നൈജറിലെ ഐ.എസ് ഭീകര സംഘ നേതാവിനെ ഫ്രഞ്ച് സായുധ സേന വ്യോമാക്രമണത്തില്‍ വധിച്ചു

 നൈജറിലെ ഐ.എസ് ഭീകര സംഘ നേതാവിനെ ഫ്രഞ്ച് സായുധ സേന വ്യോമാക്രമണത്തില്‍ വധിച്ചു


പാരിസ്:പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജറിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് നേതാവും അവിടത്തെ ഫ്രഞ്ച് സഹായ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയുമായ സൗമന ബൗറയെ ഫ്രഞ്ച് സായുധ സേന വധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ നൈജറിലെ തില്ലബെറിക്ക് വടക്ക് 'ഓപ്പറേഷന്‍ ബര്‍ഖാനെ' ഭീകരവിരുദ്ധ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ബൗറ കൊല്ലപ്പെട്ടത്.

2020 ഓഗസ്റ്റില്‍ 25 നും 31 നും ഇടയില്‍ പ്രായമുള്ള ആറ് സഹായ പ്രവര്‍ത്തകരെയും അവരുടെ രണ്ട് പ്രാദേശിക ഗൈഡുകളെയും പ്രകൃതി സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ഐഎസ് ഗ്രൂപ്പ് തീവ്രവാദി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ജിഹാദിസ്റ്റ് സംഘം ഏറ്റെടുത്തിരുന്നു.

ഓഗസ്റ്റിലെ ആക്രമണ വേളയില്‍ എട്ട് ഇരകളുടെ വധശിക്ഷ ബൗറ ചിത്രീകരിച്ചതായും ദൃശ്യങ്ങളുടെ പ്രസിദ്ധീകരണത്തിന് മേല്‍നോട്ടം വഹിച്ചതായും ഫ്രഞ്ച് സൈന്യത്തിന്റെ സ്റ്റാഫ് വക്താവ് കേണല്‍ പാസ്‌കല്‍ ഇയാനി എഎഫ്പിയോട് പറഞ്ഞു. അക്രമികള്‍ സംഘത്തിലുണ്ടായിരുന്ന യുവതിയുടെ കഴുത്തറുക്കുകയും മറ്റുള്ളവരെ വെടിവച്ചു കൊല്ലുകയും ജീപ്പിന് തീകൊളുത്തുകയും ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അന്ന് പറഞ്ഞത് ഈ കൊലപാതകങ്ങള്‍ പ്രത്യക്ഷത്തില്‍ ഭീകരാക്രമണമാണെന്നാണ്. പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മു്‌നനറിയിപ്പും നല്‍കി.

ഐഎസ് ഗ്രൂപ്പിന്റെ ഗ്രേറ്റര്‍ സഹാറ ബ്രാഞ്ച് (ഐഎസ്ജിഎസ്) തലവനും ഫ്രഞ്ച് സഹായ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അദ്‌നാന്‍ അബൂ വാലിദ് അല്‍-സഹ്റാവിയെ കൊലപ്പെടുത്തിയതായി ഫ്രഞ്ച് സൈന്യം പ്രഖ്യാപിച്ച് നാല് മാസത്തിന് ശേഷമാണ് ബൗറയുടെ ജീവനെടുത്തത്. ഓഗസ്റ്റിലെ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 11 പേരെ നൈജറില്‍ അടുത്ത മാസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു.

ബൗറയെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം 'ഐഎസ്ജിഎസിന്റെ വിപുലീകരണത്തിനെതിരെ പോരാടാനും മാലി, നൈജര്‍, ബുര്‍ക്കിന ഫാസോ എന്നിവയ്ക്കിടയിലുള്ള മൂന്ന് അതിര്‍ത്തി പ്രദേശത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം ശക്തമാക്കാനും' സഹായിച്ചതായി ഫ്രഞ്ച് സൈന്യം അറിയിച്ചു.

സഹേല്‍ മേഖലയിലെ ഒമ്പത് വര്‍ഷത്തെ സൈനിക സാന്നിദ്ധ്യത്തിന് ശേഷം, ഫ്രാന്‍സ് അതിന്റെ ബാര്‍ഖേന്‍ സേനയെ പുനഃസംഘടിപ്പിക്കാന്‍ തുടങ്ങി.വടക്കന്‍ മാലി താവളങ്ങളായ ടെസ്സാലിറ്റ്, കിഡാല്‍, ടിംബക്റ്റു എന്നിവ ഉപേക്ഷിച്ച് ഗാവോ, മേനക, നിയാമി എന്നിവിടങ്ങളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സൈന്യം. ഈ മേഖലയില്‍ നിലവിലുള്ള 5,000 ത്തോളം വരുന്ന ഫ്രഞ്ച് സൈനികരെ 2023 ഓടെ പകുതിയായി കുറയ്ക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.