ആര്‍ബിഐയുടെ രഹസ്യ ദൗത്യം: ഇന്ത്യയുടെ സ്വത്ത് ഇന്ത്യയില്‍ തന്നെ സൂക്ഷിക്കും; 64 ടണ്‍ സ്വര്‍ണം കൂടി വിദേശത്ത് നിന്നെത്തിച്ചു

ആര്‍ബിഐയുടെ രഹസ്യ ദൗത്യം: ഇന്ത്യയുടെ സ്വത്ത് ഇന്ത്യയില്‍ തന്നെ സൂക്ഷിക്കും; 64 ടണ്‍ സ്വര്‍ണം കൂടി വിദേശത്ത് നിന്നെത്തിച്ചു

മുംബൈ: കരുതല്‍ ശേഖരത്തില്‍ ഉള്ള കൂടുതല്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിച്ച് റിസര്‍വ് ബാങ്ക്. 64 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അതീവ രഹസ്യമായിട്ടായിരുന്നു റിസര്‍വ് ബാങ്കിന്റെ നീക്കം. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നു.

ഒരു കാലത്ത് സ്വര്‍ണം പണയം വച്ചിരുന്ന രാജ്യമായിരുന്നുവെങ്കില്‍ ഇന്ന് ടണ്‍ കണക്കിന് സ്വര്‍ണം കരുതല്‍ ശേഖരമായി കൈവശമുള്ള രാഷ്ട്രമായി മാറിയിരിക്കുകയാണ് ഇന്ത്യ. 880.8 ടണ്‍ സ്വര്‍ണമാണ് കരുതല്‍ ശേഖരമായി നിലവില്‍ കൈവശമുള്ളത്. മുന്‍പ് ഇതില്‍ സിംഹഭാഗവും യു.കെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലുമാണ് സൂക്ഷിച്ചിരുന്നത്.

2023 ലാണ് സ്വര്‍ണ ശേഖരം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചത്. ഭൗമരാഷ്ട്ര അനിശ്ചിതത്വങ്ങള്‍ വര്‍ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്ത്യയുടെ സ്വത്ത് ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുകയായിരുന്നു. 2023 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ 274 ടണ്‍ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. നിലവില്‍ 575.8 ടണ്‍ ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡും വിദേശ കരുതല്‍ ശേഖര മാനേജ്മെന്റ് ടീമും ധനകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഇന്ത്യന്‍ സുരക്ഷ സേനകള്‍, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ അതീവ രഹസ്യമായാണ് ദൗത്യം. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിക്കുന്ന സ്വര്‍ണം മുംബൈയിലും നാഗ്പൂരിലെ സെന്‍ട്രല്‍ വാലറ്റിലുമായാണ് സൂക്ഷിക്കുന്നത്.

സെപ്റ്റംബറില്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് ഏകദേശം 13.92 ശതമാനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിസര്‍വ് ബാങ്ക് സ്വര്‍ണ ശേഖരം പതുക്കെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.