കൊച്ചി: ബംഗളൂരു സ്വദേശി സൂരജ് ലാമയെ (58) കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. നെടുമ്പാശേരി പൊലീസാണ് വിവരങ്ങള്‍ നല്‍കാനുള്ള ഫോണ്‍ നമ്പറുകള്‍ അടക്കം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ടതായിരുന്നു സൂരജ് ലാമയെ. 
ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ ഡിവൈഎസ്പി ടി.ആര്‍ രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സന്ദന്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി സ്‌നേഹലത എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നത്. 
കുവൈറ്റില്‍ നിന്ന് ഈ മാസം അഞ്ചിന് നെടുമ്പാശേരി വിമാനത്താവത്തില്‍ വന്നിറങ്ങിയ ലാമയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബത്തെ പോലും അറിയിക്കാതെയാണ് പിതാവിനെ പരിചയക്കാര്‍ പോലുമില്ലാത്ത കൊച്ചിയിലേക്ക് കയറ്റി വിട്ടതെന്ന് മകന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പിതാവിനെ കാണാനില്ലെന്ന് മനസിലാക്കി മകന്‍ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തി അന്വേഷിക്കുകയും പലയിടത്തും വച്ച് കണ്ടതായ വിവരങ്ങള്‍ ശേഖരിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പൊലീസിന് ലാമയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സന്ദന്‍ ലാമ ഹൈക്കോടതിയെ സമീപിച്ചത്.
ഓഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യ ദുരന്തത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചിരുന്നു. ആശുപത്രിയിലായവരില്‍ കുവൈറ്റില്‍ ബിസിനസ് ചെയ്തിരുന്ന സൂരജ് ലാമയും ഉള്‍പ്പെട്ടിരുന്നു. ഓര്‍മ പൂര്‍ണമായി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ലാമ. കാണാതാകുമ്പോള്‍ കറുത്ത കളറിലുള്ള ടീഷര്‍ട്ടും നീല കളര്‍ ജേഴ്‌സിയുമാണ് ധരിച്ചിരുന്നത്. 
കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം ആലുവ മെട്രോ സ്റ്റേഷനിലും കളമശേരി, തൃക്കാക്കര ഭാഗങ്ങളിലും അലഞ്ഞ് നടന്ന സൂരജ് ലാമയെ എട്ടിന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. ലാമയുടെ ദൃശ്യങ്ങള്‍ പത്തിന് ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ലാമ കൊച്ചിയിലുണ്ടെന്ന് അറിഞ്ഞ് വീട്ടുകാര്‍ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഭാര്യ നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന്‍ സന്ദന്‍ ലാമ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു. 
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലാണ് ലാമയെ ഇന്ത്യയിലേക്ക് അയച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാലോ മറ്റ് കാരണങ്ങളാലോ ആയിരിക്കാം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ അയച്ചത്. എന്നാല്‍ എംബസിയില്‍ നിന്നുള്ള മുഴുവന്‍ വിവരങ്ങളും വേണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 
സൂരജ് ലാമയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990077, 9497987128 (നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍) എന്ന നമ്പറുകളില്‍ അറിയിക്കണം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.