെടുന്നു.ദ്വിഭാഷാ വിദ്യാഭ്യാസം അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
ഭാഷാ നഷ്ടത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയയെന്നും വിദഗ്ധര്‍ പറഞ്ഞു. യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന് മുമ്പ്, ഓസ്ട്രേലിയയില്‍ 250-ലധികം ഫസ്റ്റ് നേഷന്‍സ് ഭാഷകള്‍ സംസാരിച്ചിരുന്നു. ഇന്ന് 40 മാത്രമാണുള്ളത്. ഇതില്‍ ഒരു ഡസന്‍ മാത്രമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
'കോളനിവല്‍ക്കരണത്തിലൂടെയും ആഗോളവല്‍ക്കരണത്തിലൂടെയും ഈ ഭാഷകള്‍ ദുര്‍ബലമായി' പഠനത്തിന്റെ സഹ രചയിതാക്കളില്‍ ഒരാളായ ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. ഫെലിസിറ്റി മീക്കിന്‍സ് പറഞ്ഞു. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളിലും ക്രൂരമായ കൊളോണിയല്‍ നയങ്ങളുടെ ഫലമായി ഭാഷകള്‍ നിശബ്ദമായി. ഭാഷകളെ അടിച്ചമര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത ഭരണവുമുണ്ടായി. ഓസ്ട്രേലിയയില്‍ ആളുകള്‍ അവരുടെ ഭാഷ സംസാരിച്ചതിന് ശിക്ഷിക്കപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.