ന്യൂയോര്‍ക്ക്: വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലിന്റെ ദിവസമായ വിന്റര്‍ സോള്‍സ്റ്റിസ് (Winter Solstice) ഇന്ന്, ഡിസംബര്‍ 21-ന്. രാത്രിയുടെ വലിയ മേധാവിത്വം ഇന്നത്തെ പ്രത്യേകതയാണെന്നു പറയാം.
ലാറ്റിന്‍ ഭാഷയിലെ 'സോള്‍സ്റ്റീഷ്യം' എന്ന വാക്കില്‍ നിന്നാണ് സോള്‍സ്റ്റിസ് വരുന്നത്. 'സൂര്യന്‍ അനങ്ങാതെ നില്‍ക്കുന്നു' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. എല്ലാ വര്‍ഷത്തേയും സോള്‍സ്റ്റിസിന്റെ സമയത്തില്‍ ഏതാനും മണിക്കൂറുകളുടെ വരെ വ്യത്യാസമുണ്ടാകും. മിഡ് വിന്റര്‍ എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം വര്‍ഷത്തില്‍ രണ്ടു തവണ സംഭവിക്കും. ഉത്തര അര്‍ദ്ധ ഗോളത്തില്‍ ഡിസംബറിലും ദക്ഷിണ അര്‍ദ്ധ ഗോളത്തില്‍ ജൂണിലുമാണ് സോള്‍സ്റ്റിസ് സംഭവിക്കുക.
ഡിസംബറില്‍ ഭൂമിയുടെ ഉത്തര ധ്രുവം സൂര്യനില്‍ നിന്നും പുറം തിരിയും.ഇത് ദക്ഷിണ അര്‍ദ്ധ ഗോളത്തില്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതിന് കാരണമാകും. ഇത്തവണ ഭൂമിയുടെ ഉത്തര ധ്രുവം സൂര്യനില്‍ നിന്ന് ഏറ്റവും അകലുന്ന നിമിഷം ഉത്തര ധ്രുവത്തില്‍ രാത്രി 9.28 നായിരിക്കും. ഈ മുഹൂര്‍ത്തം വടക്കന്‍ അര്‍ദ്ധ ഗോളത്തില്‍ ശീതകാലത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു, അതേസമയം തെക്കന്‍ അര്‍ദ്ധഗോളത്തില്‍, വേനല്‍ക്കാലത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു. ഗൂഗിള്‍ ഡൂഡില്‍ ഈ വര്‍ഷം കുരുത്തോലകളണിഞ്ഞ് മഞ്ഞില്‍ നടക്കുന്ന ഒരു മുള്ളന്‍പന്നിയുടെ പ്രത്യേക ആനിമേഷനിലൂടെ വിന്റര്‍ സോള്‍സ്റ്റിസിന്റെ വരവ് ഓര്‍മ്മിപ്പിച്ചിരുന്നു.
കഴിഞ്ഞ ആറ് മാസമായി, വടക്കന്‍ അര്‍ദ്ധഗോളത്തില്‍ പകലുകള്‍ കുറയുകയും രാത്രികള്‍ വര്‍ദ്ധിക്കുകയും ചെയ്തു പോന്നു. ഇനിയുള്ള ആറു മാസം അതിന്റെ 'റിവേഴ്‌സ്' അരങ്ങേറും.
വടക്കന്‍ അര്‍ദ്ധഗോളത്തില്‍, സൂര്യന്‍ അതിന്റെ ഏറ്റവും തെക്ക് സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നതിനാല്‍ വര്‍ഷത്തിലെ ഏറ്റവും ചെറിയ ദിവസമായി വരുന്നു വിന്റര്‍ സോള്‍സ്റ്റിസ് വേളയില്‍. അതേസമയം, ദക്ഷിണാര്‍ദ്ധഗോളത്തില്‍ സ്ഥിതി നേരെ തിരിച്ചാണ്. അവിടെ, ഡിസംബറിലെ ഈ ദിനം വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമാണ്. ഓസ്ട്രേലിയ, ചിലി, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ വേനല്‍ക്കാലത്തിന്റെ തുടക്കവും.
കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈം (UTC) പ്രകാരം ചൊവ്വാഴ്ച 15:59 ന് ആയിരിക്കും വിന്റര്‍ സോള്‍സ്റ്റിസ് എന്ന നേരത്തെ കണ്ടെത്തിയിരുന്നു; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം ആറ് മണിക്കൂര്‍ വൈകി. സമയമേഖലാ വ്യത്യാസങ്ങള്‍ കാരണം, കിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങളില്‍ ബുധനാഴ്ചയാകാം ഈ മുഹൂര്‍ത്തം.
സോള്‍, ദക്ഷിണ കൊറിയ : 12.59 എ.എം ബുധനാഴ്ച ; ബാങ്കോക്ക്, തായ്‌ലന്‍ഡ് : 11.49 പി.എം. ചൊവ്വാഴ്ച; ഖത്തര്‍: 6.59 പി.എം. ചൊവ്വാഴ്ച; മിലാന്‍, ഇറ്റലി: 4:59 പി.എം. ചൊവ്വാഴ്ച;ഒര്‍ലാന്‍ഡോ, ഫ്‌ളോറിഡ: ചൊവ്വാഴ്ച രാവിലെ 10:59 ; കാല്‍ഗറി, കാനഡ: ചൊവ്വാഴ്ച രാവിലെ 8:59; ഹോണോലുലു: ചൊവ്വാഴ്ച രാവിലെ 5:59 എന്നിങ്ങനെയാകും വിന്റര്‍ സോള്‍സ്റ്റിസ് അരങ്ങേറുക.earthsky.com, Timeanddate.com, Timezoneconverter.com , WorldTimeServer.com തുടങ്ങി വിവിധ വെബ്സൈറ്റുകള്‍ ഓരോ സ്ഥലത്തെയും കൃത്യസമയം പറഞ്ഞുതരും.
ഡിസംബര്‍ 21-ന് നിങ്ങള്‍ ഉത്തരധ്രുവത്തോട് അടുക്കുന്തോറും പകല്‍ വെളിച്ചം ഗണ്യമായി കുറയുന്നു. ഭൂമധ്യരേഖയ്ക്ക് വടക്ക് 137 കിലോമീറ്റര്‍ അല്ലെങ്കില്‍ അകലെയുള്ള സിംഗപ്പൂരിലെ ആളുകള്‍ക്ക്, വേനല്‍ സോള്‍സ്റ്റിസില്‍ ഉള്ളതിനേക്കാള്‍ ഒമ്പത് മിനിറ്റ് കുറവ് പകല്‍ വെളിച്ചമേ ഈ വേളയിലുണ്ടാകൂ.വ്യത്യാസം ശ്രദ്ധേയമാകില്ല.
അക്ഷാംശത്തില്‍ വളരെ ഉയര്‍ന്ന സ്‌പെയിനിലെ മാഡ്രിഡിലാകട്ടെ, വിന്റര്‍ സോള്‍സ്റ്റിസില്‍ ഒമ്പത് മണിക്കൂറും 17 മിനിറ്റും മാത്രമേ പകല്‍ വെളിച്ചം രേഖപ്പെടുത്തൂ. ഫിന്‍ലന്‍ഡിലെ തണുത്തുറഞ്ഞ ഹെല്‍സിങ്കിയില്‍ വ്യത്യാസം കൂടുതല്‍ പ്രകടമാകും. അവിടെ സൂര്യന്‍ രാവിലെ 9:23 ന് ഉദിക്കുകയും ഉച്ചയ്ക്കു ശേഷം 3:12 ന് അസ്തമിക്കുകയും ചെയ്യും. പകല്‍ ആറ് മണിക്കൂറില്‍ താഴെ. ജൂണിലെ വേനല്‍ സോള്‍സ്റ്റിസില്‍ ലഭിക്കുന്നതിനേക്കാള്‍ 13 മണിക്കൂറും ഏഴ് മിനിറ്റും പകല്‍ വെളിച്ചം കുറവ്്.
അലാസ്‌കയിലെ നോമില്‍ ചൊവ്വാഴ്ച വെറും മൂന്ന് മണിക്കൂറും 54 മിനിറ്റും 31 സെക്കന്‍ഡും വളരെ ദുര്‍ബലമായേ സൂര്യവെളിച്ചം ഉണ്ടാകൂ. എന്നാല്‍ അലാസ്‌കയിലെ പ്രൂഡോ ബേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് തികച്ചും ഉദാരമാണ്. ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലാകയാല്‍ സൂര്യന്റെ ഒരു കിരണവും കാണില്ല.
ഋതു സംക്രമണ വേള
ഭൂമി അതിന്റെ ഭ്രമണ അക്ഷത്തില്‍ ചരിഞ്ഞിരിക്കുന്നതിനാല്‍, ഋതുക്കള്‍ അനുഭവപ്പെടുന്നു. ഗ്രഹം സൂര്യനു ചുറ്റും സഞ്ചരിക്കവേ, ഓരോ അര്‍ദ്ധ ഗോളവും സൂര്യനില്‍ നിന്ന് അകന്നുപോകുമ്പോള്‍ ശൈത്യകാലവും സൂര്യനിലേക്ക് ചായുമ്പോള്‍ വേനല്‍ക്കാലവും അനുഭവപ്പെടുന്നു.
എന്തുകൊണ്ടാണ് ഭൂമി ചരിഞ്ഞിരിക്കുന്നതെന്ന ചോദ്യത്തിന് ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണ്ണമായ ഉത്തരമില്ല. എന്നാല്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സൗരയൂഥം രൂപപ്പെടുമ്പോള്‍, ഭൂമി 'അക്രമാസക്ത'മായ കൂട്ടിയിടികള്‍ക്ക് വിധേയമായപ്പോള്‍ അച്ചുതണ്ടിന് ചരിവുണ്ടായെന്ന അനുമാനമാണുള്ളത്.
പുരാതന ജനത, ഈ ശൈത്യകാലത്തിന്റെ ആദ്യ ദിനം വിപുലമായ ചടങ്ങുകളോടും ആഘോഷങ്ങളോടും കൂടി അടയാളപ്പെടുത്തിയിരുന്നു. ആത്മീയമായി, ഈ ആഘോഷങ്ങള്‍ മോശം ശീലങ്ങളും നിഷേധാത്മക വികാരങ്ങളും പുറന്തള്ളുന്ന നവീകരണ പ്രതീകവുമായി. ദിവസങ്ങള്‍ വീണ്ടും വളരാന്‍ തുടങ്ങുന്നതിന്റെയും ഇരുട്ടകലുന്നതിന്റെയും പ്രതീക്ഷാ വേള.
വിന്റര്‍ സോള്‍സ്റ്റിസിന്റെ പല പുരാതന ചിഹ്നങ്ങളും ചടങ്ങുകളും ഇന്നും നിലനില്‍ക്കുന്നു അല്ലെങ്കില്‍ പുതിയ പാരമ്പര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ ചിലത് ഇതാ:
'അല്‍ബാന്‍ അര്‍ത്താന്‍'
വെല്‍ഷ് ഭാഷയില്‍, 'അല്‍ബാന്‍ അര്‍ത്താന്‍' എന്നാല്‍ 'ശീതകാലത്തിന്റെ വെളിച്ചം' എന്നാണ് അര്‍ത്ഥം. ഇത് മനുഷ്യരാശിയുടെ ഏറ്റവും പഴയ സീസണല്‍ ഉത്സവമായിരിക്കാമെന്നു പറയപ്പെടുന്നു. ഡ്രൂയിഡിക് പാരമ്പര്യങ്ങളുടെ ഭാഗമായി, ഇത് മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും സമയമായി കണക്കാക്കപ്പെടുന്നു. ബിസി 3200-ല്‍ അയര്‍ലണ്ടില്‍ നിര്‍മ്മിച്ച ചരിത്രാതീത സ്മാരകമായ ന്യൂഗ്രേഞ്ച് അല്‍ബന്‍ അര്‍ത്താന്‍ ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പുരാതന റോമില്‍, ഡിസംബര്‍ 17 ന് ആരംഭിക്കുന്ന സാറ്റേണലിയ ഏഴു ദിവസം നീണ്ടുനിന്നിരുന്നു. റോമന്‍ കൃഷിയുടെ ദേവനായ സാറ്റേണിനെ (ശനി) ആദരിക്കുന്ന ഉല്‍സവമായിരുന്നു ഇത്. ആധുനിക മാര്‍ഡി ഗ്രാസ് മേളകളുമായി സാമ്യമുള്ള കാര്‍ണിവല്‍ പോലുള്ള ആഘോഷങ്ങള്‍ ആളുകള്‍ ആസ്വദിച്ചു.ഇക്കാലത്ത് അവരുടെ യുദ്ധം പോലും മരവിപ്പിച്ചു. എ.ഡി. മൂന്നും നാലും നൂറ്റാണ്ടുകളില്‍ സാറ്റേണലിയ തുടര്‍ന്നു.
റോമന്‍ സാമ്രാജ്യം ക്രിസ്ത്യന്‍ സ്വാധീനത്തിനും ഒടുവില്‍ ഭരണത്തിനും കീഴിലായതോടെ ഈ ഉത്സവ ആചാരങ്ങള്‍ ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളില്‍ ലയിച്ചു.
പുരാതന യൂറോപ്യന്മാര്‍ മാത്രമല്ല ഈ വേള ആഘോഷിച്ചത്. ഡോങ്സി വിന്റര്‍ സോള്‍സ്റ്റിസ് ഫെസ്റ്റിവലിന്റെ വേരുകള്‍ പുരാതന ചൈനീസ് സംസ്‌കാരത്തിലുണ്ട്. ഡോങ്സിയെ ഏകദേശം ' കടുത്ത ശീതകാലം' എന്നാണ് വിവര്‍ത്തനം ചെയ്യുന്നത്.
കോവിഡ് കാലത്ത്
ലോകമെമ്പാടുമായി പല സ്ഥലങ്ങളിലും പരമ്പരാഗതമായി വിന്റര്‍ സോള്‍സ്റ്റിസിനെ ബഹുമാനിക്കുന്ന ഉത്സവങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് ഇത് അപ്രസക്തമായി മാറുന്നു.
യുകെയിലെ ഏറ്റവും പ്രശസ്തമായ വിന്റര്‍ സോള്‍സ്റ്റിസ് ആഘോഷ വേദിയാണ് സ്റ്റോണ്‍ഹെഞ്ച്. 2020-ല്‍ ഇവിടെ വ്യക്തിഗത സൂര്യോദയ ഒത്തുചേരല്‍ റദ്ദാക്കിയെങ്കിലും ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്.എങ്കിലും കോവിഡ് വേരിയന്റ് അതിവേഗം വ്യാപിക്കുന്നത് തുടരുന്നതിനാല്‍ ഏറ്റവും പുതിയ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരാമെന്ന് ഇംഗ്ലീഷ് ഹെറിറ്റേജ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കുന്നു. മാസ്‌ക് ഇവിടെ നിര്‍ബന്ധമാണ്, കര്‍ശന പരിശോധന ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
കാനഡയില്‍, വാന്‍കൂവറിലെ വിന്റര്‍ സോള്‍സ്റ്റിസ് ലാന്റേണ്‍ ഫെസ്റ്റിവല്‍ ലോകമെമ്പാടുമുള്ള സോളിസ്റ്റിസ് പാരമ്പര്യങ്ങളുടെ മിന്നുന്ന ആഘോഷമാണ്. പരമ്പരാഗതമായി, സംഗീതം, നൃത്തം, ഭക്ഷണം, അതിമനോഹരമായ ദീപാലംകൃത ഘോഷയാത്ര എന്നിവയുടെ വിപുലമായ ഒരു ശ്രേണി സീക്രട്ട് ലാന്റേണ്‍ സൊസൈറ്റി സംഘടിപ്പിക്കുന്നു. 2020-ല്‍ നാമമാത്രമായിരുന്നു ആഘോഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.