തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന പാലനം ഉറപ്പു വരുത്താന്‍ അവധിയില്‍ പോയിരിക്കുന്ന പൊലീസുകാരോട് ഉടന്‍ തന്നെ ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. സംസ്ഥാനത്ത് മൂന്ന് ദിവസത്തേയ്ക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണവും ഏര്‍പ്പെടുത്തി.
ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായാണ് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉണ്ടാവുകയും അത് ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. പൊതുസമ്മേളനങ്ങള്‍ക്കും മറ്റുമായി അനുമതി തേടി പൊലീസിനെയാണ് സമീപിക്കേണ്ടത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
അവധിയിലുള്ള പൊലീസുകാര്‍ ഉടന്‍ ഡ്യൂട്ടിയില്‍ തിരിച്ചെത്തണം. എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസില്‍ ഉണ്ടായിരിക്കണം. നിരീക്ഷണം ശക്തമാക്കണം. ക്രിമിനലുകളെ പ്രത്യേകം ശ്രദ്ധിക്കണം. വാഹനപരിശോധനയും അതിര്‍ത്തിയിലെ പരിശോധനയും കര്‍ശനമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.